പുകവലി റോഡപകടം ക്ഷണിച്ച് വരുത്തുമെന്ന് വിദഗ്ധര്‍

Posted on: January 14, 2017 8:50 am | Last updated: January 14, 2017 at 8:50 am
SHARE

തിരുവനന്തപുരം: വാഹനങ്ങളിലിരുന്ന് പുകവലിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, റോഡപകടങ്ങള്‍ വഴി ജീവനും ഹാനികരമാകുന്ന ശീലമാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. റോഡ് സുരക്ഷാവാരം 2017 ആചരണത്തോടനുബന്ധിച്ച് വാഹനങ്ങള്‍ക്കുള്ളിലെ പുകവലി ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് വിദഗ്ധര്‍. പുകവലി ഡ്രൈവറുടെ ശ്രദ്ധ പാളുന്നതിനുള്ള മുഖ്യ കാരണങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. സമ്പൂര്‍ണ ശ്രദ്ധ ആവശ്യമായ ഡ്രൈവിംഗില്‍ നിമിഷനേരത്തെ അശ്രദ്ധ പോലും വന്‍ ദുരന്തങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
വാഹനങ്ങള്‍ക്കുള്ളിലെ പുകവലി യാത്രക്കാരുടെ സുരക്ഷക്കും ആരോഗ്യത്തിനും ഹാനികരമായതിനാല്‍ ഈ വിഷയത്തില്‍ ഗവേഷണ പഠനങ്ങള്‍ക്ക് നടപടി തുടങ്ങിയതായി നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി ജി ശ്രീദേവി അറിയിച്ചു. പൊതു വാഹനങ്ങളിലും ബസ് ഡിപ്പോകളും ബസ്സ്റ്റാന്‍ഡുകളിലും പുകവലിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് 2015ല്‍ ആര്‍ ടി ഒമാര്‍ക്കും ജോയിന്റ് ആര്‍ ടി ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. കോട്പ നിയമപ്രകാരം പുകവലിക്കുന്നവരില്‍ നിന്ന് പിഴയീടാക്കാനുള്ള അധികാരം കണ്ടക്ടര്‍ തൊട്ട് മുകളിലോട്ടുള്ളവര്‍ക്കുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ 200 രൂപയാണ് പിഴ.
പുകവലി പാടില്ല എന്ന സചിത്ര സൂചനാബോര്‍ഡ് എല്ലാ പൊതു വാഹനങ്ങളിലും പതിച്ചിരിക്കണമെന്നും കോട്പ നിയമം അനുശാസിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ വേളയിലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോഴും ഇത്തരം സൂചകങ്ങള്‍ വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
കോട്പ നിയമ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പ്രതിമാസ പരിശോധനാ റിപ്പോര്‍ട്ടുകളില്‍ അതു പരാമര്‍ശിക്കേണ്ടതുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുവാഹനങ്ങള്‍ക്ക് ഇതു ബാധകമാണ്. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരവും പൊതുവാഹനങ്ങള്‍ ഓടിക്കുന്നതിനിടെയുള്ള പുകവലി, ഡ്രൈവറെ അയോഗ്യനാക്കാനും ലൈസന്‍സ് റദ്ദ് ചെയ്യാനും പര്യാപ്തമായ കുറ്റമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here