ഗാന്ധിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവ് മോദിയെന്ന് ബിജെപി മന്ത്രി

Posted on: January 14, 2017 2:05 pm | Last updated: January 14, 2017 at 9:37 pm

ചണ്ഡിഗഡ്: മഹാത്മാ ഗാന്ധിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവ് നരേന്ദ്ര മോദിയാണെന്ന് ബിജെപി മന്ത്രി. ഹരിയാനയിലെ ബിജെപി മന്ത്രിയായ അനില്‍ വിജ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം വെച്ചതിനെ ന്യായീകരിച്ചാണ് അനില്‍ വിജ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. കാലക്രമേണ നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റുമെന്നും മന്ത്രി പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ പേരില്‍ പേറ്റന്റ് ഉള്ള ഉത്പന്നമല്ല ഖാദി. ഗാന്ധിയുടെ പേരുമൂലം ഖാദിയുടെ വില്‍പന കുറയുകയാണ് ചെയ്തത്. മോദി ഖാദിയുമായി ചേര്‍ന്നതോടെ ഉത്പന്നങ്ങളില്‍ 14 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടുകളില്‍ വന്ന അന്നു മുതല്‍ മൂല്യം ഇടിഞ്ഞു തുടങ്ങി. അതിനാല്‍ നോട്ടുകളില്‍ നിന്ന് പതിയെ ഗാന്ധിജിയെ മാറ്റുമെന്നും അനില്‍ വിജ് പറഞ്ഞു.