സഊദിയില്‍ ആരോഗ്യമേഖലയിലെ നിയമലംഘനങ്ങള്‍ക്ക് ജയില്‍ ശിക്ഷ

Posted on: January 15, 2017 3:55 pm | Last updated: January 15, 2017 at 3:55 pm

ദമ്മാം: ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങള്‍ക്ക് ജയില്‍ ശിക്ഷാ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് സഊദി പ്രൊസിക്യൂഷന്‍ & ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്. ആരോഗ്യമന്ത്രാലയവും ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലൈസന്‍സ് ഇല്ലാതെയുള്ള പ്രാക്ടീസിംഗ്, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ഇടപാടുകാരെ ആകര്‍ഷിപ്പിക്കുന്നതിനായി വ്യാജ ആരോഗ്യ പ്രൊഫഷനലുകളുടെ മാധ്യമ ഉപയോഗം, രോഗികള്‍ക്ക് തെറ്റായ മാര്‍ഗനിര്‍ദ്ദേശം നല്‍കല്‍, ലൈസന്‍സ് ഇല്ലാത്ത മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗം, മനുഷ്യാവയവങ്ങളുടെ വില്പന എന്നിവയാണ് ഈ കരാറില്‍ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍.

രോഗികളെ അപകടത്തിലേക്ക് നയിക്കാനിടയാക്കുന്ന വ്യാജ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ മറ്റു കടുത്ത നടപടികളുമുണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയം വാക്താവ് മിഷാല്‍ അല്‍ റുബൈആന്‍ പറഞ്ഞു. മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ സേവനം ചെയ്യുന്നവര്‍ ശരിയായ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടൊപ്പം മതിയായ പരിശീലനവും നേടിയിരിക്കണം.