യഥാര്‍ഥ ഉത്സവമാകട്ടെ

Posted on: January 16, 2017 9:16 am | Last updated: January 16, 2017 at 9:16 am
SHARE

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ വേദിയുണരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമെന്ന ഖ്യാതിയുണ്ട് ഈ കലാസംഗമത്തിന്. മാധ്യമങ്ങള്‍ അതിന് നല്‍കുന്ന പ്രധാന്യവും പൊതുസമൂഹം നല്‍കുന്ന പിന്തുണയും സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങളുമെല്ലാം ഈ വസ്തുത വിളിച്ചോതുന്നു. നമ്മുടെ സാസ്‌കാരിക സവിശേഷത അടയാളപ്പെടുത്തുന്ന നിരവധി കലാരൂപങ്ങളെ വേരറ്റ് പോകാതെ നിര്‍ത്തുന്നത് കലോത്സവ വേദികളാണ്. സ്‌കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാനതലങ്ങളില്‍ നടക്കുന്ന കലാപ്രകടനങ്ങള്‍ നിരവധി പ്രതിഭകളെ സൃഷ്ടിക്കുന്നു. അരങ്ങത്ത് കാണുന്നതിന്റെ പല മടങ്ങാണ് ഇത്തരം കലാ സംഗമങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍ഥതയും സ്ഥിരോത്സാഹവും. സംഘാടനമികവിന്റെ നിദര്‍ശനങ്ങളായി കലോത്സവങ്ങള്‍ മാറുന്നതിന് കാരണം തിരശ്ശീലക്ക് പിന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഇത്തരം മനുഷ്യരാണ്. സാംസ്‌കാരിക അപചയത്തിന്റെ സൃഷ്ടികളായ കലാ ആഭാസങ്ങളെ വേദികളിലേക്ക് ആനയിക്കാതിരിക്കുകയും നാടിന്റെ മത, സാസ്‌കാരിക പൈതൃകത്തിന്റെ ആവിഷ്‌കാരമായ കലാരൂപങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യുക വഴി വിവേകപൂര്‍വമായ തിരഞ്ഞെടുപ്പ് ഇവിടെ നടക്കുന്നുണ്ട്. കലോത്സവത്തിന്റെ 57-ാം പതിപ്പ് കണ്ണൂരിലെത്തുമ്പോള്‍ സവിശേഷതകള്‍ ഏറെയുണ്ട്. സംഘടനാമികവില്‍ അദ്വിതീയമാകും ഈ കലോത്സവമെന്നുറപ്പാണ്. തികച്ചും പരിസ്ഥിതി സൗഹൃദപരമാകണം ഇത്തവണത്തെ കലോത്സവമെന്ന് സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളും വലിച്ചെറിയുന്ന പാത്രങ്ങളും പൂര്‍ണമായി ഉപേക്ഷിച്ച് ഹരിത മിഷന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന സംഗമമായി ഇതിനെ മാറ്റാനാണ് ശ്രമം. സംസ്ഥാനത്തെ പുഴകളുടെ പേരാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. നമ്മുടെ ജലസമൃദ്ധിയെ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന വരള്‍ച്ചയെ കുറിച്ച് മുന്നറിയിക്കുകയും ചെയ്യുന്നു ഈ നാമകരണം.
എക്കാലത്തേക്കാളുമുപരിയായി അരുതാത്ത പ്രവണതകളുടെ അരങ്ങായി സ്‌കൂള്‍ കലോത്സവങ്ങള്‍ മാറിയ കാലത്ത് കൂടിയാണ് കണ്ണൂരില്‍ കലയോളമുയരുന്നത്. ജില്ലാ തലത്തില്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ നടന്ന വൃത്തി കെട്ട കളികള്‍ പുറത്തുവന്നു. വിധികര്‍ത്താക്കള്‍ പണം വാങ്ങി മാര്‍ക്കിടുന്നുവെന്നാണ് തെളിഞ്ഞത്. വ്യാജ വിധികര്‍ത്താക്കള്‍ ഉണ്ടായിരുന്നുവെന്നും പറയുന്നു. ആള്‍മാറാട്ടവും നടന്നത്രേ. അതിന്റെ ഭാഗമായാണ് കലോത്സവത്തിന്റെ സര്‍വതലങ്ങളും നിരീക്ഷിക്കാന്‍ വിജിലന്‍സിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. വിജലന്‍സ് ഡയറക്ടര്‍ നേരിട്ട് ഈ പരിശോധനകള്‍ ഏകോപിപ്പിക്കും. ഗ്രേസ് മാര്‍ക്കിനും പ്രശസ്തിക്കുമായി സ്‌കൂളുകള്‍ മത്സരിക്കുകയാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഇടപെടലുകള്‍ കലോത്സവത്തിന്റെ കുട്ടിത്തം കളഞ്ഞ് കുളിച്ചിരിക്കുന്നു. കുതന്ത്രങ്ങളുടെ കൂത്തരങ്ങായി കലോത്സവങ്ങള്‍ അധഃപതിക്കുന്നു. ഒന്നാം നമ്പറായി സ്റ്റേജില്‍ കയറുന്നത് ഒഴിവാക്കാനായി നടത്തുന്ന തന്ത്രങ്ങള്‍ മുതല്‍ അപ്പീല്‍ പ്രവാഹം വരെ ഇതിന് തെളിവാണ്. തോല്‍വി സമ്മതിക്കാനുള്ള വിമുഖതയാണ് അപ്പീലിന് പിന്നിലുള്ളത്. വിധിനിര്‍ണയത്തില്‍ സംശയം ശക്തിപ്പെടുന്നതും ഇതിന് കാരണമാകാം. വിധികര്‍ത്താക്കള്‍ സ്വാധീനത്തിന് വഴിപ്പെടുന്നത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ അപ്പീല്‍ പ്രവാഹത്തിന് വഴിവെക്കുന്നുണ്ട്. എങ്ങനെയും കയറിപ്പറ്റാനാണ് ശ്രമം. വിധി അംഗീകരിക്കാതിരിക്കുകയെന്ന അപകടകരമായ സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്. അപ്പീല്‍ വഴി എത്തിയ കുട്ടി പ്രശസ്തമായ വിജയം കൈവരിച്ചാല്‍ മാധ്യമങ്ങള്‍ അത് പ്രത്യേകം പരാമര്‍ശിക്കുന്നതും വിധിയെ മാനിക്കാതിരിക്കാനുള്ള പ്രവണതയാണ് പരോക്ഷമായി ഉണ്ടാക്കുന്നത്. ലക്ഷങ്ങള്‍ മുടക്കാന്‍ രക്ഷിതാവിന് ശേഷിയില്ലെങ്കില്‍ കുട്ടിക്ക് എത്ര കഴിവുണ്ടായിട്ടും ഒരു കാര്യവുമില്ല. നൃത്തയിനങ്ങളിലും നാടകത്തിലും മറ്റും വേദിയില്‍ കയറണമെങ്കില്‍ ലക്ഷങ്ങള്‍ ഇടിച്ച് തള്ളണം. വന്‍ തുക കൊടുത്ത് പരിശീലകനെ വെക്കണം. പാവപ്പെട്ടവന്റെ കുട്ടിക്ക് ഇതെല്ലാം അപ്രാപ്യമാണ്. കലോത്സവത്തില്‍ സ്‌കൂള്‍തലത്തില്‍ മുന്നിട്ട് നില്‍ക്കുക നഗരത്തിലെ സ്‌കൂളുകളായിരിക്കും. കാരണം അവര്‍ക്ക് കൂടുതല്‍ പണം വാരിയെറിയാന്‍ സാധിക്കും. പോയിന്റിനായി കുട്ടികളെ ചുടുചോറ് വാരിക്കുകയാണ് ചില അധ്യാപകരും രക്ഷിതാക്കളും. കുട്ടികള്‍ക്ക് ഒരു അഭിരുചിയും ഇല്ലാത്ത ഇനങ്ങളില്‍ തീവ്രപരിശീലനം നല്‍കി വേദിയില്‍ കയറ്റുന്നു. തത്തമ്മേ പൂച്ച പൂച്ച പറഞ്ഞ് പഠിച്ചത് കുട്ടികള്‍ ആടുന്നു. കലക്കോ കുട്ടിയുടെ ഭാവിക്കോ ഇത് ഒരു ഗുണവും ഉണ്ടാക്കുന്നില്ല.
കലോത്സവങ്ങളിലെ പണാധിപത്യം അവസാനിപ്പിച്ചേ തീരൂ. ധാര്‍മികമായ ഉള്ളടക്കം കൊണ്ടുവരുന്നതിനായി മാന്വല്‍ സമ്പൂര്‍ണമായി പരിഷ്‌കരിക്കണം. അനാരോഗ്യകരമായ മാത്സര്യം അവസാനിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ആലോചിച്ച് നടപടികള്‍ കൈകൊള്ളണം. കുട്ടികളുടെ മേളയായി ഇതിനെ മാറ്റണം. അവരില്‍ സമ്മര്‍ദവും മാത്സര്യബുദ്ധിയും നിരാശാബോധവുമാണ് നിറക്കുന്നതെങ്കില്‍ ഇത്രയും ഊര്‍ജവും പണവും ചെലവിട്ട്, പാഠ്യപ്രവര്‍ത്തനത്തിനുള്ള സമയം കൊന്ന് എല്ലാ കൊല്ലവും ഇതിങ്ങനെ നടത്തുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? കലോത്സവം യഥാര്‍ഥ ഉത്സവമാകട്ടെ. സഹൃദയത്വത്തിന്റെ ഉത്സവം.

LEAVE A REPLY

Please enter your comment!
Please enter your name here