കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ കേസുകളില്‍ 99.1 ശതമാനവും തെളിയിച്ചതായി ദുബൈ പോലീസ്‌

Posted on: January 16, 2017 9:19 pm | Last updated: January 16, 2017 at 9:19 pm
SHARE
മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി

ദുബൈ: എമിറേറ്റില്‍ കഴിഞ്ഞ വര്‍ഷം ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട് വ്യക്തമാക്കി. അതോടൊപ്പം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 99.1 ശതമാനത്തിലും പോലീസ് അന്വേഷണം നടത്തിയതായും കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി അറിയിച്ചു. തെളിയിക്കപ്പെടാത്ത വാഹനമോഷണ കേസുകളുടെ എണ്ണം 2015നെ അപേക്ഷിച്ച് 2016ല്‍ 58 ശതമാനമായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തിലെ നിര്‍ഭയ നഗരങ്ങളിലൊന്ന് എന്ന ദുബൈയുടെ ഖ്യാതിയെ സാക്ഷ്യപ്പെടുത്തുന്നതാണ്, രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 90 ശതമാനത്തിന്റെയും അന്വേഷണം പൂര്‍ത്തിയാക്കിയെന്നതെന്ന് അല്‍ മന്‍സൂരി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം ചെറുതും വലുതുമായ കേസുകളുമായി ബന്ധപ്പെട്ട പരാതികളില്‍ 2015നെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായെങ്കിലും തുമ്പാകാത്ത പ്രധാന കേസുകളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം പോലീസ് കൈകാര്യം ചെയ്തതില്‍ അതിസങ്കീര്‍ണമായവ രണ്ടെണ്ണമായിരുന്നു.

യുവതിയെ കൊന്ന് ശരീരം തുണ്ടങ്ങളാക്കിയ ശേഷം കത്തിക്കുകയും വിവിധയിടങ്ങളില്‍ അവശിഷ്ടങ്ങള്‍ കുഴിച്ചിടുകയും ചെയ്തതായിരുന്നു ആദ്യത്തെ സംഭവം. യുവതിയുടെ വസ്ത്രങ്ങളും ചെരുപ്പുമടക്കം മുഴുവന്‍ അവശിഷ്ടങ്ങളും കൊലപാതകത്തിന് ശേഷം പ്രതികള്‍ കത്തിച്ചുകളഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. രണ്ടാമത്തെ കേസും കൊലപാതകവുമായി ബന്ധപ്പെട്ടതുതന്നെയായിരുന്നു. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയതായിരുന്നു കേസ്. ഈ സംഭവത്തിലും പ്രതികള്‍ മൃതദേഹം കത്തിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

പോലീസിന്റെ മുമ്പിലെത്തുന്ന കേസുകള്‍ എത്ര ചെറുതാണെങ്കിലും വളരെ ഗൗരവത്തിലെടുക്കാറുണ്ട്. കാരണം, ചെറിയ കേസുകളിന്മേലുള്ള അന്വേഷണങ്ങള്‍ പലപ്പോഴും വന്‍ കുറ്റകൃത്യങ്ങളുടെ ചുരുളഴിയാന്‍ വഴിയൊരുങ്ങാറുണ്ടെന്ന് അല്‍ മന്‍സൂരി വ്യക്തമാക്കി. അന്തരിച്ച പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീനയുടെ കാഴ്ചപ്പാടുകള്‍, ദുബൈ പോലീസിനെ ആഗോളതലത്തില്‍ ശ്രദ്ധേയമായ സേനയാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.