ഇവാന്‍ തുര്‍ഗേനെവിന് തെറ്റിയിട്ടില്ല

ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറിയിലാണ് ഹിന്ദുസ്ഥാന്‍ ടൈംസും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള അവിഹിത ബന്ധങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്ളത്. ഫ്രണ്ട്‌ലൈന് ലഭിച്ച വിവരാവകാശ രേഖകളില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അയച്ച ഇമെയ്‌ലുകളുടെ വിശദാംശങ്ങളുണ്ട്. നിയമപരമായി കെജ്‌രിവാളിനെ ആക്രമിക്കാനുള്ള ആയുധങ്ങളാണ് പത്രാധിപര്‍ ശിഷീര്‍ ഗുപ്ത അയച്ചുകൊടുത്തത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ശിഷീര്‍ ഗുപ്തയോട് പ്രധാനമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശദീകരണങ്ങളോടെയുള്ള വസ്തുതാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒപ്പം, പ്രസിദ്ധീകരിക്കാന്‍ പോകുന്ന വാര്‍ത്തയുടെ ഔട്ട്‌ലൈനും. അടിയന്തരാവസ്ഥക്കാലത്തെ മാധ്യമങ്ങളെ കുറിച്ച് അഡ്വാനി പറഞ്ഞ വാക്കുകളുണ്ടല്ലോ; പ്രച്ഛന്ന അടിയന്തരാവസ്ഥയുടെ ഇക്കാലത്ത് വിധേയത്വത്തിന്റെ വാറോലകളാകാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഉത്സാഹം അഡ്വാനിയുടെ ആ വാക്കുകളെയും തോല്‍പ്പിച്ചു കളയുകയാണ്.
Posted on: January 17, 2017 6:24 am | Last updated: January 16, 2017 at 11:34 pm

ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനം പഠിക്കുന്ന കാലം. ദേശീയ പത്രങ്ങളെക്കുറിച്ച് ക്ലാസെടുത്തിരുന്നത് ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ ടി വിയുടെ എഡിറ്ററുമായിരുന്ന ഗിരീഷ് നികം ആയിരുന്നു. ദി ടൈംസ് ഓഫ് ഇന്ത്യ ബി ജെ പി അനുകൂല പത്രം, ദി ഹിന്ദു ഇടതുപക്ഷപത്രം എന്നിങ്ങനെ വിശദീകരിക്കുന്നതിനിടയില്‍, അദ്ദേഹം രസകരമായ ചോദ്യം മുന്നോട്ടുവെച്ചു. ഏത് പാര്‍ട്ടി ഭരിച്ചാലും കേന്ദ്ര സര്‍ക്കാറിനെ അന്ധമായി പിന്തുണക്കുന്ന ദിനപത്രം ഏതാണ്? ഭരിക്കുന്നത് യു പി എ ആണെങ്കിലും ബി ജെ പി ആണെങ്കിലും ഈ പത്രം കേന്ദ്ര സര്‍ക്കാറിന് സര്‍വപിന്തുണയും നല്‍കും. ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദുസ്ഥാന്‍ ടൈംസിനെക്കുറിച്ചായിരുന്നു ഗിരീഷ് നികം സൂചിപ്പിച്ചത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും ഒതുക്കാന്‍ താന്‍ ചെയ്ത ധീരസേവനങ്ങള്‍ വിശദീകരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശിഷീര്‍ ഗുപ്ത ബി ജെ പി പ്രസിഡന്റ് അമിത് ഷാക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും അയച്ച ഇമെയില്‍ കഴിഞ്ഞദിവസം വിവാദമായപ്പോഴാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ വിട പറഞ്ഞ ഗിരീഷ് നികമിന്റെ വാക്കുകള്‍ ഓര്‍മയിലെത്തിയത്.

പുതിയ ലക്കം ഫ്രണ്ട്‌ലൈന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറിയിലാണ് ഹിന്ദുസ്ഥാന്‍ ടൈംസും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള അവിഹിത ബന്ധങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്ളത്. ഫ്രണ്ട്‌ലൈന് ലഭിച്ച നിരവധി വിവരാവകാശ രേഖകളില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അയച്ച ഇമെയ്‌ലുകളുടെ വിശദാംശങ്ങളുണ്ട്. ‘അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രത്തിനെതിരെ’’എന്ന തലക്കെട്ടില്‍ 2015 മാര്‍ച്ച് 28ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക ചുമതലയുള്ള ഹിരണ്‍ ജോഷി, അമിത് ഷാ എന്നിവര്‍ക്ക് അയച്ച ഇമെയിലില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ കുടുക്കാനുള്ള പത്ത് സുപ്രധാന കാര്യങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്. നിയമപരമായി കെജ്‌രിവാളിനെ ആക്രമിക്കാനുള്ള ആയുധങ്ങളാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപര്‍ ശിഷീര്‍ ഗുപ്ത അയച്ചുകൊടുത്തത്. 1998-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഡല്‍ഹി പോലീസ്, പൊതുമരാമത്ത്, ഭൂമി ഇടപാട് തുടങ്ങിയ വകുപ്പുകളുടെ മുഴുവന്‍ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് അന്നത്തെ ഉപപ്രധാനമന്ത്രി എല്‍ കെ അഡ്വാനി ഉത്തരവിട്ടത് ചൂണ്ടിക്കാട്ടി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന് കെജ്‌രിവാള്‍ കത്ത് നല്‍കിയിട്ടുണ്ട് എന്നാണ് പത്ത് കാര്യങ്ങളില്‍ സുപ്രധാനമായത്. പ്രസ്തുത രേഖകള്‍ തിരിച്ചുപിടിക്കാന്‍ കെജ്‌രിവാള്‍ നേരത്തെ പണി തുടങ്ങിയിട്ടുണ്ട് എന്നും അതിനായി പ്രത്യേകം അഭിഭാഷകരെ നിയമിക്കാന്‍ അദ്ദേഹം ലഫ്റ്റനന്റ് ഗവര്‍ണറോട് അഭ്യര്‍ഥിച്ചിട്ടുണ്ട് എന്നും തുടര്‍ന്ന് വിശദീകരിക്കുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 31ന് ശിഷീര്‍ ഗുപ്തയോട് പ്രധാനമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശദീകരണങ്ങളോടെയുള്ള വസ്തുതാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒപ്പം, പ്രസിദ്ധീകരിക്കാന്‍ പോകുന്ന വാര്‍ത്തയുടെ ഔട്ട്‌ലൈനും. ഏപ്രില്‍ ഒന്നിന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഒന്നാം പേജില്‍ വന്ന ലീഡ് സ്റ്റോറി ഇങ്ങനെ: ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായി ഏറ്റുമുട്ടുന്നു. സ്വന്തം അധികാരപരിധി മറികടന്ന് നിയമവിരുദ്ധമായ നീക്കത്തിലൂടെ ഡല്‍ഹി പോലീസ്, പൊതുമരാമത്ത്, ഭൂമി ഇടപാട് തുടങ്ങിയ വകുപ്പുകളുടെ മുഴുവന്‍ രേഖകളും കൈക്കലാക്കാന്‍ കെജ്‌രിവാള്‍ കരുക്കള്‍ നീക്കുന്നുവെന്നാണ് വാര്‍ത്ത.

എതിരാളികളെ തകര്‍ക്കാന്‍ ഏതറ്റം വരെയും പോകുന്ന നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും തങ്ങളുടെ അജന്‍ഡകള്‍ നടപ്പിലാക്കാന്‍ മാധ്യമങ്ങളെ രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിലെ ഒടുവിലത്തെ ഉദാഹരണമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപര്‍ ശിഷീര്‍ ഗുപ്ത. മോദി നടപ്പിലാക്കുന്ന ജനവിരുദ്ധ നടപടികള്‍ ഒരു ഏകാധിപതിയുടെ വിവരമില്ലായ്മയായും പരിമിതിയായും വാര്‍ത്തയാകുന്നതിന് പകരം ജനകീയ വിപ്ലവമാകുന്നത് ദേശീയപ്രാദേശിക മാധ്യമങ്ങളില്‍ ഇത്തരം മീഡിയ ഏജന്റുമാരുടെ നിറസാന്നിധ്യം കൊണ്ടാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പി എം ഓഫീസും അനാവശ്യമായി ഡല്‍ഹി സര്‍ക്കാറിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. തനിക്കും സര്‍ക്കാറിനും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെടുന്നുവെന്നും കെജ്‌രിവാള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതു മുതല്‍ സംസ്ഥാന ആഭ്യന്തര വിഷയങ്ങളില്‍ പ്രധാനമന്ത്രി അസാധാരണമായ താത്പര്യം കാണിച്ചിരുന്നു. അതിനിടെയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് നാടകീയമായി രാജിവെച്ചത്. ഡിസംബര്‍ 22നാണ് ഡല്‍ഹിയിലെ രാഷ്ട്രീയ വൃന്ദങ്ങളെ അമ്പരപ്പിച്ചുകൊണ്ട് നജീബ് ജംഗ് സ്ഥാനം രാജിവെച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ട രാജി പതിവിന് വിപരീതമായി അദ്ദേഹം‘ഇന്ത്യന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ പതിനൊന്നിന് ജംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കു ശേഷം പുറത്തുവന്ന നജീബ് ജംഗ് വായിക്കാനും എഴുതാനും കൂടുതല്‍ സമയം മാറ്റിവെക്കാനാണ് താന്‍ രാജിവെക്കുന്നത് എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തേ താന്‍ രാജി
വെക്കാനൊരുങ്ങിയിരുന്നു എന്നും നരേന്ദ്ര മോദിയുടെ നിര്‍ദേശമനുസരിച്ച് തുടരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015 ഫെബ്രുവരിയില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിക്കുന്ന ഒരാള്‍, ഡല്‍ഹി സര്‍ക്കാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ പരസ്യമായി പ്രഖ്യാപിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയില്‍ കേവലം ഇടപെടല്‍ മാത്രമല്ല പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയത് എന്നാണ് ഫ്രണ്ട്‌ലൈന്‍ രേഖകള്‍ വെളിപ്പെടുത്തുന്നത്. 2015 മാര്‍ച്ച് മുതല്‍ ഡല്‍ഹി സര്‍ക്കാറിനെ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാറിന് വെല്ലുവിളിയാകാതിരിക്കാനും ശക്തമായ സംവിധാനങ്ങളാണ് പി എം ഒ ഏര്‍പ്പെടുത്തിയത്. അന്ന് മുതല്‍ മുഖ്യമന്ത്രി കെജ്‌രിവാളും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മിലുള്ള സംഘര്‍ഷങ്ങളും തുടങ്ങിയിരുന്നു.
ഭരണഘടനയുടെ 69-ാം ഭേദഗതി, 239 എ.എ, 239 എ ബി എന്നീ വകുപ്പുകളുടെ പിന്‍ബലത്തിലാണ് പ്രത്യേക അധികാരം വെച്ച് സംസ്ഥാനസര്‍ക്കാറിനെ അനാവശ്യമായി നിയന്ത്രിക്കാനും പേടിപ്പിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നത്. ഇങ്ങനെ ഇടക്കിടെ പേടിപ്പിക്കുന്നതിന് പിന്നില്‍ മോദിക്കും അമിത് ഷാക്കും വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ട്. വര്‍ധിച്ചുവരുന്ന കെജ്‌രിവാളിന്റെ ജനസ്വീകാര്യത തകര്‍ക്കല്‍, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ പദ്ധതിക്ക് മങ്ങലേല്‍ക്കാതിരിക്കുക, വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് പരുക്കേല്‍ക്കാതിരിക്കുക, ഡല്‍ഹിയിലെ പൊതുജനങ്ങളെയും മാധ്യമങ്ങളെയും ആംആദ്മി പാര്‍ട്ടിക്കെതിരെ തിരിക്കുക, രാജ്യത്തുടനീളം നടപ്പിലാക്കി വരുന്ന വര്‍ഗീയ അജന്‍ഡകളെ ചോദ്യം ചെയ്യാതിരിക്കുക തുടങ്ങി ബഹുവിധ ലക്ഷ്യങ്ങളാണ് കെജ്‌രിവാളിനെയും എ എ പി സര്‍ക്കാറിനെയും നിയന്ത്രിക്കാനുള്ള പ്രേരകങ്ങള്‍. ഈ അധികാരരാഷ്ട്രീയത്തിന്റെ പിടിവലിക്കിടെ, കഴിഞ്ഞ ആഗസ്ത്തില്‍ കേന്ദ്രത്തെ ചോദ്യം ചെയ്ത് കെജ്‌രിവാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ കേസ് പിന്നീട് സുപ്രീം കോടതിയിലെത്തി. ജനുവരി 18നാണ് അവസാനവാദം കേള്‍ക്കല്‍. ഇതിനിടെയാണ് കെജ്‌രിവാളിനെ ഒതുക്കാന്‍ തങ്ങള്‍ നിയോഗിച്ച മാധ്യമപ്രവര്‍ത്തകന്‍ സുപ്രധാനവിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ അയക്കുന്നത്. അത് പക്ഷേ, ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രീതിയിലേക്ക് എത്തുമെന്ന് നരേന്ദ്ര മോദിയോ അമിത് ഷായോ കരുതിക്കാണില്ല.
ഡല്‍ഹി ഭരണത്തില്‍ പ്രധാനമന്ത്രി കാണിക്കുന്ന അമിതാവേശം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. പക്ഷേ, ആ വാര്‍ത്തകളിലധികവും ഏകപക്ഷീയമായിരുന്നു എന്ന് മാത്രം. സംസ്ഥാനത്തെ ഭരണസംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയോ‘ഭരണകൂടത്തെ പരോക്ഷമായെങ്കിലും ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടും പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് ഒരൊറ്റ വാര്‍ത്ത പോലുമുണ്ടായില്ല എന്നതാണ് വസ്തുത.

എ എ പി സര്‍ക്കാര്‍ നിയോഗിച്ച അഴിമതിവിരുദ്ധ ബ്രാഞ്ചിനോടാണ് പലപ്പോഴായി പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റുമുട്ടിയത്.‘ഭരണസംവിധാനങ്ങളില്‍ അഴിമതി ഇല്ലാതാക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതികള്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. സ്വന്തം പാര്‍ട്ടിയിലെ തന്നെ നേതാക്കളെ അഴിമതിവിരുദ്ധ ബ്രാഞ്ച് ചോദ്യം ചെയ്തത് സര്‍ക്കാറിലുള്ള വിശ്വാസം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ്് ചെയ്തായിരുന്നു അഴിമതിവിരുദ്ധ ബ്രാഞ്ചിന്റെ തുടക്കം. അതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2014 ജൂലൈ 23ന് പുതിയ ഒരു വിജ്ഞാപനം പുറത്തിറക്കി. ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടു തന്നെ എ എ പി സര്‍ക്കാര്‍ പോലീസ് വിഷയത്തിലോ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തിലോ ഇടപെടരുതെന്ന്് മന്ത്രാലയം മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. അതേസമയം, ഡല്‍ഹി പരിധിയില്‍ ആര് അഴിമതി നടത്തിയാലും ഇടപെടാനുള്ള അധികാരം അഴിമതിവിരുദ്ധ ബ്രാഞ്ചിന് ഉണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറഞ്ഞത്.
ഈ പ്രശ്‌നത്തിന് ശേഷം കേന്ദ്ര സര്‍ക്കാറും ഡല്‍ഹി സര്‍ക്കാറും പലപ്പോഴായി ഏറ്റുമുട്ടി. പ്രമുഖ മാധ്യമങ്ങള്‍ അത് കണ്ടില്ലെന്ന് നടിക്കുകയോ എ എ പി സര്‍ക്കാറിനെ വിമര്‍ശിക്കുകയോ ചെയ്തു. അത്രമേല്‍ മാധ്യമങ്ങള്‍ മോദിക്കും അമിത് ഷാക്കും കീഴ്‌പ്പെട്ടിരിക്കുന്നു. വാര്‍ത്താ ചാനലുകളെയും പത്രങ്ങളെയും വിലക്കെടുത്ത ഒരു സര്‍ക്കാറിന് ക്ഷിപ്രസാധ്യമായ കാര്യങ്ങളാണിവയെങ്കിലും‘ഭയാനകരമായ അനന്തരഫലങ്ങളാണ് ഈ മാധ്യമ ദാസ്യം കൊണ്ടുണ്ടാകുന്നത്. എ എ പി സര്‍ക്കാറിനെ നിയന്ത്രിക്കാനുള്ള നീക്കത്തേക്കാള്‍ ഭയാനകമാണ് മാധ്യമങ്ങളെ കൃത്യമായി നിയന്ത്രിക്കുന്നതും ഏജന്റുകളെ വെച്ച് വാര്‍ത്തകള്‍ ഉണ്ടാക്കുന്നതും. മലയാളത്തിലെ മാധ്യമങ്ങളില്‍ പോലും ഈ പിടി വീണുകഴിഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ മാധ്യമങ്ങളെ കുറിച്ച് ബി ജെ പി നേതാവ് അഡ്വാനി പറഞ്ഞ വാക്കുകളുണ്ടല്ലോ; പ്രച്ഛന്ന അടിയന്തരാവസ്ഥയുടെ ഇക്കാലത്ത് വിധേയത്വത്തിന്റെ വാറോലകളാകാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഉത്സാഹം അഡ്വാനിയുടെ ആ വാക്കുകളെയും തോല്‍പ്പിച്ചുകളയുകയാണ്.

മാധ്യമ പ്രവര്‍ത്തകരെ മനുഷ്യര്‍ കാണുന്നതെങ്ങനെയെന്ന് തുറന്നുപറയുന്ന, മാധ്യമ പ്രവര്‍ത്തനത്തിന്റെ നീചമായ തലത്തെ വിചാരണ ചെയ്യുന്ന റിപ്പോര്‍ട്ടര്‍ എന്നൊരു കഥയുണ്ട് ഇവാന്‍ തുര്‍ഗേനെവിന്. മാധ്യമ രംഗത്തെ അസംബന്ധങ്ങള്‍ ഒരു വഴക്കമായി മാറുമ്പോള്‍ തുര്‍ഗേനെവിന്റെ ദീര്‍ഘദര്‍ശനത്തെ ആരും കീര്‍ത്തിച്ചുപോകും.