കാലാവസ്ഥ അറിയാന്‍ ദുബൈ നഗരസഭയുടെ സ്മാര്‍ട് ആപ്

Posted on: January 13, 2017 4:25 pm | Last updated: January 13, 2017 at 3:57 pm
SHARE

ദുബൈ: ദുബൈ നഗരസഭയുടെ ജിയോഡേറ്റിക് ആന്‍ഡ് മറൈന്‍ സര്‍വേ വിഭാഗം പൊതുജനങ്ങള്‍ക്ക് കാലാവസ്ഥാ വിവരണങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ആപ് ഇറക്കി. ‘നജിം സുഹൈല്‍’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ആപ് 16ല്‍ പരം വിവിധ കാലാവസ്ഥാ പരിസ്ഥിതി നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള തത്സമയ റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കും. കാറ്റിന്റെ വേഗത, ദിശ, ശക്തി, അന്തരീക്ഷ ഈര്‍പം, മണ്ണിന്റെ നനവ്, മൂടല്‍മഞ്ഞ്, അന്തരീക്ഷ ഊഷ്മാവ്, ജലതാപം, അന്തരീക്ഷ മര്‍ദം തുടങ്ങി കാലാവസ്ഥാ സംബന്ധിയായ വിഷയങ്ങള്‍ അറിയാനും ആപിലൂടെ സാധിക്കും. നിരീക്ഷണ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തത്സമയം ആപിന്റെ സര്‍വറുമായി ബന്ധിപ്പിച്ചിട്ടുള്ള ഡാറ്റ ബേങ്കിലേക്ക് അയക്കപ്പെടും.

ഇവിടെ നിന്നുമാണ് ആവശ്യാനുസരണം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് പൊതുജനങ്ങളുടെ സ്മാര്‍ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകളിലേക്ക് അയക്കുക. ആപ്ലിക്കേഷന് പുറമെ കാലാവസ്ഥാ വ്യതിയാനത്തെകുറിച്ച് പൊതു ജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിന് നഗരസഭയുടെ സാമൂഹിക മാധ്യമങ്ങളിലുള്ള വിവിധ അക്കൗണ്ടുകളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here