Connect with us

National

ഹജ്ജ് സബ്‌സിഡി വെട്ടിക്കുറക്കാന്‍ കേന്ദ്ര നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. 2022 ഓടെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യണമെന്ന 2012ലെ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച നീക്കങ്ങള്‍ ആരംഭിച്ചത്. ഇക്കാര്യം പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. സമിതിയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടായേക്കുമെന്നാണറിയുന്നത്. സബ്‌സിഡിയില്ലാതെ ഹജ്ജ് തീര്‍ഥാടനം നടത്തുന്നതിനുള്ള വഴികള്‍ കണ്ടെത്തി നടപ്പിലാക്കാനാണ് സംഘത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം രൂപവത്കരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പായി സമിതി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ, സബ്‌സിഡി തുകയായി വര്‍ഷംതോറും നല്‍കുന്ന 650 കോടി രൂപ ആ വിഭാഗത്തിന്റെ വിദ്യാഭ്യാസ- സാമൂഹിക ഉന്നമനത്തിനായി വിനിയോഗിക്കണമെന്നാണ് സുപ്രീം കോടതി വിധിയില്‍ അഭിപ്രായപ്പെട്ടിരുന്നത്.
രാജ്യത്തിനുള്ള ഹജ്ജ് ക്വാട്ട സഊദി അറേബ്യന്‍ അധികൃതര്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി ഒഴിവാക്കിയുള്ള തീര്‍ഥാടനത്തിന്റെ സാധ്യത പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ സഊദി അധികൃതര്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ വാര്‍ഷിക ക്വാട്ട 34,500 ആയാണ് വര്‍ധിപ്പിച്ചത്.