ഖത്വര്‍ കമ്പനികള്‍ നേപ്പാളില്‍ നിക്ഷേപത്തിനു സന്നദ്ധം

Posted on: January 16, 2017 10:18 pm | Last updated: January 16, 2017 at 10:18 pm

ദോഹ: നേപ്പാളില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഖത്വര്‍ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചതായി നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രകാശ് ശരണ്‍ മഹത് പറഞ്ഞു. ഹൈഡ്രോപവര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം, ടെലികോം മേഖലകളിലാണ് ഖത്വര്‍ കമ്പനികള്‍ നിക്ഷേപത്തിനു സന്നദ്ധത അറിയിച്ചത്. ഖത്വറില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം നേപ്പാള്‍ എംബസി ഒരുക്കിയ സ്വീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി, ഭരണ വികസന, തൊഴില്‍ സാമൂഹിക കാര്യ മന്ത്രി ഡോ. ഈസ സാദ് അല്‍ ജഫാലി അല്‍ നുഐമി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് ഖത്വറും നേപ്പാളും തമ്മില്‍ സമാനമായ ഉന്നതതല കൂടിക്കാഴ്ച നടക്കുന്നതെന്നും അതിനു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴില്‍ മേഖലയില്‍ നേപ്പാളികള്‍ പ്രധാന സാന്നിധ്യമാണെന്നും കഠിനാധ്വാനം ചെയ്യുന്നവരാണ് നേപ്പാളികള്‍ എന്ന് അമീര്‍ പറഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. നേപ്പാള്‍ തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്ന രീതിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴില്‍ കരാര്‍ ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തി. തൊഴിലാളികള്‍ക്ക് സൗകര്യവും സേവനവും നല്‍കുന്നതു സംബന്ധിച്ച് നേപ്പാള്‍ എംബസി തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഖത്വര്‍ വിദേശകാര്യ മന്ത്രിയെ നേപ്പാളിലേക്ക് ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ സന്ദര്‍ശനം വൈകാതെ ഉണ്ടാകും. നേപ്പാളി സമൂഹത്തിന്റെ ഐക്യത്തിലും എംബസിയുമായുള്ള സഹകരണത്തിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഖത്വറിലെ നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍ പൗരന്‍മാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.