സംസ്ഥാന സ്‌കൂള്‍ കലോത്സവം: വൈവിധ്യങ്ങളുടെ വിസ്മയ കാഴ്ചയായി ഘോഷയാത്ര

Posted on: January 17, 2017 12:20 am | Last updated: January 18, 2017 at 1:17 am
കലോത്സവത്തിന്റെ വരവു വിളംബരം ചെയ്ത പ്രൗഢ ഗംഭീരമായ ഘോഷയാത്രയുടെ മുന്‍നിര

കണ്ണൂര്‍: ചരിത്രത്തിലും വര്‍ത്തമാനത്തിലും സാംസ്‌കാരിക വൈവിധ്യത്തിന്റെ പ്രഭവസ്ഥാനമായി ജ്വലിച്ചുനില്‍ക്കുന്ന നാട്ടില്‍ കലോത്സവ ഘോഷയാത്ര വൈവിധ്യങ്ങളുടെ വിസ്മയക്കാഴ്ചയായി. ആറായിരത്തോളം കുട്ടികള്‍ അണിനിരന്ന കലായാത്രയില്‍ നാടിന്റെയും നാട്ടുകാരുടെയും ചരിത്രവും സംസ്‌കാരവും പുനര്‍ജനിച്ചു. സമര പോരാട്ടങ്ങളും ഫാസിസത്തിനെതിരെയുള്ള മൂര്‍ച്ചയേറിയ ദൃശ്യങ്ങളും കണ്ണൂരിന്റെ ജനഹൃദയങ്ങള്‍ ആവേശത്തോടെ ഏറ്റുവാങ്ങി. പ്രകൃതിസൗഹൃദ കലോത്സവത്തില്‍ നഗരവഴികളെ ആഘോഷ തിമിര്‍പ്പില്‍ ആറാടിച്ച യാത്രയില്‍ വിദ്യാര്‍ഥികള്‍ നാട്യ, ശ്രവ്യ വിസ്മയങ്ങള്‍ക്കൊപ്പം പച്ചപ്പിന്റെ സംരക്ഷണത്തിനായി മണ്‍കുടങ്ങളില്‍ വളര്‍ത്തിയ മരത്തൈകളും കൈകളിലേന്തി. ഉച്ചക്ക് 2.30ന് സെന്റ്‌മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് റേഞ്ച് ഐ ജി ദിനേന്ദ്ര കശ്യപും പ്രശസ്ത പിന്നണിഗായിക സയനോര ഫിലിപ്പും ചേര്‍ന്നാണ് ഫഌഗ് ഓഫ് ചെയ്തത്. ഘോഷയാത്രയുടെ മുന്‍നിരയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ അണി നിരന്നു. കേരളീയ വസ്ത്രങ്ങളിലും ഹരിതനിറങ്ങള്‍ ചാലിച്ച വസ്ത്രങ്ങളുമായാണ് ഘോഷയാത്രയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തത്. കേരളീയ നൃത്തരൂപങ്ങളായ ഓട്ടന്‍തുള്ളല്‍, യക്ഷഗാനം, മോഹിനിയാട്ടം, തിരുവാതിര, കേരളനടനം, ഭരതനാട്യം, കഥകളി, ഒപ്പന, പൂരക്കളി, കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട്, പരിചമുട്ട് കളി തുടങ്ങിയവും മയിലാട്ടം, കാവടിയാട്ടം, കരകാട്ടം, ആദിവാസി നൃത്തം എന്നിവക്കും പുറമെ ഇതരസംസ്ഥാനങ്ങളിലെ നൃത്ത ഇനങ്ങളായ ഒഡീസി, കഥക്, പഞ്ചാബീ ഡാന്‍സ്, ഗുജറാത്തി, കാശ്മീരി, അസാമീസ് നൃത്ത ഇനങ്ങളും പുതുമയായി. വിദേശരാജ്യങ്ങളായ ചൈന, അറേബ്യ, ഡെന്‍മാര്‍ക്ക് തുടങ്ങി രാഷ്ട്രങ്ങളെ പ്രതിനധാനം ചെയ്ത് വേഷമണിഞ്ഞ് വിദ്യാര്‍ഥികള്‍ അണിനിരന്നു. മലയാള സാഹിത്യത്തിന്റെ മാനവീകത ഉദ്‌ഘോഷിക്കുന്ന കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ഉള്‍പ്പെടെയുള്ള സാഹിത്യകൃതികളും ഘോഷയാത്ര ജനമനസ്സിലേക്ക് പതിപ്പിച്ചു.