ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ വേണമെന്ന് മുഖ്യമന്ത്രി

Posted on: January 16, 2017 9:54 pm | Last updated: January 17, 2017 at 1:17 pm
SHARE

തിരുവനന്തപുരം: ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പുരോഗതിക്കും പൊതു നന്മയ്ക്കുമായാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിറകോട്ടില്ല. റോഡ് വീതി കൂട്ടുമ്പോള്‍ ചിലര്‍ക്ക് വീടും ജീവസന്ധാരണ മാര്‍ഗവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവും. അവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൈക്കൊണ്ട അടിയന്തിര നടപടികളിലൂടെ ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ്, അലൈന്‍മെന്റ് തീരുമാനിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. കാസര്‍കോട് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാതാ വികസനം സര്‍ക്കാറിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നാണ്. ഇക്കാര്യത്തില്‍ നാഷണല്‍ ഹൈവെ അതോറിറ്റി പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഭൂമി ഏറ്റെടുത്തു നല്‍കിയാല്‍ ബാക്കി നടപടികള്‍ക്ക് തടസ്സമുണ്ടാവില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഫണ്ട് അവര്‍ക്കൊരു പ്രശ്‌നമല്ല.
ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണ്. നാടിന്റെ പുരോഗതിക്കും പൊതു നന്മയ്ക്കുമായാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിറകോട്ടില്ല. റോഡ് വീതി കൂട്ടുമ്പോള്‍ ചിലര്‍ക്ക് വീടും ജീവസന്ധാരണ മാര്‍ഗവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവും. അവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. ഇത് അംഗീകരിക്കാതെ ഭൂമി നഷ്ടപ്പെടുന്നതിലെ വിഷമം കാരണം അത് ഏറ്റെടുക്കാന്‍ പാടില്ലെന്ന നിലപാടെടുക്കുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ളത്. എന്നാല്‍ റോഡ് വികസനം നാടിന്റെ ആവശ്യമെന്ന നിലയില്‍, അതിന് തടസ്സം നില്‍ക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹായസഹകരണവും പിന്തുണയും ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here