മുഖ്യമന്ത്രി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

Posted on: January 17, 2017 4:25 pm | Last updated: January 17, 2017 at 11:55 pm

കൊച്ചി: ക്രൈസ്തവ മാനെജ്‌മെന്റുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന നടത്തിയതായി വിശ്വസിക്കുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തടയാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. അതില്‍ സഭയ്ക്ക് പ്രത്യേകമായി ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും കോളജ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വിലക്കണം. ക്രൈസ്തവ മാനെജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതായി വിശ്വസിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കുളള സ്ഥാനം സര്‍ക്കാരിന് നിഷേധിക്കാനാവില്ലെന്നും ആലഞ്ചേരി വ്യക്തമാക്കി.

കോഴിക്കോട് ദേവഗിരി കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.