ആദിവാസി കുടുബങ്ങള്‍ക്ക് വിലകൊടുത്ത് ഭൂമി വാങ്ങി നല്‍കി ജനപ്രതിനിധിയുടെ മാതൃക

Posted on: January 17, 2017 12:50 pm | Last updated: January 17, 2017 at 12:50 pm
SHARE

മാനന്തവാടി: മണ്ണിന്റെ മക്കള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി ലഭ്യമാക്കാനുളള ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികള്‍ ഫലംകാണാതെ പാതിവഴിയില്‍
നിലക്കുമ്പോള്‍ സ്വന്തം കൈയ്യിലെ പണം കൊടുത്ത് ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കി ജനപ്രതിനിധിയുടെ നല്ല മാതൃക. മാനന്തവാടി നഗരസഭയിലെ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യനാണ് 12 കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് സ്ഥലം വീതം നല്‍കിയത്.
കേവലം 20 സെന്റ് സ്ഥലത്ത് തിങ്ങിപ്പാര്‍ക്കുന്ന 40 കുടുംബങ്ങളാണ് ജേക്കബ് സെബാസ്റ്റ്യന്‍ പ്രതിനിധീകരിക്കുന്ന ഡിവിഷനിലെ കോതംപറ്റ ആദിവാസി കോളനിയില്‍ കഴിയുന്നത്. മുന്‍പ് മാനന്തവാടി പഞ്ചായത്ത് അംഗമായിരിക്കുമ്പോഴും ഇതേ വാര്‍ഡിനെയാണ് ജേക്കബ് പ്രതിനിധീകരിച്ചത്. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തി വീടും സ്ഥലവും ലഭ്യമാക്കാനുളള വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം

വിജയം കാണാത്തതിനെ തുടര്‍ന്നാണ് സ്വന്തം കീശയില്‍നിന്ന് നാല് ലക്ഷം രൂപ ചിലവഴിച്ച് കോളനിക്കാര്‍ ആഗ്രഹിച്ച 60 സെന്റ് സ്ഥലം വാങ്ങി നല്‍കിയത്. തേനീച്ചയുടെ അറപോലെ അടുത്തടുത്ത വീടുകളില്‍ കഴിയുന്ന കോതംപറ്റകോളനിക്കാര്‍ക്ക് മുറ്റവും ആവശ്യത്തിന് ശുചിമുറികളുമില്ല. ഇവര്‍ക്ക് നല്‍കാനായി സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലമാകട്ടെ ഒട്ടേറെ കിലോമീറ്ററുകള്‍ അകലെയും. ആശിക്കും ഭൂമി പദ്ധതിയില്‍ പെടുത്തി കോളനിയുടെ തൊട്ടടുത്തുതന്നെ അനുയോജ്യമായ ഭൂമി നല്‍കാന്‍ സ്വകാര്യ വ്യക്തിയും വാങ്ങാന്‍ ഇവിടുത്തെ കോളനിവാസികളും തയ്യാറായിരുന്നു. എന്നാല്‍ ഇല്ലാത്ത വന്യമൃഗശല്യത്തിന്റെ പേര് പറഞ്ഞ് ഈ സ്ഥലം വാങ്ങി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അനുവദിച്ച വീടുകളും നഷ്ടമാകുമെന്ന അവസ്ഥയിലാണ് കൗണ്‍സിലര്‍ തന്നെ സഹായവുമായെത്തിയത്. െ്രെടബല്‍ വകുപ്പ് ഇവിടെ 12 വീട് നിര്‍മിച്ച് നല്‍കും. ഇവിടേക്കുളള റോഡ് നഗരസഭ നിര്‍മിച്ച് നല്‍കും. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് പോക്കുവരവ് നടത്തി നികുതിയും അടച്ചതോടെ ഭൂമി സ്വന്തമായി ലഭിച്ച സന്തഷത്തിലാണ് കോളനി നിവാസികള്‍. സ്വന്തമായി ലഭിച്ച സ്വപ്‌ന ഭൂമിയില്‍ താല്‍ക്കാലിക വീടുകളുടെ നിര്‍മാണവും ആരംഭിച്ച് കഴിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here