കലാമാമാങ്കത്തിന് നാളെ വേദിയുണരും

Posted on: January 15, 2017 9:53 am | Last updated: January 15, 2017 at 11:36 am

കണ്ണൂര്‍: കൗമാര കേരളം കൈമെയ് മറന്നൊന്നാകുന്ന കലയുടെ പകര്‍ന്നാട്ടത്തിന് നാളെ കളിവിളക്ക് തെളിയും. അറക്കലും ചിറക്കലും തീര്‍ത്ത സാംസ്‌കാരിക പെരുമയുടെ നാട്ടില്‍ കലയുടെ വസന്തോത്സവം വിരുന്നെത്തുമ്പോള്‍ കണ്ണൂരിന്റെ മണ്ണിലും മനസ്സിലുമത് കുളിര്‍മാരിയായി പെയ്തിറങ്ങും. ഏഴ് രാപ്പകലുകള്‍ നീളുന്ന മഹാമേളക്ക് സാക്ഷ്യം വഹിക്കാന്‍ സംസ്ഥാനത്തെ പ്രധാന നദികളുടെ പേരുകളുള്ള വേദികള്‍ക്ക് മുന്നില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തും. സംസ്ഥാനത്തെ എല്ലാദിക്കുകളില്‍ നിന്നുമെത്തുന്ന ആയിരക്കണക്കിന് മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും പരിശീലകരെയും അധ്യാപകരെയും കലാസ്വാദകരെയും വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങിക്കഴിഞ്ഞു.
നാളെ രാവിലെ 9.30ന് പ്രധാന വേദിയായ നിളയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളക്ക് തുടക്കമാകുക. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 57ാമത് കലോത്സവത്തില്‍ 57 സംഗീത അധ്യാപകര്‍ സ്വാഗതഗാനം ആലപിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി 2.30ന് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും.
കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിന് ജില്ലയില്‍ വരവേല്‍പ്പ് നല്‍കി. ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന 117.5 പവന്‍ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ മാഹിപ്പാലത്ത് സംഘാടക സമിതി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സംസ്ഥാനത്താദ്യമായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടപ്പാക്കുന്ന കലാമേള കൂടിയാണ് ഇക്കുറി കണ്ണൂരില്‍ നടക്കുന്നത്. ഐസ്‌ക്രീം കപ്പുകള്‍, മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഫഌക്‌സുകള്‍, ആശംസകള്‍, ഫോട്ടോകള്‍, തെര്‍മോകോള്‍ എന്നിവയൊക്കെ കര്‍ശനമായി ഒഴിവാക്കിയാണ് കലോത്സവത്തിന്റെ നടത്തിപ്പ്. വാഴയില, സ്റ്റീല്‍ പ്ലേറ്റുകള്‍, സ്റ്റീല്‍ ഗ്ലാസുകള്‍, ചില്ല് ഗ്ലാസുകള്‍, സ്റ്റീല്‍ കപ്പുകള്‍, സ്റ്റീല്‍ ബോട്ടിലുകള്‍, പ്രകൃതി ദത്ത പുഷ്പങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള അലങ്കാരം, പേപ്പര്‍, തുണി, ഓല എന്നിവയെല്ലാമാണ് കലോത്സവത്തിന്റെ ഭാഗമായി സജ്ജീകരിക്കുക. ചണം ഉപയോഗിച്ചുള്ള ഫയലുകളാണ് ഒഫീഷ്യലുകള്‍ക്കും വിധികര്‍ത്താക്കള്‍ക്കും മറ്റും നല്‍കുക. എഴുത്തുകുത്തുകള്‍ക്ക് പ്രോഗ്രാം കമ്മിറ്റി ആയിരം മഷിപ്പേനകളാണ് ഉപയോഗിക്കുക. വിശിഷ്ടാതിഥികളെയും മറ്റും സ്വാഗതം ചെയ്യുന്നത് കൈത്തറി ഉത്പന്നങ്ങളും പുസ്തകങ്ങളും നല്‍കിയാണ്.