Connect with us

National

പാതയോരത്തെ മദ്യവില്‍പനക്ക് ഇളവില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വീണ്ടും സുപ്രീം കോടതി. ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന തടഞ്ഞ വിധിയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ദേശീയ പാതയോരത്ത് മദ്യവില്‍പ്പന തടഞ്ഞ വിധിയില്‍ മാഹിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് ആവര്‍ത്തിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
ദേശീയ, സംസ്ഥാന പാതകളുടെ വശങ്ങളിലുള്ള മദ്യവില്‍പ്പനശാലകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ദേശീയപാതാ അതോറിറ്റി ഇറക്കിയ സര്‍ക്കുലറും വിവിധ ഹൈക്കോടതികളുടെ ഉത്തരവുകളും ചോദ്യം ചെയ്തുള്ള ഹരജികളാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. നിലവിലെ സാഹചര്യത്തില്‍ വിധിയില്‍ ഇളവ് നല്‍കുന്നത് വിധിയുടെ ഉദ്ദേശ്യലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു. പാതയോരത്തെ മദ്യശാലകള്‍ പൂട്ടുകയോ അഞ്ഞൂറ് മീറ്ററെങ്കിലും മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു സുപ്രീം കോടതി വിധി. ഇത് പ്രായോഗികമല്ലെന്നും വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പോണ്ടിച്ചേരി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
ദേശീയപാതയോരത്ത് ഒട്ടേറെ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹിക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വിധി പ്രസ്താവിക്കുമ്പോള്‍ മാഹിക്ക് മാത്രമായി ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും അവക്ക് അടുത്ത മാര്‍ച്ച് 31ന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കരുതെന്നുമാണ് സുപ്രീം കോടതി സംസ്ഥാനങ്ങളോട് ഉത്തരവിട്ടത്.
കോര്‍പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ദേശീയ, സംസ്ഥാന പാതകളുടെ സമീപത്തുള്ള മദ്യവില്‍പ്പനശാലകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ ലൈസന്‍സ് ഉള്ളവക്ക് കാലാവധി തീരുംവരെ പ്രവര്‍ത്തിക്കാമെന്നും അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം അനുവദിക്കരുതെന്നുമാണ് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം. ഒപ്പം മദ്യം ലഭിക്കുന്ന സ്ഥലം വ്യക്തമാക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും ദേശീയ, സംസ്ഥാന പാതകളില്‍ സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മദ്യവില്‍പ്പനശാലകള്‍ ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് കാണാവുന്ന വിധത്തിലോ ഈ പാതകളില്‍ നിന്ന് നേരിട്ടെത്താവുന്ന സ്ഥലത്തോ ആകരുത്, പാതകളുടെയോ അവയുടെ സര്‍വീസ് ലൈനിന്റെയോ അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളിലാകരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിരുന്നു.
അതേസമയം, സുപ്രീം കോടതി വിധി പാതയോരങ്ങളിലെ ബാറുകള്‍ക്ക് ബാധകമാണോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യം ഇന്നലെ കോടതിയുടെ പരിഗണനക്ക് വന്നിരുന്നില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടര്‍ന്നുള്ള റോഡ് അപകടങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതി ഇത്തരമൊരു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest