Connect with us

Malappuram

ഐ എ എം ഇ സ്റ്റേറ്റ് ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

Published

|

Last Updated

ഐ എ എം ഇ ആര്‍ട്‌സ് ഫെസ്റ്റില്‍ ജേതാക്കളായ മലപ്പുറം സോണിന് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍
ട്രോഫി സമ്മാനിക്കുന്നു

പന്താവൂര്‍ : ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന് (ഐ എ എം ഇ) കീഴിലുള്ള കേരളത്തിലെ സ്‌കൂളുകള്‍ക്കായി നടത്തിയ സ്റ്റേറ്റ് ആര്‍ട്‌സ് ഫെസ്റ്റിന് പന്താവൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ക്യാമ്പസില്‍ പ്രൗഢോജ്ജ്വല പരിസമാപ്തി. കഴിഞ്ഞ രണ്ട് മാസക്കാലയളവിലായി അഞ്ച് സോണുകളില്‍ നടത്തപ്പെട്ട കലാമത്സരങ്ങളില്‍ നിന്ന് വിജയിച്ച 1520 മത്സരാര്‍ത്ഥികള്‍ 8 വിഭാഗങ്ങളില്‍ 161 ഇനങ്ങളിലായി 28 വേദികളില്‍ മത്സരിച്ചു. കേരളത്തിന്റെ വിദൂരദേശങ്ങളില്‍ നിന്ന് മത്സരിക്കാന്‍ വന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അവരുടെ ടീം മാനേജേഴ്‌സും കലോത്സവനഗരിയിലെ വളണ്ടിയര്‍മാരായി മാറിയപ്പോള്‍ അപ്പീലുകളോ കണ്ണീര്‍ കലര്‍ന്ന അഭ്യര്‍ത്ഥനകളോ ഉണ്ടായില്ല എന്നതും സംഘാടനമികവിന്റെ കെട്ടുറപ്പും ഈ മേളയുടെ സവിശേഷതകളായിരുന്നു. സമാപന സമ്മേളനം ഐ എ എം ഇ രക്ഷാധികാരി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഐ എ എം ഇ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫസര്‍ കെ കോയ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരനും കഥാകൃത്തുമായ പി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കെ പി മുഹമ്മദ് മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് മൗലവി അയിലക്കാട്, ഇ വി അബ്ദുറഹ്മാന്‍, വാരിയത്ത് മുഹമ്മദലി, പി സി അബ്ദുറഹ്മാന്‍, കെ കെ ഷമീം എന്നിവര്‍ പ്രസംഗിച്ചു. കെ എം അബ്ദുല്‍റഷീദ് സ്വാഗതവും സി.പി അശ്‌റഫ് നന്ദിയും പറഞ്ഞു.
സോണ്‍തല ഓവറോള്‍ ചാമ്പ്യന്‍പട്ടം 1147 പോയിന്റ് നേടിയ മലപ്പുറം സോണ്‍ സ്വന്തമാക്കി. 1112 പോയിന്റോടെ പാലക്കാട് സോണ്‍ രണ്ടും 1062 പോയിന്റോടെ കോഴിക്കോട് സോണ്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സ്‌കൂള്‍ തല ഓവറോള്‍ കിരീടം തുടര്‍ച്ചയായി മൂന്നാം തവണയും മലപ്പുറം മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മേല്‍മുറി 435 പോയിന്റോടെ സ്വന്തമാക്കി. 382 പോയിന്റ് നേടിയ മാട്ടൂല്‍ സഫ ഇംഗ്ലീഷ് സ്‌കൂളും, 337 പോയിന്റോടെ കിള്ളിമംഗലം അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മലപ്പുറം സോണ്‍ മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെ മുഹമ്മദ് ബാസിത് നേദ്യ 34 പോയിന്റ് നേടി സ്റ്റാര്‍ ഓഫ് ദ ഫെസ്റ്റ് (ബോയ്) ആയും, പാലക്കാട് സോണ്‍ പന്താവൂര്‍ ഇംഗ്ലീഷ് സ്‌കൂളിലെ സന്‍ഹ കെ.പി 28 പോയിന്റ് നേടി സ്റ്റാര്‍ ഓഫ് ദ ഫെസ്റ്റ് (ഗേള്‍) ആയും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള സമ്മാന വിതരണം കെ പി മുഹമ്മദ് മുസ്ല്യാര്‍ കൊമ്പം നിര്‍വ്വഹിച്ചു.

 

---- facebook comment plugin here -----

Latest