അത്യാധുനിക അക്വാട്ടിക് കോംപ്ലക്‌സ് നിര്‍മാണം അന്തിമ ഘട്ടത്തില്‍

Posted on: January 13, 2017 7:24 pm | Last updated: January 13, 2017 at 7:24 pm

ദോഹ: രാജ്യത്ത് നിലവില്‍ വരുന്ന അത്യാധുനിക അക്വാട്ടിക് ആന്‍ഡ് ഫിഷറീസ് റിസര്‍ച്ച് സെന്ററിന്റെ 92 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. അല്‍ ഖോറിലെ റാസ് മത്ബക്തിലാണ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഖത്വറിലെ ആഭ്യന്തര മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെന്റര്‍ സ്ഥാപിക്കുന്നത്.
സമുദ്ര ജീവിതവുമായി ബന്ധപ്പെട്ട് അത്യാധുനിക ഗവേഷണങ്ങളും ഇവിടെ നടക്കും. ഫിഷ് ഫാമിംഗ് പദ്ധതികളുടെ വികസനവും സെന്ററിന്റെ മുന്‍ഗണനയില്‍പ്പെടുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ സെന്റര്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനനേട്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 230 ദശലക്ഷം ഖത്വര്‍ റിയാല്‍ ചെലവഴിച്ച് 1.10 ലക്ഷം സ്‌ക്വയര്‍ മീറ്ററിലായാണ് പുതിയ സെന്റര്‍ ഉയരുന്നത്. ആവശ്യത്തിലധികം മത്സ്യങ്ങള്‍ സംഭരിച്ചു വെക്കുന്നത് ഗണ്യമായി കുറക്കുന്നതിനും കൂടുതല്‍ മത്സ്യോത്പാദനം നടത്തുന്നതിനും സെന്റര്‍ ലക്ഷ്യമിടുന്നു. റിസര്‍ച്ച് സെന്ററില്‍ ഒട്ടനവധി, മത്സ്യ, ചെമ്മീന്‍ ഹാച്ചറികളുണ്ടായിരിക്കും. 2015 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28 ഓഫീസുകള്‍ അടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗും അക്വാട്ടിക് ആന്‍ഡ് ഫിഷറീസ് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായുണ്ടാകും. രണ്ട് മീറ്റിംഗ് ഹാളുകള്‍, ലെക്ചര്‍ ആന്‍ഡ് പ്രസന്റേഷന്‍ ഹാള്‍, ലൈബ്രറി, വിവിധ ആവശ്യങ്ങള്‍ക്കായി പ്രത്യേക ലബോറട്ടറികള്‍, കഫറ്റീരിയകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്.
മത്സ്യോത്പാദന മേഖലയിലെ ഏറ്റവും നവീനമായ സാങ്കേതികവിദ്യകളും അത്യാധുനികമായ ഉപകരണങ്ങളും ഉപയോഗിച്ചാണ് സെന്റര്‍ നിര്‍മിക്കുന്നത്. മത്സ്യ പ്രജനനത്തിന് അനുയോജ്യമായ സാഹചര്യമാണ് സെന്റര്‍ ഒരുക്കുന്നത്. പ്രകൃതി വിഭവങ്ങളുടെയും സമുദ്ര പരിസ്ഥിതിയുടെയും സംരക്ഷണവും സെന്റര്‍ ലക്ഷ്യമിടുന്നു. സെന്ററില്‍ ഉത്പാദിപ്പിക്കുന്ന വിവിധയിനം മത്സ്യങ്ങള്‍ മത്സ്യകൃഷിക്കായി സബ്‌സിഡിയിനത്തില്‍ വില കുറച്ച് നല്‍കും. ഏതു സമയത്തും ഏതിനം മത്സ്യങ്ങളും കൃഷി ആവശ്യങ്ങള്‍ക്കായി മത്സ്യഫാമുകള്‍ക്ക് ലഭ്യമാക്കും. പ്രതിവര്‍ഷ മത്സ്യോത്പാദനം പത്ത് ദശലക്ഷത്തിലധികമായി വര്‍ധിപ്പിക്കാന്‍ പദ്ധതിക്ക് ശേഷിയുണ്ട്. അല്‍ ഖോര്‍, അല്‍ വക്‌റ, ഫര്‍ദത് അല്‍ ദഖീറ മത്സ്യബന്ധന തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിന് മന്ത്രാലയം മറ്റ് അതോറിറ്റികളുമായി ചേര്‍ന്ന് ദേശീയ പദ്ധതി തയാറാക്കുന്നുണ്ട്.
മത്സ്യ, ചെമ്മീന്‍ കൃഷികളില്‍ സ്വകാര്യമേഖലയെ സഹായിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും മന്ത്രാലയം സാമ്പത്തിക, വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മത്സ്യ, ചെമ്മീന്‍ ഫാമുകള്‍ സ്ഥാപിക്കുന്നതിന് സമുദ്ര, തീരപ്രദേശങ്ങള്‍ സ്വകാര്യ മേഖലക്ക് അനുവദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.