യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വികസിപ്പിക്കണം: കുവൈത്ത്

Posted on: January 16, 2017 12:42 pm | Last updated: January 16, 2017 at 12:42 pm

കുവൈത്ത് സിറ്റി: യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ വികസിപ്പിക്കണമെന്നും, കൂടുതല്‍ സുതാര്യവും പ്രാദേശിക സംതുലിതത്വം സംരക്ഷിക്കപ്പെടുന്ന രൂപത്തിലേക്കും അതിന്റെ ഘടന മാറണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

അറബ് രാജ്യങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും ,യു എന്‍ അജണ്ടയില്‍ വരുന്ന അറബ് വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും നിലവിലെ സാഹചര്യത്തില്‍ കഴിയുന്നില്ല. അതിനു പരിഹാരമെന്ന നിലയില്‍ അറബ് മേഖലയില്‍ നിന്ന് ഒരു സ്ഥിരം പ്രതിനിധി സെക്യൂരിറ്റി കൗണ്‍സിലില്‍ അനിവാര്യമാണ്. യു എന്‍ നവീകരണത്തിനുള്ള അറബ് സമ്മര്‍ദ്ദ ഗ്രൂപ്പ്
കണ്‍വീനറും, കുവൈത്തിന്റെ യു എന്‍ സ്ഥിരാംഗവുമായ മന്‍സൂര്‍ അല്‍ ഒതൈബി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ചര്‍ച്ചയിലും പരാഗണനയിലുമുള്ള യു എന്‍ പരിഷ്‌കരണം ഇനിയും നീട്ടികൊണ്ടു പോവരുത്. അറബ് മേഖലക്ക് ആനുപാതികമായ പ്രാതിനിധ്യവും പരിഗണയും യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഉണ്ടായേ തീരൂ. ഇന്നലെ ദോഹയില്‍ സമാപിച്ച അറബ് ഗ്രൂപ്പ് ഫോര്‍ യു എന്‍ റീഫോം മീറ്റിംഗില്‍ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അല്‍ ഒതൈബി.