Connect with us

Gulf

ശൈഖ് സായിദ് പൈതൃകോത്സവം 21ന് സമാപിക്കും

Published

|

Last Updated

നഗരിയിലെ പരമ്പരാഗത നൃത്തം

അബുദാബി: യു എ ഇ യുടെ ചരിത്രവും പൗരാണികതയും പൈതൃകവും വിവരിക്കുന്ന ശൈഖ് സായിദ് പൈതൃകോത്സവം ഈ മാസം 21ന് സമാപിക്കും. അബുദാബി ടൂറിസം കള്‍ചറല്‍ വകുപ്പ് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ഥം നടത്തപ്പെടുന്ന പൈതൃകോത്സവം ഡിസംബര്‍ 12നായിരുന്നു അവസാനിക്കേണ്ടിയിരുന്നതെങ്കിലും ജനത്തിരക്കേറിയത് കൊണ്ട് രണ്ടാഴ്ചത്തേക്ക് ദീര്‍ഘിപ്പിക്കുകയായിരുന്നു. ബനിയാസ് അല്‍ വത്ബയിലാണ് പൈതൃകോത്സവം നടക്കുന്നത്.

പരമ്പരാഗത നൃത്തവും സംഗീതവും നിത്യേന വൈകുന്നേരങ്ങളില്‍ അരങ്ങേറുന്നു. സൗജന്യമായി ലഭിക്കുന്ന പാനീയങ്ങളും അറേബ്യന്‍ കഅ്‌വ, ഈത്തപ്പഴ ഹല്‍വ തുടങ്ങിയവയും രുചിച്ചുകൊണ്ട് പ്രദര്‍ശന നഗരിയില്‍ ചുറ്റിക്കറങ്ങാം. വാരാന്ത്യങ്ങളില്‍ വര്‍ണങ്ങള്‍ വിരിയിച്ചുകൊണ്ടുള്ള കരിമരുന്ന് പ്രയോഗവും അരങ്ങേറുന്നുണ്ട്. ഒട്ടകങ്ങളുടെയും കുതിരകളുടെയും അറേബ്യന്‍ സലൂക്കികളുടെയും പ്രദര്‍ശനവും നഹ്‌യാന്‍ രാജകുടുംബത്തിന്റെ കുതിരകളുമെല്ലാം മേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവയാണ്.

സഊദി അറേബ്യ, ജോര്‍ജിയ, ബെലാറസ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ മേള സന്ദര്‍ശിച്ചിരുന്നു. ഇവര്‍ മേളയിലെ പ്രധാന പവലിയനുകള്‍ സന്ദര്‍ശിച്ചതായി പ്രദര്‍ശനത്തിന്റെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഹുമൈദ് അല്‍ നെയാദി വ്യക്തമാക്കി.
പുതുതലമുറക്ക് യു എ ഇ യുടെ ചരിത്രവും പൗരാണികതയും പൈതൃക്യവും പകര്‍ന്നു നല്‍കുന്നതിനാണ് പൈതൃകോത്സവം. യുണിയന്‍ മാര്‍ച്ച്, ദേശീയ ദിനാഘോഷ പരിപാടികള്‍, പരമ്പരാഗത പാചകം, ഈത്തപ്പഴ പ്രദര്‍ശനവും വില്‍പനയും, ക്ലാസിക്കല്‍ കാര്‍ പ്രദര്‍ശനം, ഒട്ടക പ്രദര്‍ശനവും മത്സരവും, പരമ്പരാഗത വാസ്തു ശില്‍പങ്ങള്‍, ഫാല്‍കണ്‍ പ്രദര്‍ശനം, മരുഭൂമിയിലെ മരുപ്പച്ചയും പച്ചക്കറിത്തോട്ടങ്ങളും, കൃഷിയും കൃഷി രീതികളും, മണ്‍കല നിര്‍മാണങ്ങള്‍, കളിമണ്‍ ശില്‍പങ്ങള്‍, പരമ്പരാഗത വീടുകള്‍, അല്‍ ബിദ്‌യ മസ്ജിദ്, പഴയ ഖസ്‌റുല്‍ ഹുസ്ന്‍ പോലീസ് സ്റ്റേഷന്‍, സംഗീത ജലധാര, കരിമരുന്ന് പ്രയോഗം, ശൈഖ് സായിദിന്റെ ജീവിതത്തിലൂടെ ഒരു യാത്ര, കുട്ടികളുടെ ചിത്രരചനാ മത്സരം, കലാമത്സരങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍, ബോട്ടുകളുടെ നിര്‍മാണം തുടങ്ങിയവയാണ് പ്രധാനമായും നഗരിയില്‍ ഒരുക്കിയിട്ടുള്ളത്.
യു എ ഇയുടെ വിവിധ എമിറേറ്റുകളുടെ പവലിയനുകള്‍ക്ക് പുറമെ യമന്‍, ഒമാന്‍, കുവൈത്ത്, സഊദി, ഖത്വര്‍, ബഹ്‌റൈന്‍, സെര്‍ബിയ, അഫ്ഗാനിസ്ഥാന്‍, ചൈന, ബോസ്‌നിയ, ഹെര്‍സിഗോവിന, ഖസാക്കിസ്ഥാന്‍, ഇന്ത്യ, റഷ്യ, ഈജിപ്ത്, സുഡാന്‍, അള്‍ജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളുടെ പവലിയനുകളില്‍ അവിടങ്ങളിലെ പരമ്പരാഗതവും പൗരാണികവുമായ കലകളും കരകൗശല വസ്തുക്കളുടെ വില്‍പനയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ പരമ്പരാഗത പൈതൃകോത്സവമാണ് ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍.പൈതൃകോത്സവത്തിന് യു എ ഇ ക്ക് പുറമെ ഒമാന്‍, സഊദി ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരെത്തുന്നുണ്ട്.

 

Latest