കൗമാര കലയും കാലവും

Posted on: January 17, 2017 6:00 am | Last updated: January 18, 2017 at 1:17 am

അമ്പത്തിയേഴ് വയസ്സ് തികയുന്ന, ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന് അറിയപ്പെടുന്ന സ്‌കൂള്‍ കലോത്സവം കാലത്തിനൊത്ത് മാറേണ്ടതുണ്ടോ? മാറ്റം വരുത്തേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയൊക്കെ? ഇത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. അസഹിഷ്ണുതയുടെയും വിഘടനവാദത്തിന്റെയും നീരാളിപ്പിടുത്തം സമൂഹത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ ആസുര കാലത്ത് സഹിഷ്ണുതയുടെയും നന്മയുടെയും ഏകത്വത്തിന്റെയും വിത്തുകള്‍ പാകാന്‍ കലയും കലാരൂപങ്ങളും ഇത്തരം സംഗമവേദികളും ഉപകരിക്കും. മനുഷ്യന്റെ ജീവിതത്തെയും ചിന്താഗതിയെയും ഏറ്റവും എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമവും കല തന്നെയാണല്ലോ. കലയുടെ വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന ഒട്ടുമിക്ക പ്രതിഭകളും കലോത്സവ വേദികളിലൂടെ വളര്‍ന്നുവന്നവരുമാണ്. ഇത്തരത്തില്‍ കലോത്സവത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോഴും അനഭിലഷണീയമായ പല പ്രവണതകളും കടന്നുകൂടുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്.

കലാപ്രതിഭ, തിലകം സ്ഥാനങ്ങള്‍ മാറ്റിയപ്പോള്‍ പ്രശ്‌നം തീരുമെന്ന് എല്ലാവരും കരുതിയിരുന്നു. പക്ഷേ, ഇന്ന് അത് മറ്റൊരു രീതിയില്‍ തുടരുന്നു. പഴയ കാലത്തേതു പോലെ കുട്ടികളെ എസ്‌കോര്‍ട്ടിംഗ് അധ്യാപകര്‍ മത്സര വേദികളില്‍ എത്തിക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വന്നതോടെയാണ് കലോത്സവ നഗരിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങിയത്. രക്ഷിതാക്കളും ഗുരുക്കന്‍മാരും നഗരിയില്‍ വേദിയെ ചുറ്റിപ്പറ്റി നടക്കാന്‍ തുടങ്ങിയതോടെ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും കലാമേള കലാപമേളയായിത്തീരുകയും ചെയ്തു.
മത്സരം മറ്റുള്ളവരോടല്ല, തങ്ങളോടു തന്നെയാണ് എന്ന് കുട്ടികളേയും രക്ഷിതാക്കളേയും ബോധവത്കരിക്കേണ്ടതുണ്ട്. കലകളെ കലോത്സവത്തിനു വേണ്ടി മാത്രം തയ്യാറാക്കപ്പെടുന്നതും പാരമ്പര്യ കലകളും ഇതര കലകളും ചില പ്രത്യേക ചട്ടക്കൂടുകളിലൊതുക്കിക്കൊണ്ട് തനിമ ചോരത്തക്കരീതിയില്‍ കടഞ്ഞെടുക്കുന്നതും ഒരു പരിധി വരെ മൂല്യച്യുതിക്ക് കാരണമാകുന്നു. ഇത്തരം കലകള്‍ വരും തലമുറക്ക് കൈമാറാനുള്ള ഏക ഉപാധിയായിത്തീരേണ്ട മത്സരവേദികള്‍ കലാപ കലുഷിതമായിപ്പോകുന്നു എന്നത്് ഖേദകരമാണ്. രക്ഷിതാക്കള്‍ സ്വന്തം കുട്ടികളോട് കാണിക്കുന്ന ആവേശവും ആത്മാര്‍ഥതയും ഒട്ടും ചോരാതെ തന്നെ മറ്റു കുട്ടികളുടെ കഴിവിനെ അംഗീകരിക്കുന്നതിലും കാണിക്കണം. കുട്ടികള്‍ അരങ്ങത്ത് മാറ്റുരക്കുന്നതിനു പകരം രക്ഷിതാക്കള്‍ തമ്മിലോ പരിശീലകര്‍ തമ്മിലോ പിന്നാമ്പുറത്ത് മത്സരിക്കാന്‍ തുടങ്ങിയപ്പോഴാണ് കലാമേളകളുടെ അന്തസത്ത ചോര്‍ന്നുപോയത്.

നിഷ്പക്ഷമായ വിധി നിര്‍ണയവും അതംഗീകരിക്കാനുള്ള വിശാല മനസ്‌കതയുമാണ് ബന്ധപ്പെട്ടവര്‍ വെച്ചുപുലര്‍ത്തേണ്ടത്. അമിതമായ പ്രചാരണങ്ങളില്ലാതെ സ്വതന്ത്രമായ ഒരു ഹിയറിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തിപ്പും വിധി നിര്‍ണയവും നടക്കണം. എന്നാല്‍ മാത്രമേ അപ്പീലുകളുടെ ആധിക്യം കുറക്കാനും വിധിനിര്‍ണയത്തില്‍ വിശ്വാസ്യത വരുത്താനും കഴിയൂ. കുറ്റമറ്റ വിധി നിര്‍ണയം സാധ്യമാകുന്നില്ല എന്ന വാദം അംഗീകരിക്കലായി മാറുകയാണ് അപ്പീല്‍ കമ്മിറ്റി. അതേ സമയം തോല്‍വി സമ്മതിക്കാനുള്ള വിമുഖതയായും ഇതിനെ കാണാവുന്നതാണ്. വിധി അംഗീകരിക്കാതിരിക്കുക, എല്ലാ വിധികര്‍ത്താക്കളെയും സംശയത്തോടെ കാണുക എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ഇത് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എത്ര യോഗ്യതയുണ്ടായിട്ടും കാര്യമില്ല എന്ന അവസ്ഥയും നിലവിലുണ്ട്.

പ്രശസ്തിക്കു വേണ്ടി സ്‌കൂളുകള്‍ മത്സരിക്കുന്നതും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഗ്രേസ് മാര്‍ക്കിന് നെട്ടോട്ടമോടുന്ന പ്രവണതയും കാണപ്പെടുന്നു. ഗ്രേസ് മാര്‍ക്ക് എന്ന സംവിധാനം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കായി പരിമിതപ്പെടുത്തണം. അല്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഉപേക്ഷിച്ച് വിജയികള്‍ക്ക് ഗ്രേസ് തുകയാക്കി അത് മാറ്റുകയും ഉപരിപഠനത്തിന് ഉപകരിക്കത്തക്ക രീതിയില്‍ നല്‍കുകയും ചെയ്യുന്നതിലൂടെ പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയും. കുട്ടികള്‍ കഴിവു പ്രകടിപ്പിക്കുന്നത് ഗ്രേസ് മാര്‍ക്കിന് വേണ്ടിയാവരുത് തന്റെ കഴിവ് വേദിയില്‍ തെളിയിക്കാനാകണം. ഗ്രേസ് മാര്‍ക്ക് മൂലം പണമുള്ളവനും പണമില്ലാത്തവനും എന്ന അന്തരം സമൂഹത്തില്‍ ഒരിക്കലും സൃഷ്ടിക്കപ്പെടരുത്. കല എന്ന വാക്കിനര്‍ഥം സൗന്ദര്യം എന്നാണെങ്കില്‍ നമ്മുടെയൊക്കെ ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും അതുണ്ടാവേണ്ടിയിരിക്കുന്നു.
സംഘാടന മികവിന്റെയും കലാവൈവിധ്യങ്ങളുടെയും ഏറ്റവും വലിയ മാതൃകയായ സ്‌കൂള്‍ കലോത്സവം അനാരോഗ്യകരമായ പ്രവണതകളില്‍ നിന്ന് മാറി കുട്ടികളുടെ മാത്രം കലോത്സവമാകട്ടെ എന്ന് പ്രത്യാശിക്കാം.