സോഷ്യല്‍ മീഡിയയില്‍ പരാതിയുന്നയിച്ചാല്‍ നടപടി: കരസേനാമേധാവി

Posted on: January 15, 2017 3:51 pm | Last updated: January 15, 2017 at 11:36 pm

ന്യൂഡല്‍ഹി: ജവാന്‍മാര്‍ സോഷ്യല്‍ മീഡിയ വഴി പരാതിയുന്നയിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കരസേനാമേധാവി ബിപിന്‍ റാവത്. ജവാന്‍മാര്‍ക്ക് പരാതിയുന്നയിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. അവിടെ പരാതി ബോധിപ്പിച്ചിട്ട് തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കില്‍ തന്നെ നേരിട്ട് സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. കരസേനാദിനത്തിന്റെ ഭാഗമായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വെള്ളിയാഴ്ച നായിക് യാഗ പ്രതാപ് സിംഗ് എന്ന ജവാന്‍ സൈനിക മേധാവികളുടെ വിവിധ നടപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയിരുന്നു. വളരെ മോശപ്പെട്ട ജവാന്‍മാര്‍ക്ക് ലഭിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. പ്രഭാതഭക്ഷണമായി പൊറോട്ടയും ചായയും മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഉന്നത ഓഫീസര്‍മാരുടെ ‘സഹായക്’ ആയി നിയമിക്കപ്പെടുന്ന ജവാന്‍മാരുടെ ദുരിതത്തെ കുറിച്ചൂം അദ്ദേഹം പറഞ്ഞിരുന്നു. സഹായക് ആയി സേവനം ചെയ്യുന്ന ജവാന്‍മാരെക്കൊണ്ട് ഉന്നത ഓഫീസര്‍മാര്‍ ഷൂ പോളീഷ് ചെയ്യിക്കരുതെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് താനയച്ച കത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.