രക്തസാക്ഷികളുടെ കുടുംബത്തിന് സാന്ത്വനമേകാന്‍ ശൈഖ് ഹംദാനും ശൈഖ് ഡോ. സുല്‍ത്താനുമെത്തി

Posted on: January 16, 2017 7:59 pm | Last updated: January 16, 2017 at 7:59 pm
അബ്ദുല്ല മുഹമ്മദ് ഈസ അല്‍ കഅബിയുടെ മകനുമൊത്ത് ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

ദുബൈ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും അനാഥരായ കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമെത്തി.

അഹ്മദ് റാശിദ് അല്‍ മസ്‌റൂഇയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി

കൊല്ലപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥന്‍ അബ്ദുല്ല മുഹമ്മദ് ഈസ അല്‍ കഅബിക്കായി അനുശോചനമറിയിക്കാന്‍ അല്‍ ഐനിലെ അല്‍ ഫോഹില്‍ ഒരുക്കിയ മജ്‌ലിസിലെത്തിയ ശൈഖ് ഹംദാന്‍ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അല്‍ കഅബിയുടെ പരലോകവിജയത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രക്തസാക്ഷി മുഹമ്മദ് അലി സൈന്‍ അല്‍ ബസ്തകിയുടെ പേരില്‍ അബുദാബി മദീനത് ഖലീഫയില്‍ സജ്ജീകരിച്ച മജ്‌ലിസിലും ശൈഖ് ഹംദാനെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. ശേഷം അബുദാബിയിലെതന്നെ ശക്ബൂത് സിറ്റിയില്‍ രക്തസാക്ഷി അബ്ദുല്‍ ഹാമിദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഹമ്മാദിയുടെ കുടുംബത്തെയും ശൈഖ് ഹംദാന്‍ സന്ദര്‍ശിച്ച് സാന്ത്വനമേകി.

ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനത്തിനിടെ രക്തസാക്ഷികളായവരെയും അവരുടെ ത്യാഗത്തെയുമോര്‍ത്ത് അഭിമാനിക്കുന്നതായി ശൈഖ് ഹംദാന്‍ പറഞ്ഞു.
രക്തസാക്ഷിയായ ഷാര്‍ജ സ്വദേശി അഹ്മദ് റാശിദ് അല്‍ മസ്‌റൂഇയുടെ കുടുംബത്തെ വാദി അല്‍ ഹിലോയിലെ മജ്‌ലിസിലെത്തിയാണ് ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സമാശ്വസിപ്പിച്ചത്. അഹ്മദ് റാശിദ് അല്‍ മസ്‌റൂഇക്ക് പരലോക വിജയം ലഭിക്കട്ടെയെന്നും കുടുംബത്തിന് ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് അല്ലാഹു പ്രദാനം ചെയ്യട്ടെയെന്നും ശൈഖ് സുല്‍ത്താന്‍ പ്രാര്‍ഥിച്ചു.
ഷാര്‍ജ ഭരണാധികാരി ഓഫീസ് ചെയര്‍മാന്‍ ശൈഖ് സാലിം ബിന്‍ അബ്ദുല്ല റഹ്മാന്‍ അല്‍ ഖാസിമി, ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സൈഫ് അല്‍ സിരി അല്‍ ശംസി തുടങ്ങി ഉന്നതോദ്യോഗസ്ഥരും ശൈഖ് സുല്‍ത്താനോടൊപ്പമുണ്ടായിരുന്നു.