Connect with us

Sports

റയല്‍ മാഡ്രിഡും യുവെന്റസും തോറ്റു

Published

|

Last Updated

സെല്‍ഫ് ഗോള്‍ വഴങ്ങിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിരാശ

മാഡ്രിഡ്: തുടര്‍ച്ചയായി നാല്‍പ്പത് മത്സരങ്ങളില്‍ പരാജയമറിയാതെയുള്ള റയല്‍ മാഡ്രിഡിന്റെ കുതിപ്പിന് സ്പാനിഷ് ലീഗില്‍ സെവിയ്യ കടിഞ്ഞാണിട്ടു. ആവേശപ്പോരാട്ടത്തില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷം അവസാന ആറ് മിനുട്ടില്‍ നേടിയ രണ്ട് ഗോളുകളിലൂടെയാണ് സെവിയ വിജയത്തിലേക്ക് കുതിച്ചത്. 67ാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. സെവിയ്യക്കെതിരെ 13 മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോയുടെ 21ാം ഗോളായിരുന്നു ഇത്.
സെവിയ്യ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റിക്കോ ഡാനി കര്‍വാജലിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ പിഴവുകളില്ലാതെ വലയിലെത്തിച്ചു. 87ാം മിനുട്ടില്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ സെല്‍ഫ് ഗോളിലൂടെ സെവിയ്യ സമനില പിടിച്ചു. ഇന്‍ജുറി ടൈമിന്റെ ഒന്നാം മിനുട്ടില്‍ പകരക്കാരന്‍ സ്റ്റെവാന്‍ ജൊവെറ്റിക് സെവിയ്യയുടെ വിജയ ഗോള്‍ സ്വന്തമാക്കി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച ഒരു മികച്ച അവസരം റൊണാള്‍ഡോ പാഴാക്കിയത് റയലിന് തിരിച്ചടിയായി. 61ാം മിനുട്ടില്‍ ബെന്‍സിമയും സുവര്‍ണാവസരം നഷ്ടപ്പെടുത്തി.
കോപ ഡെല്‍റേയില്‍ റയലിനോട് സമനില വഴങ്ങി പുറത്തായതിനുള്ള മധുരപ്രതികാരം കൂടിയായി സെവിയ്യയുടെ വിജയം. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഒമ്പത് മത്സരങ്ങളില്‍ സെവിയ്യയുടെ എട്ടാം ജയമാണിത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനുശേഷം ഒരു മത്സരത്തിലും റയല്‍തോല്‍വി അറിഞ്ഞിരുന്നില്ല. തോറ്റെങ്കിലും പതിനേഴ് മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുള്ള റയല്‍ തന്നെയാണ് ലീഗില്‍ മുന്നില്‍. 39 പോയിന്റുമായി സെവിയ്യ ബാഴ്‌സയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 38 പോയിന്റുള്ള ബാഴ്‌സ മൂന്നാമതാണ്.