Connect with us

National

ജാട്ട് വിഭാഗം കൈയൊഴിയുന്നു; പടിഞ്ഞാറന്‍ യു പിയില്‍ ബി ജെ പി വിയര്‍ക്കും

Published

|

Last Updated

മുസാഫര്‍നഗര്‍: “മോദി, തേരെ രാജ് മേം, മുഞ്ചി ഗായി ബ്യാജ് മേം, ഔര്‍ പ്രാലി ഗായി ശറം ലിഹാസ് മേം” ജാട്ട് സമുദാക്കാരനായ കര്‍ഷകന്‍ തന്റെ ട്രാക്ടറിന് മുന്നില്‍ നരേന്ദ്ര മോദി സര്‍ക്കാറിനോടുള്ള പ്രതിഷേധ സൂചകമായി എഴുതി വെച്ച വരികളാണ് ഇത്. “മോദി, നിങ്ങളുടെ ഭരണത്തില്‍ വിളെവെടുത്ത നെല്ലെല്ലാം കടം വീട്ടാനേ തികഞ്ഞുള്ളൂ. വൈക്കോലെല്ലാം വെറുതേ കൊടുക്കേണ്ടിവന്നു”- എന്ന് മൊഴിമാറ്റം.
യു പിയിലെ ജാട്ടുകള്‍ ബി ജെ പിയോട് ഇത്തവണ എന്ത് സമീപനം കൈ ക്കൊള്ളുമെന്നതിന്റെ സൂചനയാണ് ഈ ഒറ്റവരി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു പിയിലെ സീറ്റുകളില്‍ വന്‍ വിജയം നേടാന്‍ ജെ പിയെ സഹായിച്ചത് ജാട്ട് വിഭാഗത്തിന്റെ പിന്തുണയായിരുന്നു. ഫെബ്രുവരി 11ന് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ശംലി, കൈരാനാ, മുസാഫര്‍നഗര്‍ ബെല്‍റ്റില്‍ ജാട്ടുകള്‍ നിര്‍ണായക ശക്തിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയോടൊപ്പം നില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജാട്ട് നേതൃത്വം.
നോട്ട് നിരോധനം കര്‍ഷക സമൂഹത്തില്‍ ഉണ്ടാക്കിയ ആഘാതം തന്നെയാണ് പ്രശ്‌നം. പഞ്ചസാര ഫാക്ടറികളില്‍ നിന്ന് പണം ലഭിക്കുന്നില്ല. വിളകളുടെ താങ്ങുവില ഒരു പൈസ വര്‍ധിപ്പിക്കുന്നില്ല. കടം പെരുകുന്നു. റാബി വിളയിറക്കല്‍ താറുമാറായി. കര്‍ഷകരുടെ പരാതികള്‍ നീണ്ടതാണ്. നേരിട്ട് അനുഭവിക്കുന്ന പ്രശ്‌നങ്ങളായതിനാല്‍ അവരുടെ തീരുമാനത്തിനും ഏകരൂപം വന്നിരിക്കുന്നു. വോട്ടവകാശം ബി ജെ പിയെ തോല്‍പ്പിക്കാന്‍ ഉപയോഗിക്കണമെന്ന് മിക്ക ഖാപ് പഞ്ചായത്തുകളും ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഈ മാസം എട്ടിന് 35 ഖാപ് നോതാക്കളും യു പിയില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ആയിരക്കണക്കിന് ജാട്ടുകളും മുസാഫര്‍നഗറിലെ ഖരദില്‍ സമ്മേളിച്ചിരുന്നു. ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. ബി ജെ പിക്ക് വോട്ട് ചെയ്യില്ലെന്ന പരസ്യമായ പ്രഖ്യാപനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. നിരവധി മുസ്‌ലിം ജാട്ടുകളും സമ്മേളനത്തില്‍ പങ്കെടുത്തു. പ്രദേശത്ത് വിദ്വേഷം വിതച്ച് രാഷ്ട്രീയം നോട്ടമുണ്ടാക്കാന്‍ മാത്രമാണ് ബി ജെ പിക്ക് താത്പര്യം. ജാട്ട് സംവരണം അടക്കമുള്ള പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല. സമ്മേളനത്തിന്റെ പ്രധാന വിഷയം സംവരണമായിരുന്നെങ്കിലും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും നോട്ട് നിരോധവുമെല്ലാം രോഷപ്രകടനത്തില്‍ നിറഞ്ഞ് നിന്നു.
“നരേന്ദ്ര മോദി സര്‍ക്കാറില്‍ ജാട്ട് വിഭാഗക്കാര്‍ അതൃപ്തരാണ്. സംവരണം മാത്രമല്ല പ്രശ്‌നം. വാഗ്ദാനം ചെയ്യപ്പെട്ട ഒരു വികസനവും വന്നില്ല. പുറത്ത് ഒന്നു കണ്ണോടിച്ചാല്‍ ഇത് മനസ്സിലാകും. ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന്. കര്‍ഷകര്‍ കൊടും ദുരിതം അനുഭവിക്കുകയാണ്. മോദി വിശ്വസിച്ചാണ് ഞങ്ങളുടെ സ്വന്തം അജിത് സിംഗിനെ (രാഷ്ട്രീയ ലോക് ദള്‍) തോല്‍പ്പിച്ചത്. ഇപ്പോള്‍ എല്ലാം വെറുതെയായി”- സര്‍വ ഖാപ് മഹാമമന്ത്രിയായ ചൗധരി സുഭാഷ് ബാലിയാന്‍ പറയുന്നു.
2013ലെ മുസാഫര്‍നഗര്‍ കലാപം ബി ജെ പി ചവിട്ടുപടിയായി ഉപയോഗിച്ചു. എന്നാല്‍, നഷ്ടം സംഭവിച്ചത് മുഴുവന്‍ ജാട്ടുകള്‍ക്കാണ്. ഞങ്ങളുടെ കുട്ടികള്‍ ജയിലിലാണ്. നീതി കിട്ടാന്‍ ബി ജെ പി അവരെ സഹായിക്കുന്നുണ്ടോ? നേതാക്കള്‍ മന്ത്രിമാരായ ശേഷം ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. മുസ്‌ലിംകളിലെ ദരിദ്രരാണ് അനുഭവിച്ചത്- ബാലിയാന്‍ പറഞ്ഞു. ബി ജെ പി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ എന്തെങ്കിലും പങ്ക് വഹിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. തമ്മില്‍ തല്ലിക്കൊണ്ടേയിരിക്കണമെന്നാണ് ബി ജെ പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
യു പിയിലെ ഏറ്റവും വലിയ ഖാപ് ആയ ഗാത്‌വാലാ ഖാപിന്റെ മേധാവി ഹര്‍കിഷന്‍ സിംഗും സമാനമായ വികാരം പങ്കുവെച്ചു. അവര്‍ കലാപം അഴിച്ചുവിട്ടു. അത് അടങ്ങിയപ്പോള്‍ ദുരിതം മുഴുവന്‍ അനുഭവിക്കാന്‍ ഞങ്ങള്‍ മാത്രം. ഇത്തവണ ബി ജെ പിയെ തോല്‍പ്പിക്കുകയെന്നത് ഉറച്ച തീരുമാനമാണെന്ന് ഹര്‍കിഷന്‍ പറഞ്ഞു.
84 ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട ബല്യാന്‍ ഖാപിന്റെ മേധാവി ചൗധരി നരേഷ് ടികായത്ത് മറ്റൊരു വിധത്തിലാണ് പ്രതികരിക്കുന്നത്. “ആര്‍ക്ക് വോട്ട് ചെയ്യണം. ചെയ്യേണ്ട എന്ന് പറയാന്‍ ഞാന്‍ മുതിരുന്നില്ല. എന്നാല്‍, കര്‍ഷക സമൂഹം മോദി സര്‍ക്കാറില്‍ അതൃപ്തരാണ്. അത് ജാട്ടുകള്‍ മാത്രമല്ല. പഞ്ചസാര കയറ്റുമതി ചട്ടങ്ങള്‍ ഉദാരമാക്കുമെന്നും കരിമ്പിന്റെ വില ക്വിന്റലിന് 450 രൂപയാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു”- നരേഷ് പറഞ്ഞു.
ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയിലും തങ്ങള്‍ തൃപ്തരല്ലെന്ന് ഭൂരിഭാഗം ജാട്ട് സമുദായക്കാരും പറയുന്നു. കലാപത്തില്‍ പക്ഷപാതപരമായ നിലപാടായിരുന്നു എസ് പിയുടേത്. ആര്‍ എല്‍ ഡിയും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കിയാല്‍ മാത്രമേ എസ് പിക്ക് വോട്ട് ചെയ്യുകയുള്ളൂ എന്നും അവര്‍ കൂട്ടിചേര്‍ത്തു.
അജിത് സിംഗ് കര്‍ഷകര്‍ക്ക് വേണ്ടി ഒച്ചവെക്കുകയെങ്കിലും ചെയ്യുമായിരുന്നുവെന്നാണ് ഒരു നേതാവ് പറഞ്ഞത്. അതിര്‍ത്തിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും നോട്ട് നിരോധവുമൊന്നും കര്‍ഷകരുടെ ജീവിതത്തില്‍ ഒരു ഗുണപരമായ മാറ്റവും ഉണ്ടാക്കിയിട്ടില്ല. പണരഹിത സമ്പദ്‌വ്യവസ്ഥ എന്താണ് മനസ്സിലാകുന്നില്ല. എന്തിനും ഏതിനും പാന്‍ കാര്‍ഡ് വേണം. ഇനി നികുതിയും ചോദിക്കും. കര്‍ഷകര്‍ക്ക് പലര്‍ക്കും ബേങ്ക് അക്കൗണ്ട് ഇല്ല, അത്‌കൊണ്ട് മോദിയുമായി “കണക്ഷ”നും ഇല്ല- ഒരു ജാട്ട് നോതാവ് പറഞ്ഞു.

---- facebook comment plugin here -----

Latest