സമസ്ത ഉലമാ സമ്മേളനം മാര്‍ച്ച് മൂന്നിന് തുടങ്ങും

Posted on: January 15, 2017 10:34 am | Last updated: January 15, 2017 at 10:34 am

കേച്ചേരി: സമസ്ത ഉലമാ സമ്മേളനം മാര്‍ച്ച് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തൃശൂര്‍ താജുല്‍ ഉലമാ നഗറില്‍ നടക്കും. മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അംഗത്വ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമായി 25,000 പണ്ഡിതര്‍ സമ്മേളനത്തില്‍ സ്ഥിരം പ്രതിനിധികളാകും. ഒന്നാം ദിവസമായ മാര്‍ച്ച് മൂന്നിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ബഹുജന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദേശ പ്രതിനിധികളും ആഗോള ഇസ്‌ലാമിക പണ്ഡിതരും സംബന്ധിക്കും.
ആഗോളതലത്തിലെ ഇസ്‌ലാമിക ചലനങ്ങളും നവ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുന്ന സമ്മേളനം വര്‍ത്തമാനകാല ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന് ദിശാബോധം നല്‍കാനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കും. മതേതര ജനാധിപത്യ ഭൂമികയില്‍ ഇസ്‌ലാമിക ദഅവക്കും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും പണ്ഡിതന്‍മാര്‍ക്ക് പരിശീലനം നല്‍കും .
കേച്ചേരിയില്‍ നടന്ന ബഹുജന സംഗമത്തില്‍ വെച്ച് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി സമ്മേളന പ്രഖ്യാപനം നടത്തി. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി എസ് കെ മൊയ്തു ബാഖവി സ്വാഗതം പറഞ്ഞു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പ്രൊഫ. കെ എം എ റഹീം, മജീദ് കക്കാട്, സി പി സൈതലവി ചെങ്ങര പ്രസംഗിച്ചു. മൊയ്തീന്‍ കുട്ടി ബാഖവി, അബൂബക്കര്‍ മുസ്‌ലിയാര്‍ വെന്മേനാട്, അബ്ദു മുസ്‌ലിയാര്‍ താനാളൂര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, ഇസ്സബുദ്ദീന്‍ സഖാഫി കൊല്ലം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, മുഹമ്മദ് പറവൂര്‍, മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം, വി എച്ച് അലി ദാരിമി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി കെ ബാവ ദാരിമി, അഡ്വ. പി യു അലി സംബന്ധിച്ചു. സയ്യിദ് ഫസല്‍ വാടാനപ്പള്ളി നന്ദി പറഞ്ഞു.