സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ‘നിളാ’ തീരത്ത് ഇന്ന് കൊടിയേറ്റം

Posted on: January 16, 2017 9:01 am | Last updated: January 16, 2017 at 10:31 am
SHARE

കണ്ണൂര്‍: കണ്ണീരു പോലെ മെലിഞ്ഞു നേര്‍ത്ത് ഒഴുകുന്ന ഏകാകിനിയായ പുഴയെ ഓര്‍ത്തെടുത്ത് ‘നിളാ തീരത്ത്’ ഇന്ന് കലയുടെ നറുഭാവങ്ങള്‍ പീലിവിടര്‍ത്തുന്ന മഹോത്സവത്തിന് കൊടിയേറും. നിള, കബനി, ചന്ദ്രഗിരി തുടങ്ങി ഇരുപത് മഹാജലാശയങ്ങളുടെ പേരുള്ള വേദികളില്‍ 232 ഇനങ്ങളിലായി 12,000 വിദ്യാര്‍ഥികളാണ് കലാപൂരത്തില്‍ മാറ്റുരക്കാനെത്തുക. മുഖ്യവേദിയായ കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഗായിക കെ എസ് ചിത്ര ചടങ്ങില്‍ മുഖ്യാതിഥിയാകും. അമ്പത്തിയേഴാം കലോത്സവത്തെ പ്രതിനിധാനം ചെയ്ത് 57 സംഗീതാധ്യാപകര്‍ സ്വാഗതഗാനം ആലപിക്കും.
ഇന്നലെ ഉച്ചയോടെ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ എത്തിത്തുടങ്ങി. ആദ്യമെത്തിയ കുട്ടികളെ പി കെ ശ്രീമതി ടീച്ചര്‍ എം പിയുടെ നേതൃത്വത്തില്‍ മധുരം നല്‍കി സംഘാടകര്‍ സ്വീകരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 2.30ന് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നാണ് കലോത്സവ ഘോഷയാത്ര ആരംഭിക്കുക. 35,000 ചതുരശ്രയടിയിലുള്ള പ്രധാന വേദിയില്‍ ഉദ്ഘാടന ദിവസം തന്നെ ആയിരങ്ങള്‍ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്.
അമ്പതിനായിരം ചതുരശ്രയടിയിലാണ് ഊട്ടുപുര. എല്ലാ കലാമേളകളിലും പാചകത്തിന് നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് ഇത്തവണയും മത്സരാര്‍ഥികള്‍ക്ക് വിരുന്നൊരുക്കുക. പാചകപ്പുരയിലെ പാലുകാച്ച് ചടങ്ങും ഇന്നലെ നടന്നു. മത്സരിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ ഇക്കുറി നടപടി കൈക്കൊണ്ടിട്ടുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷകള്‍ യാത്രാനിരക്ക് കുറച്ച് സര്‍വീസ് നടത്തുന്നതിനുള്ള പദ്ധതിയും ആദ്യമായാണ് തുടങ്ങിത്. കലോത്സവത്തിനെത്തുന്നവരുടെ പരാതികള്‍ക്ക് ഉടനടി പരിഹാരമുണ്ടാക്കാന്‍ പ്രധാനവേദിക്കരികില്‍ ഡി ഇ ഒയുടെ ചുമതലയില്‍, ഐ ടി അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ പ്രത്യേക വിഭാഗവും ഇത്തവണ സജ്ജീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here