Connect with us

Gulf

കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം; ദുബൈയില്‍ നിരക്ക് കുറഞ്ഞ റെന്റ് എ കാറുമായി ആര്‍ ടി എ

Published

|

Last Updated

റെന്റ് കാര്‍ ഉദ്ഘാടന ചടങ്ങില്‍ ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ
മതര്‍ അല്‍ തായറും ഉന്നതോദ്യോഗസ്ഥരും

ദുബൈ: ചുരുങ്ങിയ സമയങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകക്കൊരുക്കി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി. കഴിഞ്ഞ ദിവസമാണ് സാധാരണക്കാര്‍ക്ക് മണിക്കൂറില്‍ 24 ദിര്‍ഹം മുതല്‍ 30 ദിര്‍ഹം വരെ ചിലവില്‍ വാഹനങ്ങള്‍ ലഭിക്കുന്ന സംവിധാനം ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ ഉത്ഘാടനം നിര്‍വഹിച്ചത്.

പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സ്മാര്‍ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ബുക് ചെയ്യാം. ഇതനുസരിച്ചു ദുബൈയുടെ ഏതു കോണില്‍ നിന്നും വാഹനം സ്വീകരിക്കുകയും യാത്ര അവസാനിക്കുന്നിടത്ത്‌വെച്ച് തന്നെ വാഹനങ്ങള്‍ തിരിച്ചേല്‍പിക്കുന്നതിന് സൗകര്യമൊരുങ്ങും. 50 ഫില്‍സ് നിരക്കിലാണ് ഒരു മിനിറ്റിന് ഈടാക്കുക. ഈ പുതിയ പദ്ധതിയനുസരിച്ച് വാഹനം വാടകക്കെടുക്കുന്നവരില്‍ നിന്നും പാര്‍കിംഗ് ഫീസ്, ഇന്ധന ചെലവ് എന്നിവയടക്കം ദുബൈ ടാക്‌സി ഈടാക്കുന്നതിനേക്കാളും കുറഞ്ഞ നിരക്കിലാണ് വാടകക്ക് എടുക്കുന്ന വാഹങ്ങള്‍ക്കായി ഈടാക്കുക. അതേസമയം വാഹനം വാടകക്കെടുത്ത ആര്‍ ടി എയുടെ കേന്ദ്രത്തില്‍ തന്നെ തിരിച്ചേ ല്‍പിച്ചാല്‍ മിനുറ്റിനു 40 ഫില്‍സ് വെച്ചേ ഇടാക്കുകയുള്ളു. ഇത്തരത്തില്‍ ആറ് മണിക്കൂര്‍വരെ വാഹനങ്ങള്‍ ലഭ്യമാക്കും. റാശിദിയ്യ, ബുര്‍ജുമാന്‍, ഇബിന്‍ ബത്തൂത്ത, യൂണിയന്‍, ബിസിനസ് ബേ മെട്രോ സ്റ്റേഷനുകള്‍ ഉള്‍പെടെ ആര്‍ ടി എയുടെ 45 കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ വാടകക്ക് സജ്ജമാണ്. യു ഡ്രൈവ്, ഏ കാര്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ആര്‍ ടി എ പദ്ധതി നടപ്പാക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ 100 വാഹനങ്ങള്‍ വാടകക്കായി ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാന്‍ നിലവില്‍ ഫീഡര്‍ ബസുകളുടെ സംവിധാനങ്ങള്‍ മാത്രമേയുള്ളൂ.

അവക്ക് പ്രത്യേകമായ റൂട്ടുകളും ഉണ്ട്. കൂടാതെ ടാക്‌സികളില്‍ യാത്ര ചെയ്ത് തങ്ങളുടെ ഉദ്ദിഷ്ട കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിന് സാധാരണക്കാര്‍ക്ക് ഭീമമായ നിരക്ക് നല്‍കേണ്ടി വരും. ഇതിന് ആശ്വാസമായിട്ടാണ് പുതിയ പദ്ധതി.ഇതിലൂടെ യാത്രക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടകേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അടുത്ത മൂന്ന് മാസം പദ്ധതിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. മികച്ച പ്രതികരണം ലഭിക്കുന്നതനുസരിച്ച് ഇലക്ട്രിക് കാറുകളുടക്കം കൂടുതല്‍ വാഹനങ്ങള്‍ ഈ വര്‍ഷാവസാനം പദ്ധതിയോടൊപ്പം ചേര്‍ക്കുമെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു.
മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത ആപ് ഉപയോഗിച്ച് എമിറേറ്റ്‌സ് ഐ ഡി, ഡ്രൈവിംഗ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ വിശദാംശങ്ങളും തിരിച്ചറിയല്‍ രേഖകളുടെ സെല്‍ഫിയും ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യുവാനുള്ള സൗകര്യമുണ്ട്. ഇതിലൂടെ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ഓണ്‍ലൈനായും ബുക് ചെയ്യാം. ആപ്ലിക്കേഷനിലൂടെ വാഹനങ്ങള്‍ ലഭ്യമാകുന്ന ഇടങ്ങളെ തിരയുവാനും സൗകര്യമുണ്ട്.

വാഹനത്തില്‍ കയറിയിരുന്ന ശേഷം ഉപഭോക്താവിന്റെ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ കാറില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണത്തിലേക്ക് നല്‍കുന്നതോടെ യാത്ര ആരംഭിക്കാം. സന്ദര്‍ശക വിസയിലെത്തിയവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സന്ദര്‍ശകര്‍ തങ്ങളുടെ പാസ്‌പോര്‍ടിന്റെയും വിസയുടെയും വിശദാംശങ്ങള്‍ നല്‍കി ആപിലൂടെ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ മതി. ഒരു സംഘത്തിനും മാസ തവണയില്‍ വാഹനം വാടകക്കെടുക്കുവാനുള്ള സൗകര്യമുണ്ട്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ഓരോ അംഗത്തിനും 20 ദിര്‍ഹം മാസ വാടകയായി നല്‍കണം. മെട്രോ സ്റ്റേഷനുകളില്‍ നിന്നും ഒരു നിശ്ചിത സ്ഥലത്തേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. ഒരു സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് സ്ഥിരമായി വാഹനം വാടക്ക് ഉപയോഗിക്കുന്നത് ഗുണകരമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഏ കാര്‍” സംവിധാനത്തിലുള്ളവ മണിക്കൂറുകള്‍ അടിസ്ഥാനത്തിലും “യു ഡ്രൈവ്” സംവിധാനത്തിലുള്ളവ മിനിറ്റുകളുടെ അടിസ്ഥാനത്തിലുമാണ് നിരക്ക് ഈടാക്കുക. വാടകക്കെടുത്ത വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണെങ്കില്‍ ആപ്ലിക്കേഷനിലൂടെ ആര്‍ ടി എ കേന്ദ്രത്തിലേക്ക് സന്ദേശമയച്ചാല്‍ പോലീസ് സേവനം മിനുറ്റുകള്‍ക്കകം ലഭ്യമാകും. തങ്ങളുടെ പ്രത്യേക സംഘം ഉടന്‍ അപകട സ്ഥലത്തെത്തുകയും യാത്രക്കാര്‍ക്ക് മറ്റൊരു വാഹനം നല്‍കുകയും ചെയ്യും, യു ഡ്രൈവ് മാനേജിംഗ് ഡയറക്ടര്‍ ഹസീബ് ഖാന്‍ പറഞ്ഞു. ദുബൈയിലെ സാധാരക്കാരായ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ പ്രയോജനപ്രദമാകുന്ന ഈ നൂതന പദ്ധതി ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

 

Latest