999 രൂപക്ക് 4ജി ഫോണുകള്‍; വിപണി കൈയടക്കാന്‍ ജിയോ വരുന്നു

Posted on: January 13, 2017 12:27 pm | Last updated: January 13, 2017 at 12:27 pm
SHARE

ന്യൂഡല്‍ഹി: സൗജന്യ കോള്‍, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവ ഏര്‍പ്പെടുത്തി രാജ്യത്തെ ടെലികോം വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയ റിലയന്‍സ് ജിയോ 999 രൂപക്ക് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. മൊബൈല്‍ ഉപഭോക്താക്കളായ സാധാരണക്കാരെ ലക്ഷ്യംവെച്ചാണ് മുകേഷ് അംബാനിയുടെ ജിയോ റിലയന്‍സ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ പുതിയ ഫോണുകള്‍ വിപണിയിലിറക്കുമെന്നും 999ന്റെയും 1500ന്റെയും രണ്ട് ഫോണുകളാണ് കമ്പനി പുറത്തിറക്കുക.
സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പോലെ 4ജി സൗകര്യത്തോടെ ജിയോയുടെ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കാം. നിലവില്‍ ജിയോ സിം കാര്‍ഡിലെ ഓഫര്‍ അവസാനിക്കുന്ന മാര്‍ച്ചില്‍ തന്നെ പുതിയ ഫോണുകള്‍ പുറത്തിറക്കി ഉപഭോക്താക്കളെ നിലനിര്‍ത്താനാണ് കമ്പനി ലക്ഷ്യംവെക്കുന്നത്.

രാജ്യത്തെ 100 കോടി മൊബൈല്‍ ഉപഭോക്താക്കളില്‍ 65 ശതമാനവും ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. പല കമ്പനികളുടെയും ഫോണുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ കൂട്ടത്തോടെ ജിയോയിലേക്ക് ചുവട് മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ 3,000 മുതല്‍ 4,000 രൂപവരെയാണ് 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണുകളുടെ വില. സാമ്പത്തിക പ്രതിസന്ധി മൂലം സ്മാര്‍ട്‌ഫോണുകള്‍ വാങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് കുറഞ്ഞ വിലക്ക് സ്മാര്‍ട്ട്‌ഫോണിലേത് പോലെ തന്നെ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാവുന്ന ജിയോ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ സ്വാധീനമുണ്ടാക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 2001ല്‍ കുറഞ്ഞ വിലക്ക് മൊബൈലുകള്‍ ഇറക്കി വിപണിയിലെത്തിയ റിലയന്‍സിന്റെ പൂര്‍വകാലം ഓര്‍മപ്പെടുത്തുന്നതാണ് പുതിയ ഫീച്ചര്‍ ഫോണുകളുടെ വരവ്.
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് മുന്‍, പിന്‍ ക്യാമറകള്‍ ഉണ്ടായിരിക്കും. ജിയോ ചാറ്റ്, ജിയോ മണി, ലൈവ് ടിവി അടക്കമുള്ള സേവനങ്ങള്‍ ഉള്‍പ്പെടെ പുറത്തിറങ്ങുന്ന ഫോണുകളില്‍ ജിയോ സിം സൗജന്യമായി നല്‍കും. ജിയോ സിമ്മിലെ നിലവിലെ ഓഫറായ പരിധിയില്ലാത്ത സൗജന്യ കോള്‍, ഇന്റര്‍നെറ്റ് ഉപയോഗം ഈ സിമ്മിനൊപ്പം ഉണ്ടാകുമെന്നും കരുതുന്നു.