ചരക്കുസേവന നികുതി നടപ്പാക്കല്‍ ജൂലൈ ഒന്നിലേക്ക് നീട്ടി

Posted on: January 16, 2017 8:27 pm | Last updated: January 17, 2017 at 12:13 am
SHARE


ന്യൂഡല്‍ഹി: അടുത്ത ഏപ്രില്‍ ഒന്നിന് നടപ്പാക്കാന്‍ തീരുമാനിച്ച ചരക്ക്- സേവന നികുതി (ജി എസ് ടി) സമ്പ്രദായം ജൂലൈ ഒന്നിലേക്കു മാറ്റി. നികുതി പിരിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ വ്യക്തമായി ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നികുതി പരിഷ്‌കരണ നടപടി ഏപ്രില്‍ ഒന്നില്‍ നിന്ന് ജൂലൈ ഒന്നിലേക്ക് മാറ്റിയത്. ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്.

ചരക്ക്- സേവന നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഏറെക്കുറെ കാര്യങ്ങളില്‍ സമവായത്തിലെത്തിയിട്ടുണ്ട്. എന്നാല്‍, പ്രധാന തര്‍ക്കമായി നിലനില്‍ക്കുന്ന നികുതി പിരിവില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഒന്നര കോടി രൂപക്ക് താഴെ വരുമാനമുള്ള സ്ഥാപനങ്ങളുടെ നികുതി പിരിക്കാനുള്ള അധികാരം പങ്കിടാം എന്നാണ് കേന്ദ്ര നിലപാട്. എന്നാ ല്‍, ഇക്കാര്യം അംഗീകരിക്കാ ന്‍ കഴിയില്ലെന്ന നിലപാടാണ് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചത്. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്.
അതേസമയം, അന്തര്‍ സംസ്ഥാന നികുതികള്‍ പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചു. സമുദ്ര തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള നികുതികളും സംസ്ഥാനങ്ങള്‍ക്ക് പിരിക്കാം. നിലവില്‍ തര്‍ക്കമുള്ളത് 1.5 കോടി രുപ വിറ്റുവരവുള്ളവയുടെ നികുതിയില്‍ മാത്രമാണ്. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത് പശ്ചിമബംഗാള്‍ മാത്രമാണ്.

നിവിലുള്ള ധാരണ പ്രകാരം 1.5 കോടി രൂപവരെയുള്ളവയുടെ നികുതിയില്‍ 90 ശതമാനം സംസ്ഥാനങ്ങള്‍ക്കും 10 ശതമാനം കേന്ദ്രത്തിനും ലഭിക്കും. 1.5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവുടെ നികുതി സംസ്ഥാനങ്ങളും കേന്ദ്രവും തുല്യമായി പങ്കുവെക്കും. ജി എസ് ടി കൗണ്‍സില്‍ രൂപവത്കരിച്ചതിന് ശേഷമുള്ള ഒമ്പതാമത്തെ യോഗമാണ് ഇന്നലെ കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്നത്.