Connect with us

Ongoing News

മഞ്ഞില്‍ വിരിഞ്ഞ മനോഹാരിത, മഞ്ഞൂര്‍

Published

|

Last Updated

സാഹസികത ഇഷ്ടപ്പെടുന്ന, നീണ്ട ബൈക്ക് യാത്രകളെ സ്‌നേഹിക്കുന്ന ചെറുപ്പക്കാര്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരിടം, മഞ്ഞൂര്‍. പേരില്‍ തന്നെ മഞ്ഞും തണുപ്പും ഒളിപ്പിച്ചു വെച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ അധികം ആര്‍ക്കും അറിയപ്പെടാത്ത ഒരു ഹില്‍ സ്റ്റേഷന്‍. ഊട്ടിയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന “മിനി ഊട്ടി” എന്നറിയപ്പെടുന്ന മഞ്ഞൂരിനെ അടുത്തറിയാനായിരുന്നു ഞങ്ങളുടെ യാത്ര.

എറണാകുളത്തു നിന്നും തൃശൂര്‍ വഴി ഷൊര്‍ണൂര്‍ വരെ എത്തി. അവിടെ നിന്നും മണ്ണാര്‍ക്കാട് വഴിയാണ് പോകേണ്ടത്. മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലേക്കുള്ള വഴികള്‍ വശ്യസുന്ദരമായിരുന്നു. പച്ച വിരിച്ച പാടങ്ങളും പറമ്പുകളും നിറഞ്ഞ പാലക്കാടന്‍ ഗ്രാമ്യ ഭംഗി ആസ്വദിച്ചു കഴിയുമ്പോഴേക്കും കയറ്റങ്ങള്‍ ആരംഭിച്ചു തുടങ്ങും. ഒരു വശത്ത് അഗാധമായ കൊക്കകളും മറു വശത്ത് മലകളും നിറഞ്ഞ നയനമനോഹരമായ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ മുന്നോട്ടുനീങ്ങി.

ഗൂളിക്കടവാണ് അട്ടപ്പാടിയിലെ ഒരു പ്രധാന ജംഗ്ഷന്‍. അത്യാവശ്യം ഹോട്ടലുകളും മറ്റു കടകളുമെല്ലാമുള്ള ഒരു സ്ഥലം. ഇനി ഇവിടം വിട്ടാല്‍ ലക്ഷ്യ സ്ഥാനമായ മഞ്ഞൂര്‍ വരെ കാര്യമായി കഴിക്കാന്‍ കിട്ടില്ല എന്നറിയാമായിരുന്നതിനാല്‍ വണ്ടി ഗൂളിക്കടവില്‍ നിര്‍ത്തി ഒരു ഹോട്ടലില്‍ കയറി.

മനുഷ്യവാസം ഒട്ടുമില്ലാത്ത ആ വിജന പാതകളിലൂടെ സഞ്ചരിച്ച് മുള്ളി എന്ന സ്ഥലത്ത് എത്തി. മുള്ളിയിലാണ് കേരളത്തിന്റെ ചെക്ക് പോസ്റ്റുള്ളത്. ചെക്ക് പോസ്റ്റില്‍ ആരെയും കണ്ടില്ല. അതിന്റെ അടുത്ത് ഒരു ചെറിയ കട കണ്ടു. ചെക്ക് പോസ്റ്റില്‍ ഇറങ്ങി പേരും വിവരങ്ങളും എല്ലാം രജിസ്റ്ററില്‍ ചേര്‍ക്കണം എന്നാണ് കേട്ടിരുന്നത്. വണ്ടി നിര്‍ത്തിയപ്പോള്‍ അടുത്ത കടയില്‍ നില്‍ക്കുന്ന ആള്‍ ചെക്ക് പോസ്റ്റ് കടന്നു പോകാനുള്ള അനുവാദം എന്ന അര്‍ഥത്തില്‍ കൈയാട്ടി. വണ്ടിയില്‍ സ്ത്രീകളെയും കുട്ടികളെയും കണ്ടത് കൊണ്ടാകണം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതെ കടത്തി വിട്ടത് എന്ന് തോന്നി.

ഇനി തമിഴ്‌നാട്ടിലൂടെയാണ് യാത്ര. മുള്ളി കഴിഞ്ഞു കുറെ ദൂരം വളരെ മോശമായ റോഡുകളാണ്. വെറും കല്ലുകള്‍ മാത്രമുള്ള, റോഡ് എന്ന് പറയാന്‍ പറ്റാത്ത തരത്തിലുള്ള റോഡായിരുന്നു അത്. കുറെ ദൂരം സഞ്ചരിച്ചു വീണ്ടും ഒരു ചെക്ക് പോസ്റ്റില്‍ എത്തി. തമിഴ്‌നാടിന്റെ വകയാണ് അത്. ചെക്ക് പോസ്റ്റും കടന്നു വീണ്ടും യാത്ര തുടര്‍ന്നു. ഇനി നേരെ ഗെദ്ദ വഴി മഞ്ഞൂരിലേക്ക്.

കാട്ടു വഴികളിലൂടെ കുറെ ദൂരം വണ്ടി ഓടിക്കഴിഞ്ഞപ്പോള്‍ ഹെയര്‍പിന്‍ വളവുകളുടെ തുടക്കമായി. 43 ഹെയര്‍പിന്‍ വളവുകളാണ് മഞ്ഞൂരിലേക്ക്. വളഞ്ഞുപുളഞ്ഞ വഴികളും താണ്ടി വണ്ടി അല്‍പം കയറിയപ്പോഴേക്കും തണുപ്പനുഭവപ്പെട്ടു തുടങ്ങി. മനസിലും ശരീരത്തിലും കുളിര്‍മ പകരുന്ന കാഴ്ചകളായിരുന്നു അവിടെയെല്ലാം. ഒരു വശത്ത് അഗാധമായ കൊക്കകള്‍, മറുവശത്ത് ഉയരമറിയാത്ത മലനിരകള്‍. അങ്ങകലെ ഒരു വലിയ മലയുടെ ഉച്ചിയില്‍ പൊട്ടിന്റെ വലിപ്പത്തില്‍ കുറച്ചു വീടുകള്‍ കണ്ടു. അതാണ് മഞ്ഞൂര്‍ എന്ന് തോന്നി. മഞ്ഞൂരിലേക്കുള്ള റോഡുകലെല്ലാം നല്ലതും, വഴിയില്‍ വാഹനങ്ങള്‍ വളരെ കുറവുമായിരുന്നു. ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രം ഞങ്ങളെ കടന്നു പോയി. കടന്നു വന്ന വഴിയിലോ പോകാനുള്ള വഴിയിലോ വണ്ടി കേടായാല്‍ ചിലപ്പോള്‍ നന്നാക്കിയെടുക്കാന്‍ ഒരാളെപ്പോലും അവിടെ കിട്ടുകയില്ല എന്നാലോചിച്ചപ്പോഴാണ് ഈ യാത്രയിലെ സാഹസികത മനസിലായത്.

43 ഹെയര്‍ പിന്‍ വളവുകള്‍ താണ്ടി അവസാനം ഗെദ്ദ എന്ന സ്ഥലവും പിന്നിട്ടു ഒടുവില്‍ മഞ്ഞൂരിലെത്തി. അവിടെ നല്ല തണുപ്പ് തുടങ്ങിയിരുന്നു, ഊട്ടിയിലും കൊടൈക്കനാലിലും കാണപ്പെടുന്ന അതെ തണുപ്പ്. ഏറ്റവും അതിശയകരമായ കാര്യം പലയിടത്തും മേഘങ്ങള്‍ ഞങ്ങള്‍ക്ക് താഴെയും ഞങ്ങള്‍ മേഘങ്ങള്‍ക്ക് മുകളിലുമായിരുന്നു. മഞ്ഞൂരിലെ ഏറ്റവും മുകളിലുള്ള റോഡില്‍ നിന്നും നോക്കുമ്പോള്‍ മഞ്ഞു മേഘങ്ങള്‍ താഴെ പതുക്കെ പതുക്കെ ഒഴുകി നീങ്ങുന്നത് പലയിടത്തും കണ്ടു. അപ്പോഴേക്കും മഴയുമെത്തി.

കുറച്ചു കടകളും റോഡരുകില്‍ ഒരു അമ്പലവും ഉള്ള വളരെ ചെറിയ വിസ്തൃതിയുള്ള ഒരു കവല അതായിരുന്നു മഞ്ഞൂര്‍. മഞ്ഞൂരിലെ ഒരു ഗസ്റ്റ്ഹൗസില്‍ റൂമെടുത്തു. മഴ മാറി അല്‍പ വിശ്രമത്തിന്മ ശേഷം മഞ്ഞൂര്‍ കാണാനിറങ്ങി. ഏകദേശം 30 കിലോമീറ്റര്‍ പോയിക്കഴിഞ്ഞാല്‍ അപ്പര്‍ ഭവാനിയിലെത്താം. അവിടത്തെ ഡാമും കാഴ്ചകളും സുന്ദരമാണ് എന്നറിയാമായിരുന്നു. കുറെ ദൂരം സഞ്ചരിച്ചു വന്നത് കൊണ്ടും, ഓടി നടന്നു കുറെ സ്ഥലങ്ങള്‍ കാണാന്‍ താല്‍്പര്യമില്ലാത്തതുകൊണ്ടും അത് ഒഴിവാക്കി.
മഞ്ഞൂരിലെ പ്രധാന തൊഴിലും കൃഷിയും എല്ലാം തേയില തന്നെയായിരുന്നു. എവിടെ നോക്കിയാലും കോട മഞ്ഞു പുതഞ്ഞ പച്ച വിരിച്ച തേയിലത്തോട്ടങ്ങള്‍ മാത്രം. പലരോടും വഴി ചോദിച്ചു കുറെ ചെന്നപ്പോഴേക്കും കൊത്തു പണികള്‍ നിറഞ്ഞ അമ്പലത്തിന്റെ വലിയ ഗേറ്റ് കണ്ടു. അതും കടന്നു ചെന്നപ്പോഴേക്കും വീണ്ടും അതേ പോലെ ഒരെണ്ണം. പല തവണ ഗേറ്റുകള്‍ താണ്ടി ഒടുവില്‍ ഒരു വലിയ മലയുടെ ഏറ്റവും ഉച്ചിയില്‍ എത്തി.

അടുത്ത കാലത്ത് കണ്ട ഏറ്റവും സുന്ദരമായ ഒരു സ്ഥലം. ഒരു വലിയ മലയുടെ മുകളില്‍ ഒരു ചെറിയ അമ്പലം. അതിന്റെ അടുത്ത് ഒരു ആശ്രമം. അവിടെ നിന്നും നോക്കിയാല്‍ മഞ്ഞൂരിലെ എല്ലാ ഭാഗങ്ങളും 360 ഡിഗ്രിയില്‍ കാണാം. അവിടെ വരുന്നവര്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി അമ്പലത്തിനടുത്തു ഒരു വാച്ച് ടവര്‍ പണിതിട്ടുണ്ട്. വാച്ച് ടവറില്‍ മനുഷ്യനെ മയക്കുന്ന, ഭ്രമിപ്പിക്കുന്ന മനോഹര കാഴ്ചകള്‍ കണ്ടു നിന്നു. സാമാന്യം ശക്തിയില്‍ വീശുന്ന തണുത്ത കാറ്റും ചിലപ്പോള്‍ മാത്രം അസഹനീമായി തോന്നി. പ്രകൃതിയും മനുഷ്യനും അടുത്തറിയുന്ന ചില ആ അപൂര്‍വനിമിഷങ്ങള്‍ തികച്ചും വിവരണാതീതമായിരുന്നു.

അമ്പലത്തിന്റെ അടുത്ത് കണ്ട ഒരു സ്വാമിജിയെ പരിചയപ്പെട്ടു. അവിടെ നിന്നും താഴേക്ക് ഒരു കിലോമീറ്റര്‍ ഇറങ്ങി ചെന്നാല്‍ ഒരു ഗുഹയുണ്ടെന്നും മഴ പെയ്തു വഴുക്കിയ, ഈ ഇരുണ്ടു തുടങ്ങിയ കാലാവസ്ഥയില്‍ കുട്ടികളോടൊപ്പം അവിടെ പോകേണ്ട എന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമായ ഒരകലത്തില്‍ കുട്ടികളെ കളിക്കാന്‍ വിട്ടു നേരം ഇരുട്ടുന്നതു വരെ അവിടെ തന്നെ നിന്നു. മടങ്ങി പോരാന്‍ മനസ് വന്നില്ല. ഒടുവില്‍ മഞ്ഞു നിറഞ്ഞു കാഴ്ചയെ മറച്ചു തുടങ്ങിയപ്പോള്‍ അവിടം വിട്ടു.

മടങ്ങി വന്നു രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടല്‍ തപ്പി ഇറങ്ങി. പൂജ അവധി ദിവസം ആയതിനാല്‍ പല ഹോട്ടലുകളും തുറന്നിട്ടുണ്ടെങ്കിലും അവയില്‍ ഒന്നിലും കച്ചവടം ഇല്ല എന്ന് അപ്പോഴാണ് മനസ്സിലായത്.നാല് മണിക്ക് ചായ കുടിച്ച ഒരു ചെറിയ ഹോട്ടല്‍ മാത്രം തുറന്നിരിക്കുന്നു. അവിടെ കയറി. നേരത്തെ പറയാത്തതിനാല്‍ കഴിക്കാന്‍ ഒന്നും ഇല്ല എന്നും അല്‍പനേരം കാത്തിരുന്നാല്‍ എന്തെങ്കിലും ഉണ്ടാക്കി തരാം എന്ന് കടയുടമ മലയാളവും തമിഴും ചേര്‍ന്ന ഭാഷയില്‍ പറഞ്ഞു.

ഭക്ഷണത്തിനായുള്ള കാത്തിരിപ്പിനിടയില്‍ അറുപതിലേറെ പ്രായം തോന്നിക്കുന്ന കടയുടമയോട് പേരും വിവരങ്ങളും തിരക്കി. നാളെക്കുള്ള പച്ചക്കറികള്‍ അരിയുന്നതിന്റെ ഇടയില്‍ അയാള്‍ സ്വന്തം ജീവിതം പറഞ്ഞു തന്നു. മലയാളിയാണ്. കണ്ണൂരാണ് സ്വദേശം.പേര് അബ്ദുല്ല, മഞ്ഞൂരില്‍ വന്നിട്ട് അമ്പതിലേറെ വര്‍ഷങ്ങള്‍ ആയി. ഭാര്യയും ഒരു മകനും ഉണ്ട്.മൂന്നു പേരും ചേര്‍ന്ന് ഹോട്ടലിന്റെ കാര്യങ്ങള്‍ എല്ലാം നോക്കും. മറ്റു പണിക്കാര്‍ ആരുമില്ല. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അതും കല്യാണമോ മരണമോ ഉണ്ടായാല്‍ മാത്രം നാട്ടില്‍ പോകും. ബാക്കി സമയം മുഴുവന്‍ ഈ ഹോട്ടലും കുടുംബവും ആയി ആ മലയില്‍ ആ തണുപ്പില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഒരാള്‍.

തണുത്ത വിറക്കുന്ന ആ കാലാവസ്ഥയില്‍ ചൂടുള്ള ചപ്പാത്തിയും രുചികരമായ തക്കാളിക്കറിയും കഴിക്കുന്നതിന്റെ ഇടയില്‍ അബ്ദുല്ലയെ അയാള്‍ അറിയാതെ പല തവണ നോക്കി. ഒരായുസ് മുഴുവന്‍ ഈ മലമുകളില്‍ ജോലിചെയ്തിട്ടും ഒന്നും നേടിയിട്ടില്ലാത്ത വാര്‍ധക്യത്തിലും ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാള്‍. പരാതിയോ പരിഭവങ്ങളോ ഇല്ലാതെ മുഖത്ത് ചിരി മാത്രം ഒതുക്കി ജീവിക്കുന്ന ഇത്തരം ആളുകളെ പലയിടത്തും കാണാറുണ്ട്.

രാത്രി മുറിയില്‍ ഏറെ നേരം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു. അങ്ങനെ ആ തണുപ്പില്‍ അറിയപ്പെടാത്ത ഒരു സ്ഥലത്ത് മറക്കാനാവാത്ത ഒരു ദിവസം കൂടി ജീവിതമെന്ന ഡയറിയില്‍ എഴ്തുതി ചേര്‍ത്തു.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ മഞ്ഞൂരിനോട് വിട പറഞ്ഞു. മഞ്ഞൂരില്‍ നിന്നും കോട നിറഞ്ഞ വഴികളിലൂടെ തിരിച്ചിറങ്ങുമ്പോള്‍ വാഹനം നിര്‍ത്തി റോഡരുകില്‍ നിറഞ്ഞു നിന്നിരുന്ന ഊട്ടി പൂവ് എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഒരിക്കലും വാടാത്ത, ഉണങ്ങാത്ത പൂവുകള്‍ കുറെ പറിച്ചെടുത്തു. മഞ്ഞൂരിന്റെ ഓര്‍മക്കായി ആ മഞ്ഞപ്പൂവുകള്‍ കൈയിലും ആ സുന്ദര കാഴ്ചകള്‍ മനസ്സിലും നിറച്ചു ഞങ്ങള്‍ മടങ്ങി.

Latest