അസാം സ്വദേശിയില്‍ നിന്ന് രണ്ടംഗ സംഘം പണവും മൊബൈല്‍ ഫോണും തട്ടി

Posted on: January 13, 2017 2:41 pm | Last updated: January 13, 2017 at 2:41 pm
തട്ടിപ്പു സംഘം നോട്ടുകെട്ടാണെന്ന് ധരിപ്പിച്ച് നല്‍കിയ കടലാസുകെട്ടുകളുമായി ആസാം സ്വദേശി അബൂസുഫിയാന്‍

തിരൂര്‍: ബേങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിയില്‍ നിന്നും രണ്ടംഗ സംഘം പണവും മൊബൈല്‍ ഫോണും തട്ടി മുങ്ങിയതായി പരാതി. അസാം സ്വദേശിയും പുത്തനത്താണി സംസം ഹോട്ടല്‍ ജീവനക്കാരനുമായ അബൂസുഫിയാന്‍ (25)ആണ് തട്ടിപ്പിനിരയായത്.

തിരൂര്‍ പാന്‍ബാസാറിലെ സ്റ്റേറ്റ് ബേങ്കില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. നാട്ടിലേക്ക് പണം അയക്കാനായി ബേങ്കില്‍ എത്തിയതായിരുന്നു അബൂസുഫിയാന്‍. അബൂസുഫിയാന്റെ കൈവശമുണ്ടായിരുന്ന 26,000 രൂപയും മൊബൈല്‍ ഫോണുമാണ് സംഘം തട്ടിയെടുത്തത്. പണം നിക്ഷേപിക്കാനായി വരി നില്‍ക്കുന്നതിനിടെ തട്ടിപ്പു സംഘത്തിലെ ഒരാള്‍ അബൂസുഫിയാനെ സമീപിച്ച് നാലായിരം രൂപ നിക്ഷേപിക്കാനുണ്ടെന്നും നടപടിക്രമങ്ങള്‍ അറിയില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ഇതു കേട്ട് സുഫിയാന്‍ സഹായിക്കാന്‍ മുതിര്‍ന്നതോടെ താഴെ കൂട്ടുകാരന്‍ നില്‍ക്കുന്നുവെന്നും കൂട്ടുകാരനെ റെയില്‍വേയില്‍ വിട്ട് ഉടന്‍ വരാമെന്നും സഹായം അഭ്യര്‍ഥിച്ചയാള്‍ അറിയിച്ചു. അബൂസുഫിയാനെ ബേങ്കിന് താഴേക്ക് കൂട്ടികൊണ്ടു പോവുകയും അപരിചിതന്‍ താഴെ നിന്നിരുന്ന സുഹൃത്തിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അമ്പതിനായിരം രൂപയുടെ നോട്ടു കെട്ടുകളാണെന്ന് ധരിപ്പിച്ച് ഒരു പൊതി നല്‍കുകയും സുഫിയാന്റെ കയ്യിലുണ്ടായിരുന്ന 26,000 രൂപയും മൊബൈല്‍ ഫോണും വാങ്ങി ഉടന്‍ വരാമെന്ന് പറഞ്ഞ് സംഘം കടന്നുകളഞ്ഞു.
പൊതിക്കുള്ളില്‍ പണമുണ്ടെന്ന് വിശ്വസിച്ചായിരുന്നു അബൂസുഫിയാന്‍ പണവും ഫോണും നല്‍കിയത്. നാട്ടിലേക്ക് പോകാനായി സുഹൃത്തിനെ ഉടന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിടാനുണ്ടെന്നു പറഞ്ഞാണ് സംഘം കടന്നുകളഞ്ഞത്.
കുറച്ചു കഴിഞ്ഞ് അപരിചിതന്‍ തിരികെ വരാതായപ്പോഴാണ് പൊതി തുറന്ന് നോക്കുന്നതും തട്ടിപ്പിനിരയായത് തിരിച്ചറിയുന്നതും. ഉടന്‍ മൊബൈലില്‍ വിളിച്ചെങ്കിലും ഫോണ്‍ ഓഫാക്കിയിരുന്നു. സംഭവത്തില്‍ അബൂ സുഫിയാന്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തട്ടിപ്പു സംഘം ഹിന്ദിയിലാണ് സംസാരിച്ചതെന്നും ഇരുവരെയും മുമ്പ് പരിചയമില്ലെന്നും അബൂസുഫിയാന്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി പുത്തനത്താണിയിലെ സംസം ഹോട്ടലില്‍ തന്തൂരി പാചകക്കാരനാണ് അബൂസുഫിയാന്‍.