ഹിറ്റ്‌ലറും മുസോളിനിയും നല്ല ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു: രാഹുല്‍

Posted on: January 15, 2017 10:23 am | Last updated: January 15, 2017 at 10:23 am

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടുകളില്‍ നിന്ന് മാറ്റണമെന്ന വിവാദ പരാമര്‍ശം നടത്തിയ ഹരിയാന ബി ജെ പി മന്ത്രി അനില്‍ വിജിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ഏകാധിപതികളായ ഹിറ്റ്‌ലര്‍, മുസോളനി എന്നിവരും കരുത്തുറ്റ ബ്രാന്‍ഡുകള്‍’ ആയിരുന്നുവെന്നാണ് ട്വീറ്റിലൂടെയുള്ള രാഹുലിന്റെ പരിഹാസം. അനില്‍ വിജിന്റെ പ്രസ്താവന വീഡിയോ ഷെയര്‍ ചെയ്താണ് രാഹുലിന്റെ പരാമര്‍ശം. ഖാദി കമ്മീഷന്‍ ഇറക്കിയ കലണ്ടറില്‍ ഗാന്ധിയെ മാറ്റി മോദിയുടെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അനില്‍ വിജിന്റെ വിവാദ പ്രതികരണം. മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടുകളില്‍ ഉപയോഗിക്കുന്നതിനാലാണ് നോട്ടിന്റെ വിലയിടിയുന്നത്. ഗാന്ധിജിയുടെ പേര് ഖാദി ഉത്പന്നങ്ങളുടെ വില്‍പ്പന കുറച്ചു. എന്നാല്‍ മോദി ഖാദി ഉത്പന്നങ്ങളുടെ പ്രചാരകനായതോടെ വില്‍പന 14ശതമാനം വര്‍ധിച്ചു. ഇതേ അവസ്ഥ നോട്ടിന്റെ കാര്യത്തിലും സംഭവിക്കും. അതിനാല്‍ കലണ്ടറുകളില്‍ നിന്ന് മാത്രമല്ല നോട്ടുകളില്‍ നിന്നും ഗാന്ധിയെ പിന്‍വലിക്കണമെന്നായിരുന്നു അനില്‍ വിജിന്റെ പരാമര്‍ശം.