സിറിയന്‍ സൈനിക കേന്ദ്രത്തില്‍ ഇസ്‌റാഈല്‍ ആക്രമണം

Posted on: January 14, 2017 8:54 am | Last updated: January 14, 2017 at 8:54 am
SHARE

ദമസ്‌കസ്: ഇസിലിനെതിരെ ശക്തമായ സൈനിക മുന്നേറ്റം നടത്തുന്ന സിറിയന്‍ സൈന്യത്തിന് നേരെ ഇസ്‌റാഈലിന്റെ ആക്രമണം. തലസ്ഥാനമായ ദമസ്‌കസിലെ സിറിയന്‍ വ്യോമ കേന്ദ്രം ഇസ്‌റാഈല്‍ തകര്‍ത്തു. സൈനിക വിമാനത്താവളമടങ്ങിയ കേന്ദ്രമാണ് ഇസ്‌റാഈലിന്റെ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നത്. പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ കൊട്ടാരത്തിന് സമീപമുള്ള സൈനിക ആസ്ഥാനം ലക്ഷ്യംവെച്ചുള്ള ആക്രമണത്തെ സിറിയ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇസ്‌റാഈലിനെതിരെ തിരിച്ചടിക്കുമെന്നും സൈനിക വക്താക്കള്‍ അറിയിച്ചു. മസേഹ് സൈനിക കേന്ദ്രത്തിലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നതിന് പുറമെ നാശനഷ്ടങ്ങളെ കുറിച്ചോ ആളപായങ്ങളെ കുറിച്ചോ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടില്ല. നിരവധി സൈനികര്‍ കൊല്ലപ്പെടുകയും ആയുധങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അഭ്യൂഹം. അറ്റകൈക്ക് മറുപടി നല്‍കുമെന്നാണ് സിറിയന്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയിലെ ഭീഷണി.
തീവ്രസലഫി തീവ്രവാദി വിഭാഗമായ ഇസിലിനും അല്‍ഖാഈദയുമായി ബന്ധമുള്ള അന്നുസ്‌റ സായുധ സംഘത്തിനുമെതിരെ ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെയാണ് സിറിയക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഇത് മൂന്നാം തവണയാണ് സിറിയന്‍ സൈന്യത്തെ ലക്ഷ്യംവെച്ച് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഡിസംബര്‍ ഏഴിന് മസേഹ് വിമാനത്താവളത്തിന് സമീപത്ത് ആക്രമണം നടത്തിയ ഇസ്‌റാഈല്‍ സൈന്യം അടുത്തിടെ ദമസ്‌കസിലെ ലബനാന്‍ സൈനിക കേന്ദ്രത്തിലേക്കും ആക്രമണം നടത്തിയിരുന്നു. പ്രകോപനമില്ലാതെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ വിമതരെയും ഇസിലിനെയും സഹായിക്കുകയെന്ന ലക്ഷ്യമാണ് ഇസ്‌റാഈലിനുള്ളതെന്ന് സൂചനയുണ്ട്. വിമതര്‍ക്കും ഇസിലിനുമെതിരെ പോരാട്ടം നടത്താന്‍ സിറിയന്‍ സഖ്യമായ റഷ്യ നല്‍കുന്ന ആയുധങ്ങളെയും വിമാനങ്ങളെയും തകര്‍ക്കലാണ് ഇസ്‌റാഈലിന്റെ ലക്ഷ്യം.
അതേസമയം, സിറിയക്കെതിരായ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇസ്‌റാഈല്‍ സന്നദ്ധമായില്ല. ഹിസ്ബുല്ലക്കെതിരായാണ് ഇസ്‌റാഈലിന്റെ ആക്രമണമെന്നും അവര്‍ ഇസ്‌റാഈലിനെതിരെ ആയുധമെടുക്കുന്നുണ്ടെന്നും ഇസ്‌റാഈല്‍ വൃത്തങ്ങള്‍ അറിയിച്ചു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഹിസ്ബുല്ലക്ക് പങ്കുണ്ടെന്ന് ഇസ്‌റാഈല്‍ പ്രതിരോധ വിഭാഗം വക്താവ് ആരോപിച്ചു. സിറിയയുടെ തിരിച്ചടി ഭീഷണിയെ പരിഹസിച്ച് യു എസ് മുന്‍ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ലോറന്‍സ് കോര്‍ബ് രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here