എംടി ഹിമാലയ തുല്യന്‍; കമല്‍ രാജ്യസ്‌നേഹിയെന്നും സികെ പത്മനാഭന്‍

Posted on: January 14, 2017 9:39 am | Last updated: January 14, 2017 at 1:07 pm
SHARE

തിരുവനന്തപുരം: എംടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും പിന്തുണയുമായി ബിജെപി നേതാവ് സികെ പത്മനാഭന്‍. എംടി ഹിമാലയ തുല്യനാണെന്നും കമല്‍ രാജ്യസ്‌നേഹിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സികെപി പാര്‍ട്ടി നിലപാടിനെ തള്ളിപ്പറഞ്ഞത്.

കള്ളപ്പണത്തിനെതിരായ ബിജെപിയുടെ ജാഥ അതിന്റെ ഉദ്ദേശത്തില്‍ നിന്ന് വഴിമാറി. സംവിധായകന്‍ കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. കമല്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നത് എഎന്‍ രാധാകൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അത് ശരിയായ നിലപാടല്ല. കമലിന്റെ സിനിമകള്‍ രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമാണ്.

നോട്ട് നിരോധനത്തില്‍ അഭിപ്രായം പറഞ്ഞ ഹിമാലയതുല്യനായ എംടി വാസുദേവന്‍ നായരെ കല്ലെറിയുന്നവര്‍ സംതൃപ്തി കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ചെഗുവേര തന്റെ ആരാധനാപാത്രമാണെന്നും സികെ പത്മനാഭന്‍ പറഞ്ഞു. ചെഗുവേരയെ അറിയാത്തവര്‍ അദ്ദേഹത്തിന്റെ ബൊളീവിയന്‍ ഡയറി വായിക്കണം. വിമര്‍ശിക്കുന്നവര്‍ ചെഗുവേരയെ കുറിച്ച് പഠിക്കാന്‍ ശ്രമിക്കണം. അദ്ദേഹത്തെ മാതൃകയാക്കണമെന്നാണ് താന്‍ യുവാക്കളോട് എക്കാലവും പറയുന്നത്. ഗാന്ധിജിയെപ്പോലെയാണ് ചെഗുവേരയെന്നും അദ്ദേഹം പറഞ്ഞു.