Connect with us

Kerala

വിദ്യാര്‍ഥി പ്രക്ഷോഭം: ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു

Published

|

Last Updated

തിരുവനന്തപുരം: മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കേരള ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. പ്രമുഖ ടെലിവിഷന്‍ അവതാരകയായ ഡോ. ലക്ഷ്മി നായരാണ് കേരള ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍. ലക്ഷ്മി നായര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് കെ എസ് യു, എ ഐ എസ് എഫ്, എം എസ് എഫ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്.
പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ലോ അക്കാദമിയിലും സമരം ആരംഭിച്ചത്.
ലോ അക്കാദമിയിലെ പ്രിന്‍സിപ്പലിന് കോളജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യം. തങ്ങള്‍ പറയുന്നത് കേള്‍ക്കാതെ കോളജ് അടച്ചു പൂട്ടി രക്ഷപ്പെടുന്ന സമീപനമാണ് എടുത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. നിയമങ്ങള്‍ക്കനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്.
കോളജിലെ അനാവശ്യ നിയമങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിടാനോ അത് ലൈക്ക് ചെയ്യാനോ പോലും കഴിയാത്ത അവസ്ഥയാണ്. മുഖം കറുപ്പിച്ചാല്‍പ്പോലും പ്രിന്‍സിപ്പല്‍ ഇയര്‍ബാക്ക് നടത്തുകയാണ്. എതിര്‍ത്താല്‍ പഠനം തകര്‍ക്കുന്ന പ്രവണതയും. താത്പര്യക്കാരായ വിദ്യാര്‍ഥികളെയൊഴികെ മറ്റെല്ലാവരെയും തോല്‍പ്പിക്കാനുള്ള ശ്രമമാണ്. ഇന്റേണല്‍ മാര്‍ക്കും അറ്റഡന്‍സും പോലും വെട്ടിക്കുറക്കും. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നതായും ആരോപണമുണ്ട്.
ആറ് മാസത്തിനിടെ അഞ്ച് വിദ്യാര്‍ഥികളാണ് മാനേജ്‌മെന്റിന്റെ മാനസിക പീഡനം സഹിക്കാനാകാതെ ടി സി വാങ്ങിപ്പോയത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കു പോലും അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാറില്ല. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ട് തവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് കോളജില്‍ നടക്കാറേയില്ല. യൂനിവേഴ്‌സിറ്റി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വരുന്നതിന് ഒരാഴ്ചമുമ്പ് പ്രിന്‍സിപ്പല്‍ തന്റെ റൂമിലേക്കു വിളിച്ചിട്ട് ഓരോരുത്തര്‍ക്കുമുള്ള ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും കാണിക്കുകയാണ് ചെയ്യുന്നത്. മിക്കപ്പോഴും ഒരിക്കല്‍പോലും ക്ലാസില്‍ ഹാജരാകാത്തവര്‍ക്കായിരിക്കും മുഴുവന്‍ ഹാജറും ഇന്റേണല്‍ മാര്‍ക്കും. ഹാജര്‍ മുടക്കാത്തവരും നന്നായി പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ താഴ്ന്ന നിലയിലും എത്തും.
ജയിക്കാന്‍ ഇന്റേണല്‍ മാര്‍ക്ക് അഭികാമ്യമായിരിക്കെ അതു നല്‍കാതെ തോല്‍പ്പിക്കുകയാണ് പ്രിന്‍സിപ്പലിന്റെ രീതി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മുമ്പ് യൂനിവേഴ്‌സിറ്റിയില്‍ നല്‍കിയ ഒരു പരാതി ഉന്നത ബന്ധം കൊണ്ടു പൂഴ്ത്തിയതായും ഇവര്‍ ആരോപിക്കുന്നു. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതു കൂടാതെ, കോളജില്‍ നടക്കുന്ന സമരത്തിന്റെ വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്ത് അവരെ പേടിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയുമാണ്. ഇന്‍സ്റ്റിറ്റിയൂഷനല്‍ റാഗിംഗ് ആണ് ലോ അക്കാദമിയില്‍ നടക്കുന്നത്. മാത്രമല്ല, ലോ കോളജുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കുള്ള പരിശീലനമെന്നോണം രൂപവത്കരിച്ചിട്ടുള്ള മൂട്ട് കോര്‍ട്ടിനായി പണപ്പിരിവ് നടത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുകയാണ്. ഇതിനു തയ്യാറാകാതെ വന്നാല്‍പ്പിന്നെ ആ വിദ്യാര്‍ഥിയുടെ ഇയര്‍ ഔട്ട് ഉറപ്പാണ്.
വ്യക്തിപരമായ കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ വേട്ടയാടുന്നതാണ് മറ്റൊരു പ്രശ്‌നം. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ സംസാരിക്കുക, അടുത്തടുത്ത് ഇരിക്കുക തുടങ്ങിയവക്കുമുണ്ട് ശിക്ഷകള്‍. കോളജില്‍ യു ജി സി നിഷ്‌കര്‍ഷിക്കുന്ന റാഗിംഗ് വിരുദ്ധ സെല്‍ ഇല്ലെന്നും പ്രിന്‍സിപ്പല്‍ തന്നെയാണ് റാഗിംഗിന് നേതൃത്വം കൊടുക്കുന്നത്. മാത്രമല്ല, ഇനി സമരത്തിനിറങ്ങിയാല്‍ ഗുണ്ടകളെ വിട്ടു കൈകാര്യം ചെയ്യുമെന്ന് തന്റെ പിതാവിനെ ഫോണില്‍ വിളിച്ച് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിതായി വിദ്യാര്‍ഥികളിലൊരാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് കടുത്ത നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചുരിദാര്‍ ഒഴികെ മറ്റൊരു വസ്ത്രവും പെണ്‍കുട്ടികള്‍ കോളജില്‍ ധരിക്കാന്‍ പാടില്ല. നിബന്ധനകളില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചാല്‍ പിന്നെ വീട്ടുകാരെ വിളിച്ചുഭീഷണിപ്പെടുത്തുന്നതും ഇവിടുത്തെ ശൈലിയാണ്. ഒരു ദിവസം പോലും ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമല്ലെന്നാണ് മറ്റൊരു പരാതി. ജയിലറകള്‍ പോലെയാണ് ഹോസ്റ്റല്‍ ജീവിതം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യമായ മൂത്രപ്പുരയും ടോയ്‌ലെറ്റും ഇല്ല. രണ്ട് ശൗചാലയങ്ങള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്കുള്ളത്. ആണ്‍കുട്ടികള്‍ക്ക് ഒരെണ്ണവും. ഇതൊക്കെയും ശോചനീയമാണ്. പെണ്‍കുട്ടികളുടെ ബാത്ത്‌റൂമിനു സമീപത്തുപോലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കോളജിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഇപ്പോള്‍ സ്വകാര്യ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Latest