പോരിനുറച്ച് യാദവ പക്ഷങ്ങള്‍

Posted on: January 16, 2017 9:14 am | Last updated: January 16, 2017 at 9:14 am
SHARE
.

ലക്‌നോ: സൈക്കിള്‍ ചിഹ്നം ആര്‍ക്കെന്നതില്‍ തീരുമാനം മാറ്റിവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍സ് ഉണ്ടാക്കിയെങ്കിലും യു പി സമാജ്‌വാദി പാര്‍ട്ടിയിലെ മുലായം പക്ഷവും അഖിലേഷ് പക്ഷവും തിരക്കിട്ട കൂടിയാലോചനകളിലാണ്. അന്തിമ തീരുമാനം വരുംവരെ കാത്തിരിക്കാന്‍ അവര്‍ തയ്യാറല്ല. ഏത് തീരുമാനം വന്നാലും തയ്യാറായി നില്‍ക്കാനുള്ള തന്ത്രങ്ങളാണ് ഇരുപക്ഷവും ആവിഷ്‌കരിക്കുന്നത്. അതിനിടെ, മുലായം സിംഗിന്റെയും അഖിലേഷ് യാദവിന്റെയും വീടുകളില്‍ ടിക്കറ്റ് മോഹികളുടെ തള്ളിക്കയറ്റവും കണ്ടുതുടങ്ങി.
ആദ്യ ഘട്ട വോട്ടെടുപ്പിലേക്ക് ദിവസങ്ങള്‍ മാത്രമേയുള്ളൂ എന്നതിനാല്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാകുകയാണ് കൂടിയാലോചനകളുടെ ലക്ഷ്യം. ഫെബ്രുവരി 11 മുതല്‍ ആരംഭിക്കുന്ന ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ‘അഖിലേഷ് പാര്‍ട്ടിയുടെ മുഖമാണ്. അതുവെച്ച് തന്നെയാണ് ഞങ്ങള്‍ ജനങ്ങളെ സമീപിക്കുക. പുതിയ ചിഹ്നം വരികയെന്നത് ചില്ലറ പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍, അത് മറികടക്കാന്‍ ഞങ്ങള്‍ സജ്ജമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷ് യാദവ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കുക- അഖിലേഷുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന എം എല്‍ സി സുനില്‍ സിംഗ് പറഞ്ഞു.
ഇരു പക്ഷവും വെവ്വേറെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിട്ടുണ്ടെങ്കിലും രണ്ടിലും ഒരേ പേരുണ്ടെന്നതാണ് കൗതുകകരം. ഇത്തരം കാര്യങ്ങള്‍ ചിഹ്നത്തില്‍ തീരുമാനം വന്ന ശേഷം പരിഹരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. അതിനിടെ, ചിഹ്നം മുലായത്തിന് തന്നെ ലഭിക്കുമെന്നാണ് ആത്മവിശ്വാസമെന്ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശിവപാല്‍ യാദവ് പറഞ്ഞു. ശിവപാലിനെ മാറ്റി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് അഖിലേഷ് നിയമിച്ച നരേഷ് ഉത്തമും ആത്മവിശ്വാസത്തിലാണ്.
പാര്‍ട്ടി ഒറ്റക്കെട്ടായി അഖിലേഷിനൊപ്പം നില്‍ക്കുമെന്നും ചിഹ്നം ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മകരസംക്രാന്തിയോടനുബന്ധിച്ച് ശനിയാഴ്ച ഉത്തം മുലായത്തെ കണ്ടിരുന്നു. അഖിലേഷിന്റെ മുന്നേറ്റത്തിന് അദ്ദേഹത്തിന്റെ പിന്തുണയുണ്ടെന്നാണ് ഉത്തം പറയുന്നത്.