Connect with us

Editorial

കശ്മീര്‍ പ്രശ്‌നത്തിന് മാനുഷിക മുഖം

Published

|

Last Updated

ബി ജെ പി കശ്മീര്‍ ഘടകം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഏറെക്കുറെ വസ്തുതാപരവും നിഷ്പക്ഷവുമാണ് കശ്മീര്‍ പ്രശ്‌നത്തില്‍ യശ്വന്ത് സിന്‍ഹ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വിഷയത്തിന്റെ മാനവിക വശം പരിഗണിക്കാതെ കേവല ദേശീയ സുരക്ഷയുടെഅടിസ്ഥാനത്തില്‍ മാത്രം നോക്കിക്കാണുന്ന കേന്ദ്ര നിലപാടാണ് കശ്മീര്‍ അപരിഹാര്യ പ്രശ്‌നമായി തുടരാനിടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാറിലുള്ള വിശ്വാസം കശ്മീരികള്‍ക്ക് നഷടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കശ്മീരിന്റെ മണ്ണില്‍ ചില സംഘ്പരിവാര്‍ നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പ്രസ്താവനകളും കശ്മീരികളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതിന്റെ ജമ്മു പ്രസ്താവന അവരില്‍ കടുത്ത അസംതൃപ്തിയാണുളവാക്കിയത്. ഇന്ത്യന്‍ ഭരണകൂടം തങ്ങളോട് വിവേചനം കാണിക്കുന്നതായും അവര്‍ക്ക് പരാതിയുണ്ട്. ജനവികാരം ഉള്‍ക്കൊണ്ട് പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ സംഘര്‍ഷവും നാശനഷ്ടങ്ങളും മരണങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് സമിതി വിലയിരുത്തുന്നു. ജനങ്ങളോട് സൈന്യം മനുഷ്യത്വപരമായി പെരുമാറുക, ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണെന്ന ബോധം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ബലപ്രയോഗത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും മാര്‍ഗം വെടിയുകയും ജനങ്ങളുമായി ജനാധിപത്യപരമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുക, ഹുര്‍റിയത്ത് നേതാക്കളും മറ്റുമായി തുറന്ന സംഭാഷണത്തിന് സന്നദ്ധമാകുക തുടങ്ങിയവയാണ് പ്രശ്‌ന പരിഹാരത്തിന് സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍.
പത്ത് വര്‍ഷത്തോളമായി കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡയലോഗ് ആന്‍ഡ് റികണ്‍സിലിയേഷന്‍ എന്ന സംഘടനയാണ് കശ്മീര്‍ പ്രശ്‌നം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സൈനികര്‍ വ്യാജഏറ്റുമുട്ടലില്‍ വധിച്ചത് മുതല്‍ അവിടെ തുടര്‍ന്ന് വരുന്ന പ്രക്ഷോഭങ്ങളുടെയും സംഘര്‍ഷങ്ങ ളുടെയും പശ്ചാത്തലത്തിലായിരുന്നു ഇത്. പഠനത്തിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി കശ്മീര്‍ സന്ദര്‍ശിച്ച സമിതി രാഷ്ട്രീയ നേതാക്കളുമായും ഹുര്‍റിയത്ത് ഭാരവാഹികളുമായും സാധാരണക്കാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കശ്മീരികളോട് പലപ്പോഴും വിശ്വാസ വഞ്ചനയും വാഗ്ദത്ത ലംഘനവുമാണ് ഭരണ നേതൃത്വങ്ങള്‍ കാണിച്ചത്. 1947 ഒക്ടോബര്‍ 26 ന് കശ്മിരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ അവര്‍ സമ്മതിച്ചത് ചില നിബന്ധനകളോടെയാണ്. കശ്മീര്‍ തര്‍ക്ക പ്രദേശമായതിനാല്‍ ലയനം സംബന്ധിച്ച അന്തിമ തീരുമാനം കാശ്മീര്‍ ജനതക്കിടയില്‍ നടത്തുന്ന ഹിതപരിശോധനാ ഫലത്തെ ആശ്രയിച്ചായിരിക്കുമെന്നതാണ് മൗണ്ട് ബാറ്റണ്‍ പ്രഭുവും അന്നത്തെ കശ്മീര്‍ രാജാവ് ഹരിസിംഗും ഒപ്പുവച്ച കരാറിലെ പ്രധാന വ്യവസ്ഥ. കശ്മിര്‍ പ്രശ്‌നം പഠിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ 1948 ല്‍ ഐക്യരാഷ്ട്ര സഭ അഞ്ചംഗ രാജ്യ പ്രതിനിധികളെ നിയോഗിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണോ എന്നത് സംബന്ധിച്ചു അന്തിമ തീരുമാനം ഹിതപരിശോധന അനുസരിച്ചായിരിക്കുമെന്നായിരുന്നു അര്‍ജന്റീന, ബെല്‍ജിയം, കൊളംബിയ, ചെക്കോസ്ലോവാക്കിയ, അമേരിക്ക എന്നീ രാജ്യങ്ങളുള്‍പ്പെട്ട സമിതിയുടെയും നിര്‍ദേശം. ഇന്നോളം ഇത് നടപ്പാക്കിയിട്ടില്ല. മാത്രമല്ല, തീവ്രവാദികളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ സൈന്യം നിരപരാധികളായ കശ്മീരികളെ അടിച്ചൊതുക്കുകയും അവര്‍ക്കുമേല്‍ വെടിയുതിര്‍ക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് പിതാവ് നഷ്ടമായ കുട്ടികളെയും, അകാരണമായി ജയിലില്‍ അടക്കപ്പെട്ട യുവാക്കളുടെ മോചനത്തിന് കാത്തിരിക്കുന്ന കുടുംബങ്ങളെയുമാണ്, ഇന്ത്യയോട് ചേരാനുള്ള സൗമനസ്യം കാണിച്ചതിന് ഭരണകൂടം കശ്മീര്‍ ജനതക്ക് നല്‍കിയ സമ്മാനങ്ങള്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം 3007 പേര്‍ കശ്മീരില്‍ കരുതല്‍ തടങ്കലിലുണ്ട്, സ്വതന്ത്ര ജനകീയ സംഘടനകളുടെ കണക്കനുസരിച്ച് തടവുകാരുടെ എണ്ണം 20,000 ആണ്.
പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് 1947ലെ കരാര്‍ പ്രകാരം ഇന്ത്യക്ക് കശ്മീരിന്മേലുള്ള അവകാശം. ഇന്ത്യന്‍ ഭരണഘടനയുടെ 370ാം- അനുച്ഛേദ പ്രകാരം മറ്റു കാര്യങ്ങളിലെല്ലാം കശ്മീരിന് സ്വയം നിര്‍ണയാവകാശമുണ്ട്. അവരുടെ സമ്മതത്തോടെയല്ലാതെ ഒരു കാരണവശാലും ഈ അവകാശങ്ങള്‍ എടുത്തു മാറ്റാനാകില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. എന്നാല്‍ കരാര്‍ ലംഘിച്ചും കോടതി ഉത്തരവ് അവഗണിച്ചും കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ ഒന്നൊന്നായി നാം കവര്‍ന്നെടുത്തു. ഇത്തരം കരാര്‍ ലംഘനങ്ങളാണ് സര്‍ക്കാറിലുള്ള വിശ്വാസം കശ്മീരികള്‍ക്ക് നഷ്ടമാകാനും പ്രദേശത്ത് തീവ്രവാദികള്‍ക്ക് സ്വാധീനം ലഭിക്കാനും കാരണം. ഇന്നത്തെ സാഹചര്യത്തില്‍ ഹിതപരിശോധനക്ക് ചില പ്രതിബന്ധങ്ങളുണ്ടെങ്കിലും യശ്വന്ത് സിന്‍ഹ സമിതി നിര്‍ദേശിച്ചത് പോലെ കശ്മീരികളോട് മനുഷ്യത്വപരമായി പെരുമാറാനും അവഗണിക്കപ്പെടുന്നുവെന്ന ധാരണ നീക്കാനുമെങ്കിലും സര്‍ക്കാറിന് സാധിക്കില്ലേ? സ്വന്തം ജനതയോട് യുദ്ധം ചെയ്യുന്ന ഭരണകൂട നയം ഉടനടി അവസാനിപ്പിച്ചു കശ്മീരികള്‍ക്ക് സമാധാനത്തോടെ അന്തിയുറങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്.