കാന്‍സറിനു കാരണമാകുന്ന സോപ്പ് ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്നു

Posted on: January 16, 2017 10:09 pm | Last updated: January 16, 2017 at 10:09 pm
SHARE

ദോഹ: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയ സോപ്പ് ഖത്വറില്‍ സോഷ്യല്‍ മീഡിയ വഴി വില്‍പ്പന നടത്തുന്നതായി റിപോര്‍ട്ട്. സോപ്പ് കൈയില്‍ കിട്ടിയ സ്വദേശി പൗരനെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കാന്‍സറിന് കാരണമാകുന്ന വസ്തു സോപ്പില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിലെ വേലക്കാരിക്ക് ലഭിച്ച പാര്‍സലില്‍ ഏതാനും സോപ്പുകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു പ്രത്യേക ബ്രാന്‍ഡില്‍പ്പെട്ട സോപ്പാണ് വേലക്കാരി ഓണ്‍ലൈന്‍ വഴി വാങ്ങിത്. പാര്‍സല്‍ പാക്കറ്റില്‍ 10 സോപ്പുകള്‍ കുറവുണ്ടായിരുന്നു.
തുടര്‍ന്ന് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് പരിശോധനയില്‍ കാന്‍സറിന് കാരണമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്തതായി അറിയിച്ചത്.
ഭൂരിഭാഗം രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതും ആരോഗ്യത്തിന് ഹാനികരമായതുമായ വസ്തുവാണ് സോപ്പില്‍ ചേര്‍ത്തിരുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തും മുമ്പ് തന്നെ കണ്ടെത്തി പിടികൂടിയ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നടപടിയെ സ്വദേശി അഭിനന്ദിച്ചു.
എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരം വസ്തുക്കള്‍ എങ്ങിനയാണ് സ്വതന്ത്രമായി ഓണ്‍ലൈന്‍ വഴി വിപണനം നടത്തുന്നതെന്ന് അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു. ഫിലിപ്പീന്‍സില്‍ നിന്ന് വരുന്ന ഈ സോപ്പ് തൊലി മൃദുവാക്കാനും കറുത്ത പാട് ഇല്ലാതാക്കാനും ഉപയോഗിക്കുന്നതാണ്.

സ്ത്രീകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഉത്പന്നം കൂടിയാണിത്. ഇത്തരത്തിലുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ രാജ്യത്തെത്തുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here