Connect with us

Sports

ഇറ്റലിയില്‍ പോരാട്ടം മുറുകി

Published

|

Last Updated

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ കരുത്തരായ യുവെന്റസിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫിയോറന്റീനയാണ് നിലവിലെ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചത്. മുപ്പത്തിനാലാം മിനുട്ടില്‍ കാലിനിചിലൂടെ ഫിയോറന്റീനയാണ് ആദ്യ ഗോള്‍ നേടിയത്. മിലന്‍ ബാദെലിലൂടെ അവര്‍ ലീഡുയര്‍ത്തി.

അമ്പത്തെട്ടാം മിനുട്ടില്‍ ഗോണ്‍സാലോ ഹിഗ്വെയിനിലൂടെ യുവെന്റസ് ഗോള്‍ മടക്കി. സമനില നേടാന്‍ യുവെ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല.
ആദ്യ പകുതിയില്‍ ഹിഗ്വെയിന്റെ ഷോട്ട് ബോക്‌സിനുള്ളില്‍ നിന്ന് മാക്‌സ് ഒലിവേര തടുത്തിട്ടത് ഹാന്‍ഡ് ബോള്‍ സംശയം ഉയര്‍ത്തി. യുവെന്റസ് പെനാല്‍റ്റിക്ക് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല. യുവെന്റസ് പുതുവര്‍ഷത്തില്‍ പിണയുന്ന ആദ്യ തോല്‍വി കൂടിയാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ബൊലോഗ്നയെ 3-0ത്തിനും അറ്റ്‌ലാന്റയെ 3-2നും അവര്‍ തോല്‍പ്പിച്ചു.
മറ്റ് മത്സരങ്ങളില്‍ എ എസ് റോമ ഉദ്‌നീസിനെ 1-0ത്തിന് കാഗ്ലിയാരി 4-1ന് ജിനോയയെയും ലാസിയോ 2-1ന് അറ്റ്‌ലാന്റയെയും നാപ്പോളി 3-1ന് പെസ്‌കാരയെയും സസ്സോളോ 4-1ന് പലെര്‍മോയെയും തോല്‍പ്പിച്ചു.
തോറ്റെങ്കിലും യുവെന്റസ് തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 19 മത്സരങ്ങളില്‍ നിന്ന് അവര്‍ക്ക് 45 പോയിന്റാണുള്ളത്. എന്നാല്‍ ചാമ്പ്യന്മാര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി റോമ 44 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 41 പോയിന്റുള്ള നാപ്പോളി മൂന്നാമതും 40 പോയിന്റുള്ള ലാസിയോ നാലാമതുമാണ്.