വൈദ്യുതി ഉപയോഗം കൂടുന്നതിന് അനുസരിച്ച് ഇനി നിരക്ക് കുറയും

Posted on: January 14, 2017 12:37 pm | Last updated: January 15, 2017 at 11:11 am

ന്യൂഡല്‍ഹി: കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്ക് ഈടാക്കുന്ന പദ്ധതിയെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി ആലോചിക്കുന്നത്.

സംസ്ഥാനങ്ങളില്‍ വൈദ്യുതി ലഭ്യത കുറവുള്ളതിനാലാണ് ഊര്‍ജ ഉപയോഗത്തിനനുസരിച്ച് കൂടുതല്‍ തുക ഈടാക്കിയിരുന്നത്. എന്നാല്‍ വൈദ്യുതി ഉത്പാദനം വര്‍ധിച്ചതിനാല്‍ ഈ രീതി തുടരേണ്ടെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്താന്‍ നിയമിച്ച സമിതിയുടെ നിലപാട്. ജനുവരി അവസാനത്തോടെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് സമര്‍പ്പിക്കും.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചെയര്‍മാന്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറി, ഫിക്കി പ്രസിഡന്റ്, ബീഹാര്‍ തമിഴ്‌നാട് സംസ്ഥാനങ്ങളിലെ എനര്‍ജി വിഭാഗം സെക്രട്ടറിമാര്‍ എന്നിവരടങ്ങിയതാണ് സമിതി.