ദൃശ്യാവിഷ്‌കാരമൊരുക്കി സ്വാഗതഗാനം

Posted on: January 17, 2017 6:56 am | Last updated: January 17, 2017 at 12:57 am
SHARE

കണ്ണൂര്‍:മധുവര്‍ഷമായ്…ശ്രുതിഗീതമായ്…ലയരാഗമായ്…അലകടലലകളിളകിയലിയുന്ന…തറിയുടെയും തിറകളുടെയും പെരുങ്കളിയാട്ടമാടുന്ന കണ്ണൂരിലേക്ക് കലാസ്വാദാകരെ സ്വാഗതം ചെയ്യുന്ന സ്വാഗതഗാനം കാണികളില്‍ ഓര്‍മച്ചിത്രമാക്കി. ഗാനാലാപനത്തോടൊപ്പം ദൃശ്യവിഷ്‌കാരമൊരുക്കിയ സ്വാഗതഗാനം കണ്ണൂര്‍ ജില്ലയിലെ 57 സംഗീതാധ്യാപകരാണ് പാടിയത്. കേരളീയ കലകളുടെ സമന്വയമായിരുന്നു വേദിയില്‍ കാണികളില്‍ ദൃശ്യവിരുന്നായത്. മെറൂണ്‍ നിറത്തിലുള്ള ഏകതാ വസ്ത്രണിഞ്ഞണിനിരന്ന ഗായകര്‍ ശ്രൂതിമീട്ടിയതോടെ സദസ്സ് സാകൂതം വീക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിമാരും എം പിമാരും, എം എല്‍ എമാരും ജനപ്രതിനിധികളും സ്വാഗതഗാനം കേള്‍ക്കാന്‍ വേദിയുടെ മുന്‍നിരയിലുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കഥകളി, മോഹനിയാട്ടം, സംഘനൃത്തം, പൂരക്കളി, ഒപ്പന, മാര്‍ഗംകളി, കളരിപ്പയറ്റ് തുടങ്ങിയവയുടെ രംഗാവിഷ്‌കാരമാണ് സദസ്സിന് ചാരുത പകര്‍ന്നത്. മലാണ്മയുടെ വെണ്‍മ പരത്തിയ വേദിയില്‍ സ്‌നേഹച്ചുവടുകളില്‍ അവര്‍ ഒന്നിച്ച് കൈവീശിയാണ് രംഗമൊഴിഞ്ഞത്. തറിയുടെ തിറയുടെ താളമേളവര്‍ഷം പെയ്യുന്ന മഴയായ്…കണ്ണിനും കണ്ണായ കണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്ന സ്വാഗതഗാനം ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ എസ് പ്രശാന്ത് കൃഷ്ണനാണ് രചിച്ചത്. പാതിരിയാട് രാജാസ് എച്ച് എസ് എസിലെ എം എം ദിലീപ് കുമാര്‍ ആണ് സംവിധാനം നിര്‍വഹിച്ചത്. നയന്‍താര മഹാദേവന്‍, വിനോദ്കുമാര്‍ എന്നിവരാണ് നൃത്താവിഷ്‌കാരം സംവിധാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here