മതപരമായി ഉപയോഗിച്ചു; കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്ന് ബിജെപി

Posted on: January 14, 2017 12:29 pm | Last updated: January 15, 2017 at 9:56 am

ലക്‌നൗ: കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നും കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി പദവി എടുത്തുകളയണമെന്നും ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് ബിജെപി ഉത്തര്‍പ്രദേശി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

ജനുവരി 11ന് ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയെ ശിവജി, ഗുരുനാനാക്, ബുദ്ധന്‍, മഹാവീരന്‍ തുടങ്ങിയവരുമായി ബന്ധിപ്പിച്ച് പരാമര്‍ശം നടത്തിയെന്നാണ് ബിജെപിയുടെ പരാതി. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ പെരുമാറ്റചട്ടം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും ബിജെപി ആരോപിച്ചു.

കൈപ്പത്തി എല്ലാ മതങ്ങളിലുമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഒരു മതത്തില്‍പ്പെട്ട ജനങ്ങള്‍ക്കും ഗവണ്‍മെന്റിനെ ഭയപ്പെടേണ്ടതില്ലെന്നും കോണ്‍ഗ്രസ് നിങ്ങളുടെ കൂടെയുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.