Connect with us

Ongoing News

ഒബാമ നല്ല പ്രസിഡന്റായിരുന്നോ?

Published

|

Last Updated

വികാരനിര്‍ഭരമായ വാക്കുകള്‍ വിതറിയും കണ്ണീര്‍ വാര്‍ത്തും കേള്‍വിക്കാരുടെ കണ്ണ് നനയിച്ചും അമേരിക്കയിലെ ആദ്യത്തെ കറുത്ത പ്രസിഡന്റ് തന്റെ രണ്ട് ഊഴം പൂര്‍ത്തിയാക്കി പടിയിറങ്ങിയിരിക്കുന്നു. ബരാക് ഒബാമ നല്ല പ്രസംഗകനാണ്. മനോഹരമായും സുവ്യക്തമായും സംസാരിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് തന്നെ ആധാരമായത്. ഷിക്കാഗോയിലെ വിടവാങ്ങല്‍ പ്രസംഗവും സുന്ദരമായിരുന്നു. തന്റെ പ്രസിഡന്‍ഷ്യല്‍ കാലം നേട്ടങ്ങളാല്‍ സമ്പന്നമാണെന്ന് വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ അന്തസ്സുയര്‍ത്തിയെന്നും രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കിയെന്നും ഉസാമയെയടക്കം അമേരിക്കക്ക് നേരെ നീങ്ങിയ എല്ലാവരെയും വധിച്ചുവെന്നും തീവ്രാദ ഗ്രൂപ്പുകളെ അവയുടെ മടകളില്‍ ചെന്ന് വെല്ലുവിളിച്ചുവെന്നും ഒബാമ വാചാലനായി. ഒബാമകെയര്‍ എന്ന് വിളിക്കപ്പെട്ട ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയെക്കുറിച്ചും അദ്ദേഹം ഊറ്റം കൊണ്ടു. പ്രസിഡന്റല്ല ജനതയാണ് മാറ്റം കൊണ്ടുവരികയെന്ന് അദ്ദേഹം എളിമ കൊണ്ടു. റഷ്യയും ചൈനയും എതിരാളികള്‍ തന്നെയാണെന്ന് ആവര്‍ത്തിച്ചും കുടിയേറ്റക്കാര്‍ അമേരിക്കന്‍ തൊഴില്‍ സേനയുടെയും വികസനത്തിന്റെയും ഭാഗമാണെന്ന് പ്രഖ്യാപിച്ചും തന്റെ പിന്‍ഗാമിയായി കസേരയിലിരിക്കാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപിനെ അടിക്കാനും ഒബാമക്ക് സാധിച്ചു. മുസ്‌ലിംകള്‍ക്കെതിരായ വിവേചനങ്ങളില്‍ ഷിക്കാഗോ പ്രസംഗത്തിലും ഒബാമ വിലപിക്കുന്നുണ്ട്. മുസ്‌ലിംകളുടെ ദേശസ്‌നേഹത്തിന്റെ ദാര്‍ഢ്യം അദ്ദേഹം എടുത്തു പറയുകയും ചെയ്തു. നല്ല ഭര്‍ത്താവും നല്ല പിതാവും നല്ല പ്രസിഡന്റും ആത്യന്തികമായി നല്ല മനുഷ്യനുമാണ് താനെന്ന് സമര്‍ഥിക്കാനാണ് ഒബാമ തന്റെ വാക്കുകള്‍ ഉപയോഗിച്ചത്.
കുറ്റസമ്മതങ്ങളും സ്വയം വിമര്‍ശങ്ങളുമാണ് ഈ പ്രസംഗത്തെ ചരിത്രപരമാക്കുന്നത്. അമേരിക്കയില്‍ ഇപ്പോഴും വര്‍ണ, വംശവെറി നിലനില്‍ക്കുന്നുവെന്ന് സമ്മതിക്കാന്‍ ഒബാമ തയ്യാറായി. അത്തരമൊരു കുറ്റസമ്മതം അദ്ദേഹത്തിന്റെ ഹൃദയവിശാലതയെയല്ല മറിച്ച് സാഹചര്യങ്ങളുടെ സമ്മര്‍ദത്തെയാണ് കാണിക്കുന്നത്. രണ്ട് ഊഴങ്ങളിലും തൊണ്ണൂറ് ശതമാനത്തിലധികം കറുത്ത വര്‍ഗക്കാരും ഒബാമയെയാണ് പിന്തുണച്ചിരുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന ഒരാള്‍ പ്രസിഡന്റ്പദവിയില്‍ ഇരിക്കുമ്പോള്‍ ചുരുങ്ങിയത് ഭരണ, നിയമരംഗങ്ങളിലെങ്കിലും നീതി ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ സാമൂഹിക വിവേചനത്തിന്റെ അടരുകള്‍ കൂടുതല്‍ ശക്തമാകുകയും നീതിന്യായ രംഗത്ത് പോലും വംശീയത പടരുന്നതുമാണ് ഒബാമയുടെ ഭരണകാലത്ത് കണ്ടത്. വിടവാങ്ങല്‍ പ്രസംഗത്തിന്റെ വിങ്ങലിലും വര്‍ണവെറിയെക്കുറിച്ച് അദ്ദേഹത്തിന് വിലപിക്കേണ്ടി വരുന്നുവെങ്കില്‍ അതിനര്‍ഥം അമേരിക്കയുടെ വര്‍ണപരമായ തിരുത്തായിരുന്നില്ല ഒബാമയെന്നാണ്. കറുത്തവനെ പ്രസിഡന്റാക്കിയത് വെറും പ്രതിച്ഛായാ നിര്‍മിതിയുടെ ഭാഗം മാത്രമായിരുന്നു.
ഒബാമയുടെ മറ്റൊരു പ്രഖ്യാപനം തോക്കു നിയമം കര്‍ക്കശമാക്കുമെന്നായിരുന്നു. ഈ ദിശയില്‍ ഒന്നും ചെയ്യാനാകാതെയാണ് അദ്ദേഹം പടിയിറങ്ങുന്നത്. പ്രസിഡന്റ്പദമേറിയ ശേഷം ഒരു ഡസനിലധികം തവണയെങ്കിലും ചോരച്ചാലുകള്‍ക്ക് മുന്നില്‍ നിന്ന് ഒബാമ തോക്ക് നിയന്ത്രണ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഒന്നാമൂഴത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ വ്യക്തമായി ഒബാമ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് മാത്രമാണെന്ന്. അദ്ദേഹം തുടര്‍ച്ച മാത്രമാണ്. സീനിയര്‍ ബുഷിന്റെയും ജൂനിയര്‍ ബുഷിന്റേയും തുടര്‍ച്ച.
ഗ്വാണ്ടനാമോ ജയിലില്‍ നിന്ന് ചിലരെയെങ്കിലും തുറന്ന് വിടാന്‍ ഭരണത്തിന്റെ അസ്തമയം വരെ കാത്തിരിക്കേണ്ടി വന്നു. ഇറാഖില്‍ ബുഷ് ഭരണകൂടം കൈകൊണ്ട വംശീയ വിഭജന നയം തന്നെയാണ് ഒബാമ പിന്തുടര്‍ന്നത്. ശിയാപക്ഷം പിടിച്ച ആ നയത്തിന്റെകൂടി ഉപോത്പന്നമാണ് ഇസില്‍ തീവ്രവാദികള്‍. ലിബിയയില്‍ ബോംബ് വര്‍ഷിച്ചിട്ട് എന്ത് നേടി? ഗദ്ദാഫിയെ കൊന്നു. അത്രമാത്രം. ഒരു ബദല്‍ സംവിധാനവും അവിടെ വന്നില്ല. സിറിയ മനുഷ്യക്കുരുതിയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. റഷ്യയുമായി കൈകോര്‍ക്കാനിരിക്കുന്ന ട്രംപ് അധികാരമേറുന്നതോടെ സിറിയ കൂടുതല്‍ അരക്ഷിതമാകും.
സുരക്ഷാ ഏജന്‍സികള്‍ തയ്യാറാക്കി കൊടുക്കുന്ന പട്ടികയില്‍ നോക്കി ആളെക്കൊല്ലുന്ന പരിപാടി ശക്തമായത് ഒബാമയുടെ കാലത്താണ്. ദോഷം പറയരുതല്ലോ. ഇറാനുമായും ക്യൂബയുമായും ബരാക് ഒബാമ സൃഷ്ടിച്ച സൗഹൃദത്തിന്റെ പുതിയ അധ്യായങ്ങള്‍ അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒന്നാണ്. എന്നാല്‍ അവയും എത്രമാത്രം ആത്മാര്‍ഥമായിരുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു. ഒബാമ ഒരു നല്ല മനുഷ്യനാണ്. നല്ല ഭര്‍ത്താവും പിതാവുമായിരിക്കാം. എന്നാല്‍ അദ്ദേഹം മാറ്റങ്ങള്‍ കൊണ്ടു വന്ന പ്രസിഡന്റാണെന്ന് പറയാനാകില്ല. സ്വന്തം പൗരന്‍മാരില്‍ അദ്ദേഹം സൃഷ്ടിച്ച ഇച്ഛാഭംഗത്തിന്റെയും സ്വപ്ന നഷ്ടത്തിന്റെയും ഫലമായി കൂടിയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന വംശീയവാദി രാജ്യത്തിന്റെ പ്രസിഡന്റ്പദത്തിലെത്തുന്നത്. ട്രംപിനെ താന്‍ പ്രതിരോധിച്ചുവെന്ന് വരുത്താന്‍ ഇരുപത്തിനാലാം മണിക്കൂറില്‍ യു എന്‍ രക്ഷാസമിതിയില്‍ ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്തത് കൊണ്ടോ ഇസ്‌റാഈല്‍വിരുദ്ധ നടപടിക്ക് മുതിര്‍ന്നത് കൊണ്ടോ ഈ സത്യം മറച്ച് വെക്കാനാകില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്