ചികിത്സ: വിദേശികളോട് വിവേചനം നിയമവിരുദ്ധമെന്ന്

Posted on: January 13, 2017 10:32 pm | Last updated: January 13, 2017 at 10:32 pm

കുവൈത്ത്‌ സിറ്റി: വിദേശികൾക്കുള്ള ചികിൽസാ കാര്യത്തിൽ വിവേചനം കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഭരണഘടനക്കും മനുഷ്യത്വത്തിനും എതിരാണെന്ന് രാഷ്ട്രീയ നേതാക്കളും നിയമജ്ഞരും അഭിപ്രായപ്പെട്ടു. കുവൈത്ത്‌ ഭരണഘടനയുടെ ആർട്ടിക്കിൽ 29 വാഗ്ദാനം ചെയ്യുന്ന ദേശ ഭാഷാ ലിംഗ മത വിവേചനമില്ലാതെ എല്ലാവർക്കും ഒരേ പരിഗണയെന്ന ഉറപ്പിന്റെ ലംഘനമാണിത്‌.

വിദേശികൾ സർക്കാർ നിശ്ചയിച്ച ഇൻഷൂറൻസ്‌ പ്രീമിയം അടക്കുന്നതോടെ രാജ്യത്തെ ഏത്‌ ആശുപത്രിയിലും അവർക്ക്‌ ചികിൽസ തേടാം. കുവൈത്ത്‌ സൊസൈറ്റി ഫോർ ഡെമോക്രസി ഡെവലപ്‌ മെന്റ്‌ ചെയർമ്മാൻ നാസർ അൽ അബദലി. പ്രമുഖ നിയമജ്ഞൻ ഹംദാൻ അൽ നംശാൻ എന്നിവർ ചൂണ്ടിക്കാട്ടി.
ഇൻഷൂറൻസ്‌ പ്രീമിയം ഒറ്റയടിക്ക്‌ 50 ൽ നിന്ന് 130 ആക്കിയതിലും, ഈ പണം മുഴുവൻ രണ്ടോ മൂന്നോ പേരടങ്ങുന്ന സ്വകാര്യ കമ്പനിയുടെ കീഴിലേക്ക്‌ വെച്ചു കൊടുക്കുന്നതിലും ദുരൂഹതയുണ്ടെന്നും അഡ്വ. ഹംദാൻ ആരോപിച്ചു.

അതേ സമയം, രാജ്യത്തെ ജീവനക്കരെ പൊതുമേഖല സ്വകാര്യ മേഖല എന്നിങ്ങനെ വേർത്തിരിച്ച്‌ ചികിൽസാവിവേചന വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇതിലെ ഭരണഘടനാ പ്രശ്നവും മനുഷ്യാവകാശ ലംഘനവും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും, പറയപ്പെട്ട മൂന്ന് ആശുപത്രികളുടെ പ്രവർത്തനം ശക്തമായി നിരീക്ഷിക്കുമെന്നും. ഇന്റെനാഷ്ണൽ ഇസ്ലാമിക്‌ ഓർഗ്ഗനൈസേഷൻ മനുഷ്യാവകാശ വിഭാഗം മേധാവി മുബാറക്‌ അൽ മുതവ്വ വ്യക്തമാക്കി.