ഗംഗ നദിയില്‍ ബോട്ട് മുങ്ങി 21 പേര്‍ മരിച്ചു

Posted on: January 14, 2017 9:37 pm | Last updated: January 15, 2017 at 9:55 am

പാറ്റ്‌ന: ഗംഗനദിയില്‍ ബോട്ട് മുങ്ങി 21 പേര്‍ മരിച്ചു. ബീഹാറിലെ പാറ്റ്നയിൽ ഗംഗ ഘട്ടിന് സമീപമാണ് 40 യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങിയത്. പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രേവശിപ്പിച്ചു. നിരവധി പേരെ കാണാതായി. ഇവർക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്ത നിവാരണ സേന അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വെെകീട്ടാണ് അപകടമുണ്ടായത്.

ഗംഗ ഘട്ടില്‍ നിന്ന് യാത്രക്കാരെയുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മറുകരയിൽ എത്തിച്ചേരാൻ അൽപദൂരം ബാക്കിനിൽക്കെയാണ് ദുരന്തം. മകര സംക്രാന്തിയുടെ ഭാഗമായി ഗംഗാ ഘട്ടില്‍ വര്‍ഷംതോറും നടക്കുന്ന പട്ടംപറത്തല്‍ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നവരാണ് അപകടത്തിൽപെട്ടത്. ഉത്സവത്തിൻെറ ഭാഗമായി നടത്തിയ സൗജന്യ ബോട്ട് സവാരിയാണ് ദുരന്തയാത്രയായത്. ബോട്ടിൽ കണക്കിൽ കൂടുതൽ ആളുകളെ കുത്തിനിറച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.