അറിവിന്റെ അനുഭവങ്ങള്‍ തേടി ശൈഖ ഹിന്ദിന്റെ അമേരിക്കന്‍ പര്യടനം

Posted on: January 16, 2017 10:02 am | Last updated: January 16, 2017 at 10:02 am

ദോഹ: വിദ്യാഭ്യാസ രംഗത്തെ ആശയങ്ങളും അനുഭവങ്ങളും അടുത്തറിയാന്‍ ഖത്വര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സനും സി ഇ ഒയും ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്‌സനുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനിയുടെ അമേരിക്കന്‍ പര്യടനം. ഖത്വര്‍ ഫൗണ്ടേഷനുമായി ഖലീഫ യൂനിവേഴ്‌സിറ്റിയുമായും വിദ്യാഭ്യാസ രംഗത്ത് സഹകരിച്ചു പ്രവത്തിക്കുന്ന യൂനിവേഴ്‌സിറ്റികളും സ്ഥാപനങ്ങളുമായി അവര്‍ പ്രധാനമായും സന്ദര്‍ശിച്ചത്.
വിദ്യാഭ്യാസ രംഗത്ത് രാജ്യാന്തര സഹകരണങ്ങളുടെ പുതിയ മേഖലകള്‍ തുറക്കാന്‍ ഹിന്ദിന്റെ സന്ദര്‍ശനം വഴി തുറന്നുവെന്ന് ഖത്വര്‍ ഫൗണ്ടേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥിരതയിലേക്കു നയിക്കുന്നതിനുള്ള വിദ്യാഭ്യാസ വഴികള്‍ അന്വേഷിച്ചായിരുന്നു അവരുടെ അഞ്ചു ദിവസത്തെ യാത്ര. കോര്‍ണല്‍ യൂനിവേഴ്‌സിറ്റി, ടെക്‌സാസ് എ ആന്‍ഡ് എം യൂനിവേഴ്‌സിറ്റി, വിര്‍ജിന കോമണ്‍ വെല്‍ത്ത് യൂനിവേഴ്‌സിറ്റി, നോര്‍ത്ത് വെസ്റ്റ് യൂനിവേവ്‌സിറ്റി, കാര്‍ണജി മെലണ്‍ യൂനിവേഴ്‌സിറ്റി, ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി, എച്ച് ഇ സി പാരിസ് ആന്‍ഡ് യൂനിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ എന്നിവിടങ്ങളിലാണ് അവര്‍ സന്ദര്‍ശനം നടത്തിയത്.
ഖത്വര്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസത്തിലൂടെയാണ് എല്ലാം ആരംഭിക്കുന്നതെന്നും എങ്ങനെ തുടങ്ങണമെന്നതു സംബന്ധിച്ചും അറിവു നേടുമെന്നും ശൈഖ് ഹിന്ദ് പറഞ്ഞു. പഠിച്ചു കൊണ്ടേയിരിക്കുക എന്നതാണ് ഖത്വര്‍ ഫൗണ്ടേഷന്റെ നയം. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സ്വാധീനമുണ്ടാക്കുന്ന ഘടകം എന്ന നിലയിലാണ് വിദ്യാഭ്യാസത്തെ കാണുന്നതെന്നും അവര്‍ പറഞ്ഞു.
2008ലാണ് ഖത്വര്‍ ഫൗണ്ടേഷന്റെ ആദ്യത്തെ ബിരുദദാനം നടന്നത്. 2016ലെത്തുമ്പോള്‍ ഇതിനകം 650 പേര്‍ക്ക് ബിരുദം നല്‍കാന്‍ കഴിഞ്ഞു. ഫൗണ്ടേഷനില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ ഇന്ന് രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി വിവിധ മേഖലയില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുകയാണ്.
ബഹുമുഖ സ്വഭാവത്തിലുള്ള അധ്യാപന, ശിക്ഷണ രീതികളാണ് ഖത്വര്‍ ഫൗണ്ടേഷന്‍ സ്വീകരിക്കുന്നത്. എജുക്കേഷന്‍ സിറ്റിയില്‍ നിന്നും പുറത്തു വരുന്ന ബിരുദധാരികള്‍ ഖത്വറിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. രാജ്യാന്തര യൂനിവേഴ്‌സിറ്റികളുമായുള്ള സഹകരണത്തിലൂടെ ടോപ്പ് റാങ്കിംഗ് പ്രോഗ്രാമുകളാണ് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ള പ്രോഗ്രാമുകളാണ് തിരഞ്ഞെടുക്കുന്നതെന്നും ശൈഖ ഹിന്ദ് പറഞ്ഞു. രാജ്യാന്തര സ്വഭാവത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നതില്‍ ഖത്വര്‍ ഫൗണ്ടേഷന് അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്നവേറ്റീവ് എജുക്കേഷനല്‍, പിലാന്ത്രോപിക് ഗവേഷണ കേന്ദ്രങ്ങളും ശൈഖ ഹിന്ദ് സന്ദര്‍ശിച്ചു. ഗൂഗിള്‍ ജിഗ്‌സാവ്, സ്പാര്‍ക് ലാബ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലേ തുടങ്ങിയ സ്ഥാപനങ്ങളിലാണ് അവര്‍ പോയത്. അമേരിക്കയിലെ വിവിധ സ്‌കൂളുകളും അറബി വിദ്യാഭ്യാസ സ്ഥാപനങ്ങളും അവര്‍ സന്ദര്‍ശിച്ചു.