റഷ്യക്കെതിരായ ഉപരോധത്തിന് കൂടുതല്‍ ആയുസ്സില്ലെന്ന് ട്രംപ്

Posted on: January 15, 2017 10:26 am | Last updated: January 15, 2017 at 10:26 am
SHARE

വാഷിംഗ്ടണ്‍: റഷ്യക്കെതിരായ ഉപരോധം എടുത്ത് കളയുമെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി റഷ്യ ഹാക്കിംഗ് നടത്തിയെന്നും ഇതിന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഒബാമ ഭരണകൂടം റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്.
എന്നാല്‍, റഷ്യക്കെതിരായ നിലപാടുകള്‍ക്ക് കൂടുതല്‍ ആയുസ്സില്ലെന്നും കുറഞ്ഞ കാലത്തേക്ക് മാത്രമേ അത്തരം നയങ്ങള്‍ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒറ്റ ചൈനക്കെതിരായ നിലപാട് മയപ്പെടുത്തി ചൈനയുമായി സൗഹൃദം പങ്കുവെക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്.
ട്രംപിന് വേണ്ടി റഷ്യ യു എസ് തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് അധികാരത്തിലേറുന്നതിന് തൊട്ടുമുമ്പുള്ള ട്രംപിന്റെ പ്രസ്താവന. അധികാരത്തിലേറിയാല്‍ റഷ്യയുമായുള്ള അമേരിക്കയുടെ പതിറ്റാണ്ടുകള്‍ നീണ്ട അഭിപ്രായവ്യത്യാസങ്ങള്‍ക്ക് മഞ്ഞുരുക്കം ഉണ്ടാകുമെന്ന് ട്രംപ് ഒരിക്കല്‍ കൂടി വ്യക്തമാക്കി.
അതിനിടെ, തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് യു എസ് സെനറ്റ് കമ്മിറ്റി വ്യക്തമാക്കി. റഷ്യയുമായി കൈകോര്‍ക്കാനിരിക്കുന്ന ട്രംപിന്റെ ശ്രമം തന്ത്രപൂര്‍വം തടയാന്‍ തന്നെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.
എന്നാല്‍, 90 ദിവസത്തിനുള്ളില്‍ റഷ്യക്കെതിരായ ഹാക്കിംഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനായി താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയുമായി ചേര്‍ന്ന് ഇസിലടക്കമുള്ള തീവ്രവാദ ശക്തികളെ നേരിടുമെന്ന് ട്രംപ് സൂചന നല്‍കിയിട്ടുണ്ട്. സിറിയന്‍ വിഷയത്തിലും റഷ്യക്കൊപ്പം ഇടപെടല്‍ നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
റഷ്യയുമായുള്ള ട്രംപിന്റെ അടുപ്പം ഭീതിയോടെയാണ് യു എസ് ജനങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളും നോക്കിക്കാണുന്നത്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ലോകത്തുണ്ടാകുമെന്ന സൂചനയാണ് ഈ ഒരുമിക്കല്‍ നല്‍കുന്നത്. ട്രംപിന്റെ മുസ്‌ലിം, കുടിയേറ്റവിരുദ്ധ നയങ്ങള്‍ എതിര്‍പ്പില്ലാതെ നടപ്പിലാക്കപ്പെടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.