എസ് എസ് എഫ് പ്രതിനിധി സമ്മേളനം തുടങ്ങി

Posted on: January 15, 2017 10:37 am | Last updated: January 15, 2017 at 10:37 am
SHARE

തിരൂര്‍: ‘ഒത്തുതീര്‍പ്പല്ല നീതിയുടെ തീര്‍പ്പുകളാവാന്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തിരൂരില്‍ തുടക്കമായി. സമാപന ദിവസമായ ഇന്ന് അരലക്ഷം പേര്‍ പങ്കെടുക്കുന്ന ഐതിഹാസികമായ വിദ്യാര്‍ഥി റാലി നടക്കും. വൈകീട്ട് നാലിന് തിരൂര്‍ പയ്യനങ്ങാടിയില്‍ നിന്നാരംഭിച്ച് സമ്മേളന നഗരിയായ തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് റാലി സമാപിക്കുക.
ഇന്നലെ തിരൂര്‍ എം ഇ ടി സെന്‍ട്രല്‍ സ്‌കൂളില്‍ ആരംഭിച്ച സംസ്ഥാന കൗണ്‍സില്‍ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ പ്രസംഗിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു. വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 പേരാണ് കൗണ്‍സിലര്‍മാര്‍. ഇന്ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും. എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, കെ അബ്ദുല്‍ കലാം വിവിധ സെഷനുകളില്‍ പ്രസംഗിക്കും. 17 ജില്ലാ ഘടകങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളായ 400 പേരാണ് പ്രതിനിധികളായെത്തുക.
വൈകീട്ട് അഞ്ചിന് തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തില്‍ എസ് എസ് എഫിന്റെ പുതിയ നേതൃത്വത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിക്കും. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, മുഹമ്മദലി കിനാലൂര്‍ പ്രസംഗിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.