സീറ്റ് മോഹികള്‍ക്ക് രാഹുലിന്റെ പൊടിക്കൈ

Posted on: January 13, 2017 12:42 pm | Last updated: January 13, 2017 at 2:59 pm
SHARE

ന്യൂഡല്‍ഹി: പഞ്ചാബില്‍ സീറ്റ് മോഹികളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൊടിക്കൈ പ്രയോഗം. സംസ്ഥാനത്ത് ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. അതിനിടെ, സീറ്റ് മോഹികളുടെ പരക്കം പാച്ചില്‍ ആരംഭിച്ചതോടെ വിമതഭീതിയിലാലാണ് കോണ്‍ഗ്രസ്.

ഇത് എങ്ങനെ മറികടക്കാമെന്ന് സംസ്ഥാന നേതാക്കളെ വിളിച്ച് രാഹുല്‍ ഗാന്ധി നല്ല ഉപദേശവും നല്‍കിക്കഴിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ്, നേതാക്കളായ അംബികാ സോണി, ആശാ കുമാരി എന്നിവര്‍ക്കാണ് രാഹുല്‍ ഉപദേശവും ദൗത്യവും നല്‍കിയിരിക്കുന്നത്. സീറ്റ് നിഷേധിക്കപ്പെട്ടവരെയെല്ലാം നേരിട്ട് ഫോണില്‍ വിളിച്ചു സംസാരിക്കണം എന്നാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍, സീറ്റ് ലഭിക്കാത്തവര്‍ക്കൊക്കെ ഭരണത്തില്‍ ഉചിതമായ സ്ഥാനം ലഭിക്കുമെന്ന് അവരെ അറിയിക്കുകയാണ് രാഹുല്‍ കണ്ടെത്തിയ പോംവഴി. മാത്രമല്ല, എന്തുകൊണ്ടാണ് അവര്‍ക്ക് സീറ്റ് നിഷേധിച്ചതെന്ന് നേതാക്കള്‍ വിശദീകരിച്ച് കൊടുക്കുകയും വേണമെന്നാണ് രാഹുലിന്റെ നിര്‍ദേശം.
ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങുണരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന ബോധ്യത്തിലാണ് നേതൃത്വം. അതിനിടെയാണ്, ശിരോമണി അകാലിദളും എ എ പിയും വിട്ടുവരുന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുമെന്ന് അമരീന്ദര്‍ സിംഗിന്റെ പ്രഖ്യാപനമുണ്ടായത്. എല്ലാവര്‍ക്കും കൂടി സീറ്റ് പങ്കുവെക്കുമ്പോള്‍ സിറ്റിംഗ് എം എല്‍ എമാര്‍ പോലും സ്ഥാനാര്‍ഥി പട്ടികക്ക് പുറത്താകും എന്ന ഭയമാണ് പലരെയും ഭരിക്കുന്നത്. ഇതോടെ ആഭ്യന്തര കലഹത്തിലേക്ക് നീങ്ങിയ നേതാക്കളെ അനുനയിപ്പിക്കുക എന്ന തന്ത്രമാണ് രാഹുല്‍ പുറത്തെടുത്തത്. ഇനി വിമത ഭീഷണി ഉയര്‍ത്തിയില്ലെങ്കില്‍ പോലും, സീറ്റ് മോഹിച്ച് കിട്ടാത്ത നേതാക്കളെ പല തവണ വിളിക്കണം എന്ന് തന്നെയാണ് രാഹുലിന്റെ നിര്‍ദേശം.