രഞ്ജിയില്‍ ചരിത്രമെഴുതി പാര്‍ഥീവിന്റെ ഗുജറാത്ത്

Posted on: January 15, 2017 10:31 am | Last updated: January 15, 2017 at 10:31 am
SHARE

ഇന്‍ഡോര്‍: ക്യാപ്റ്റന്‍ പാര്‍ഥീവ് പട്ടേല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രഞ്ജി ട്രോഫിയില്‍ പുതുചരിതമെഴുതി ഗുജറാത്ത് ചാമ്പ്യന്‍മാര്‍. ഫൈനലില്‍ അഞ്ച് വിക്കറ്റിന് മുംബൈയെ തോല്‍പ്പിച്ചു.
സ്‌കോര്‍ : മുംബൈ 228 & 411 ; ഗുജറാത്ത് 328 & 313/5 (89.5).
ഒന്നാം ഇന്നിംഗ്‌സില്‍ 90 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 143 റണ്‍സും നേടിയ ഗുജറാത്ത് നായകന്‍ പാര്‍ഥീവ് പട്ടേലാണ് ഫൈനലിലെ കേമന്‍.
312 റണ്‍സ് വിജയലക്ഷ്യം മുംബൈ ഉയര്‍ത്തിയതോടെ ഫൈനല്‍ ആവേശകരമായി. ഒന്നാം ഇന്നിംഗ്‌സില്‍ 328ന് ആള്‍ ഔട്ടായ ഗുജറാത്തിനെ രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ചുകെട്ടാമെന്ന കണക്ക് കൂട്ടലിലായിരുന്നു മുംബൈ. അവസാന ദിനമായ ഇന്നലെ 47/0 എന്ന നിലയില്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും വീണു. പ്രിയാങ്ക് പഞ്ചലാണ് ആദ്യം മടങ്ങിയത്. 47 പന്തില്‍ 34 റണ്‍സെടുത്ത പ്രിയാങ്കിനെ ബല്‍വീന്ദര്‍ സന്ദുവാണ് പുറത്താക്കിയത്. നാല് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഗുജറാത്തിന് രണ്ടാമത്തെ വിക്കറ്റും നഷ്ടമായി.
ഭാര്‍ഗവ് മിറെയിനെ ബല്‍വീന്ദര്‍ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ട് റണ്‍സ് മാത്രമായിരുന്നു വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാന്റെ സംഭാവന. ഓപണര്‍ സമിത് ഗോഹലിനൊപ്പം ക്യാപ്റ്റന്‍ പാര്‍ഥീവ് പട്ടേല്‍ ചേര്‍ന്നു. പതിയെ കരകയറാന്‍ തുടങ്ങിയ ഗുജറാത്തിന് ഓപണര്‍ ഗോഹലിനെ നഷ്ടമായതോടെ അപായം മണത്തു. 87 പന്തുകള്‍ നേരിട്ട ഗോഹല്‍ 21 റണ്‍സെടുത്തു. മുംബൈ ബൗളര്‍മാരെ വിദഗ്ധമായി പ്രതിരോധിച്ച ഗോഹലിന്റെ പുറത്താകലോടെ പാര്‍ഥീവ് പട്ടേലിന് ഉത്തരവാദിത്വമേറി. അഞ്ചാമനായെത്തിയ മന്‍പ്രീത് ജുനേജക്കൊപ്പം ശ്രദ്ധയോടെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി.
ജുനേജയോട് പ്രതിരോധിച്ചു നില്‍ക്കാന്‍ ആവശ്യപ്പെട്ട പാര്‍ഥീവ് ആക്രമണോത്സുകത കാണിച്ചു. ഇതാണ് ഗുജറാത്തിന്റെ വിജയമന്ത്രമായത്. ഇരുപത്തിനാല് ബൗണ്ടറികളാണ് പാര്‍ഥീവിന്റെ ബാറ്റില്‍ നിന്ന് ഒഴുകിയത്. 196 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ 143 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. എന്നാല്‍, അതിന് മുമ്പ് ജുനേജ പുറത്തായിരുന്നു. 115 പന്തുകള്‍ നേരിട്ട ജുനേജ 54 റണ്‍സെടുത്താണ് മടങ്ങിയത്. ഹെര്‍വാദ്കറിനാണ് വിക്കറ്റ്. നാലാം വിക്കറ്റില്‍ പാര്‍ഥീവ്-ജുനേജ സഖ്യം 116 റണ്‍സ് ചേര്‍ത്തു. ഇത് നിര്‍ണായകമായി. അഞ്ചാം വിക്കറ്റില്‍ റുജുല്‍ ഭട്ടിനൊപ്പം 94 റണ്‍സിന്റെ സഖ്യമുണ്ടാക്കിയ ശേഷമാണ് പാര്‍ഥീവ് മടങ്ങിയത്. അപ്പോഴേക്കും ടീംസ്‌കോര്‍ 299 ല്‍ എത്തിയിരുന്നു. വിജയത്തിന് പതിനാല് റണ്‍സകലെയായിരുന്നു ക്യാപ്റ്റന്റെ മടക്കം. 77 പന്തുകളില്‍ 27 റണ്‍സുമായി പാര്‍ഥീവിന് അഞ്ചാം വിക്കറ്റില്‍ മികച്ച പിന്തുണ നല്‍കിയ റുജുല്‍ ഏഴാം നമ്പറിലെത്തിയ ചിരാഗ് ഗാന്ധിക്കൊപ്പം (പതിനൊന്ന് പന്തില്‍ 11) ഗുജറാത്തിനെ വിജയതീരത്തെത്തിച്ചു.